തിരുവനന്തപുരം: 18 ലക്ഷത്തോളം ഉദ്യോഗാർഥികൾ കാത്തിരിക്കുന്ന വിവിധ വകുപ്പുകളിലെ ക്ലർക്ക് (എൽ.ഡി.സി) തസ്തികയിലേക്ക് ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും ലാസ്റ്റ് ഗ്രേഡ് സെർവന്റ് (എൽ.ജി.എസ്) തസ്തികയിലേക്ക് സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലും പരീക്ഷ നടത്താൻ പി.എസ്.സി കമീഷൻ തീരുമാനിച്ചു. ഇതുസംബന്ധിച്ചുള്ള 2024ലെ വാർഷിക പരീക്ഷ കലണ്ടർ പി.എസ്.സി പ്രസിദ്ധീകരിച്ചു. പൊലീസ് കോൺസ്റ്റബിൾ, വനിത പൊലീസ് കോൺസ്റ്റബിൾ, പൊലീസ് കോൺസ്റ്റബിൾ (മൗണ്ട് പൊലീസ്), സിവിൽ എക്സൈസ് ഓഫിസർ തസ്തികകളിലേക്ക് മേയ്, ജൂൺ, ജൂലൈ മാസങ്ങളിലായും വിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്കൂൾ ടീച്ചർ തസ്തികയിലേക്ക് ജൂൺ മുതൽ ആഗസ്റ്റ് വരെയും എൽ.പി സ്കൂൾ ടീച്ചർ തസ്തികയിലേക്ക് ജൂലൈ മുതൽ സെപ്റ്റംബർ വരെ മാസങ്ങളിലായും ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഒ.എം.ആർ പരീക്ഷകൾ നടത്തും.ഇവക്ക് പ്രാഥമിക പരീക്ഷകളുണ്ടാകില്ല.
കേരള ബാങ്കിൽ അസിസ്റ്റന്റ് മാനേജർ, കെ.സി.എം.എം.എഫിൽ മാർക്കറ്റിങ് ഓർഗനൈസർ, എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ, തദ്ദേശസ്വയംഭരണ വകുപ്പിൽ സെക്രട്ടറി, പൊലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ തുടങ്ങിയ ബിരുദം അടിസ്ഥാന യോഗ്യതയായുള്ള തസ്തികകൾക്ക് ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലായി പൊതു പ്രാഥമിക പരീക്ഷ നടത്തും. പൊതു പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കപ്പെടുന്ന അർഹത പട്ടികകളിൽ ഉൾപ്പെടുന്നവർക്ക് 2024 ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി മുഖ്യപരീക്ഷ നടത്തും. തദ്ദേശ സ്വയംഭരണ വകുപ്പിൽ സെക്രട്ടറി തസ്തികയുടെ മുഖ്യപരീക്ഷക്ക് ഒന്നര മണിക്കൂർ ദൈർഘ്യത്തിൽ 100 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകൾ ഒ.എം.ആർ മാതൃകയിലുണ്ടാകും. പേപ്പർ 1 പൊതുവിഷയങ്ങളും (ജനറൽ സ്റ്റഡീസ്), പേപ്പർ 2 തദ്ദേശ ഭരണ-വികസന തത്ത്വങ്ങളുമായിരിക്കും.
പത്താം തരം യോഗ്യതയായ പൗൾട്രി ഡെവലപ്മെന്റ് കോർപറേഷനിൽ സ്റ്റോർ കീപ്പർ, കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷനിൽ സ്റ്റോർ കീപ്പർ, അച്ചടി വകുപ്പിൽ അസി. ടൈം കീപ്പർ, ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റൻറ്, കേരള പബ്ലിക് സർവിസ് കമീഷൻ/ഗവ.സെക്രട്ടേറിയറ്റ് തുടങ്ങിയവയിൽ ഓഫിസ് അറ്റൻഡൻറ് തസ്തികകൾക്ക് ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി പൊതുപ്രാഥമിക പരീക്ഷ നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന അർഹത പട്ടികകളിൽ ഉൾപ്പെടുന്നവർക്ക് 2025 മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ മുഖ്യ പരീക്ഷ നടത്തും. മുകളിൽ സൂചിപ്പിച്ചിരിക്കുന്ന തസ്തികകളുടെ മുഖ്യപരീക്ഷകൾ ഉൾപ്പെടെയുള്ള വിശദമായ സിലബസുകൾ പി.എസ്.സി വെബ്സൈറ്റിലെ സിലബസ് എന്ന വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.