തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയായി. ഒരാഴ്ചക്കകം ടാബുലേഷൻ ഉൾപ്പെടെ അനുബന്ധ ജോലികൾ പൂർത്തിയാക്കി മേയ് രണ്ടിന് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനുള്ള നടപടികളാണ് പരീക്ഷാഭവനിൽ പുരോഗമിക്കുന്നത്.
മാർക്കുകൾ ഏറക്കുറെ മൂല്യനിർണയ ക്യാമ്പുകളിൽനിന്ന് പരീക്ഷാഭവനിൽ എത്തിച്ചിട്ടുണ്ട്. അവശേഷിക്കുന്നവ ചൊവ്വാഴ്ചയോടെ എത്തും. ബുധനാഴ്ചയോടെ ടാബുലേഷൻ ജോലികൾ പൂർത്തിയാക്കും. തുടർന്ന്, ഗ്രേസ് മാർക്ക് ചേർക്കൽ നടക്കും. കലാ-കായിക, കായിക മത്സരങ്ങളിൽ പെങ്കടുത്ത വിദ്യാർഥികൾക്കുള്ള ഗ്രേസ് മാർക്കുകൾ ഏറക്കുറെ പരീക്ഷാഭവനിൽ എത്തിയിട്ടുണ്ട്.
ജൂനിയർ റെഡ്ക്രോസ് (ജെ.ആർ.സി) അംഗങ്ങളായ വിദ്യാർഥികൾക്കുള്ള ഗ്രേസ് മാർക്ക് ഇനിയും എത്താനുണ്ട്. ഇവ അടിയന്തരമായി എത്തിക്കാൻ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇൗ വിദ്യാർഥികൾക്കുള്ള ഗ്രേസ് മാർക്ക് ഉത്തരവ് വൈകിയതാണ് പ്രശ്നമായത്. ഏതെങ്കിലും വിദ്യാർഥികളുടെ മാർക്ക് രേഖപ്പെടുത്താൻ വിട്ടുപോയിട്ടുണ്ടോ എന്ന പരിശോധനയും ഇതോടൊപ്പം നടക്കും.
ഏപ്രിൽ 30ന് തന്നെ സമ്പൂർണ പരീക്ഷാഫലം തയാറാക്കാനാണ് ശ്രമം. ഇതിനുശേഷം പാസ്േബാർഡ് യോഗം ചേർന്ന് പരീക്ഷാ ഫലത്തിന് അംഗീകാരം നൽകും. മേയ് ഒന്നിലെ അവധി കഴിഞ്ഞ് രണ്ടിന് ഫലം പ്രസിദ്ധീകരിക്കാനാണ് ശ്രമം. വിദ്യാഭ്യാസമന്ത്രിയുടെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും ഫലപ്രഖ്യാപന തീയതി തീരുമാനിക്കുക. കഴിഞ്ഞ വർഷം മേയ് അഞ്ചിനാണ് ഫലം പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.