തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ അവസാനിച്ചു. ബുധനാഴ്ച ഉച്ചയോടെ ഹയർസെക്കൻഡറി പരീക്ഷകളും വൈകിട്ട് നാലരക്ക് എസ്.എസ്.എൽ.സി പരീക്ഷയും പൂർത്തിയായി. എസ്.എസ്.എൽ.സി വിദ്യാർഥികൾക്ക് രണ്ടാം ഭാഷ ഇംഗ്ലീഷ് ആയിരുന്നു അവസാന പരീക്ഷ.
ഹയർസെക്കൻഡറിയിൽ രണ്ടാംവർഷ വിദ്യാർഥികൾക്ക് ഗാന്ധിയൻ സ്റ്റഡീസ്, ഇംഗ്ലീഷ് ലിറ്ററേച്ചർ, ജിയോഗ്രഫി, ഹോം സയൻസ് എന്നിവയിലും ഒന്നാംവർഷ വിദ്യാർഥികൾക്ക് അക്കൗണ്ടൻസി, സംസ്കൃത ശാസ്ത്ര, കെമിസ്ട്രി എന്നിവയിലുമായിരുന്നു പരീക്ഷ.
എസ്.എസ്.എല്‍.സി സ്കീം ഫൈനലൈസേഷന്‍ മുന്നോടിയായി ചെയർമാന്മാരുടെ യോഗം മാർച്ച് 31ന് എസ്.സി.ഇ.ആർ.ടിയിൽ നടക്കും. സ്കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ ഏപ്രില്‍ മൂന്ന്, നാല് തീയതികളില്‍ പത്ത് കേന്ദ്രങ്ങളിൽ നടത്തും. 54 മൂല്യനിര്‍ണയ കേന്ദ്രങ്ങളിലായി ഉത്തരക്കടലാസ് മൂല്യനിര്‍ണയം ഏപ്രില്‍ ആറ് മുതല്‍ 21വരെ നടത്തും.
964 അഡീഷനൽ ചീഫുമാരെയും 9244 അസി. എക്സാമിനർമാരെയും മൂല്യനിർണയ ജോലികൾക്കായി നിയമിച്ചിട്ടുണ്ട്. 231 അഡീഷനൽ ചീഫുമാരെയും 1813 അസി. എക്സാമിനർമാരെയും റിസർവ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ അവസാനവാരം ഫലം പ്രസിദ്ധീകരിക്കും.
114 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളും 27 ഇരട്ട മൂല്യനിർണയ ക്യാമ്പുകളും 39 ടാബുലേഷൻ കേന്ദ്രങ്ങളുമാണ് ഹയർസെക്കൻഡറിക്കായി ഒരുക്കിയിരിക്കുന്നത്.
മൂല്യനിർണയം ഏപ്രിൽ നാലിന് തുടങ്ങും. മേയ് ആദ്യവാരം രണ്ടാം വർഷ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ ഫലങ്ങൾ പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.