സാങ്കേതിക സർവകലാശാല: പരീക്ഷ അവസാന സെമസ്റ്റർ വിദ്യാർഥികൾക്ക് മാത്രം 

തിരുവനന്തപുരം: അവസാന സെമസ്റ്റർ ഒഴികെയുള്ള എല്ലാ സെമസ്റ്ററുകൾക്കും യൂനിവേഴ്‌സിറ്റി പരീക്ഷ ഒഴിവാക്കുവാൻ സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. യു.ജി.സി നിർദ്ദേശങ്ങൾ പ്രകാരം മുൻ സെമസ്റ്റർ പരീക്ഷകളിലെ ശരാശരി ഗ്രേഡുകൾക്ക് ആനുപാതികമായി മാർക്കുകൾ നൽകുവാനാണ്‌ തീരുമാനം. ഇപ്രകാരം ലഭിക്കുന്ന നൂറു മാർക്കിനൊപ്പം ആഭ്യന്തര മൂല്യനിർണയം വഴി അൻപതിൽ ലഭിച്ച മാർക്ക് ഏകീകരിക്കും. ഈ രണ്ടു മാർക്കുകളും ചേർത്ത് 150 മാർക്കിനാണ് ഗ്രേഡുകൾ നിശ്ചയിക്കുക. ഇതിനൊപ്പം എല്ലാ വിഷയങ്ങൾക്കും അഞ്ച് ശതമാനം പൊതു മോഡറേഷൻ മാർക്കും അധികമായി നൽകും. 

മുൻ സെമെസ്റ്ററുകളിലെ എല്ലാ വിഷയങ്ങളും വിജയിക്കുന്ന മുറക്കാണ്‌ ഈ സെമെസ്റ്റെറി​​​െൻറ ഗ്രേഡ് കാർഡുകൾ വിദ്യാർഥികൾക്ക് നൽകുക. ഇപ്രകാരം ലഭിക്കുന്ന ഗ്രേഡുകൾ തൃപ്തികരമല്ലെങ്കിൽ അവ റദ്ദ്​ ചെയ്യുവാനും തുടർന്ന് അതേവിഷയത്തിലെ അടുത്തപരീക്ഷ എഴുതുവാനും അനുവദിക്കും. നിലവിലെ രണ്ട്, നാല്, ആറ് സെമസ്റ്ററുകളിലെ റഗുലർ വിദ്യാർഥികൾക്കാണ് ഇവ ബാധകമാവുക. ഇതോടൊപ്പം നിലവിലെ രണ്ടാം സെമസ്റ്റർ വിദ്യാർഥികൾക്ക് അവരുടെ ഒന്നാം സെമെസ്റ്ററിലെ ഏതെങ്കിലും രണ്ടുവിഷയങ്ങളിലെ മാർക്കുകൾ മെച്ചപ്പെടുത്തുവാനുള്ള അവസരവും അധികമായി നൽകും.

അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്തണമെന്ന യു.ജി.സി. നിർദേശമുള്ളതുകൊണ്ട് യൂണിവേഴ്‌സിറ്റി നിർദേശങ്ങൾക്കനുസൃതമായി കോളജ് തലത്തിൽ പരീക്ഷ നടത്തും. ഈ പരീക്ഷകളുടെ നടത്തിപ്പിനെപ്പറ്റിയുള്ള വിശദമായ നിർദേശങ്ങളും മറ്റുവിവരങ്ങളും യൂനിവേഴ്സിറ്റി ഉടൻതന്നെ പ്രസിദ്ധപ്പെടുത്തും. ഓരോ വിഷയത്തിലും കോളജ് തലത്തിൽ ലഭിക്കുന്ന മാർക്കുകൾ വിദ്യാർഥികളുടെ മുൻസെമെസ്റ്ററുകളിലെ ശരാശരി ഗ്രേഡുകൾക്ക് ആനുപാതികമായി ഏകീകരിക്കും. ക്യാമ്പസ് പ്ലേസ്മ​​െൻറ്​ വഴി ജോലി ലഭിച്ചവർക്കും വിവിധ സർവകലാശാലകളിൽ ഉന്നതപഠനത്തിനായി പ്രവേശനം ലഭിച്ചവർക്കും പരീക്ഷകൾ നീണ്ടുപോകുന്നതുമൂലം അവസരങ്ങൾ നഷ്ടമാകാതിരിക്കാനാണ് യൂണിവേഴ്സിറ്റി ശ്രമിക്കുന്നതെന്ന് വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീ അഭിപ്രായപ്പെട്ടു. 

യൂനിവേഴ്‌സിറ്റി നിർദേശങ്ങൾക്കനുസരിച്ച് നടത്തുന്ന കോളജ്‌തല പരീക്ഷകൾ വഴി ഗ്രേഡുകൾ നേടുവാൻ താൽപര്യമില്ലാത്ത വിദ്യാർഥികൾക്കും ഈ പരീക്ഷയിൽ ലഭിച്ച ഗ്രേഡുകൾ മെച്ചപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർക്കും സെപ്റ്റംബറിൽ നടത്തുന്ന യൂനിവേഴ്‌സിറ്റി പരീക്ഷകളിൽ അവസരം ലഭിക്കും.
 

Tags:    
News Summary - technical university; exams for last semester exam students only -career and education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT