വടകര: നിർദിഷ്ട തീരദേശപാതയോട് ചേർന്ന് കുഞ്ഞാലിമരക്കാർ പാലം നിർമാണത്തിന് ഭൂമി ഏറ്റെടുക്കാൻ നടപടിയായി. ഇതുസംബന്ധിച്ച സാമൂഹിക ആഘാത പഠന റിപ്പോർട്ട് അംഗീകരിച്ചു. പാലം യാഥാർഥ്യമാവുന്നതോടെ വിനോദസഞ്ചാരമേഖലക്ക് കുതിപ്പാകും.വടകര സാൻഡ് ബാങ്ക്സിനെയും ഇരിങ്ങൽ കോട്ടക്കടവിനെയും ബന്ധിപ്പിച്ച് കുറ്റ്യാടി പുഴക്ക് കുറുകെയാണ് പാലം നിർമിക്കുന്നത്. 547 മീറ്റർ നീളത്തിലുള്ള പാലം നിർമാണത്തിന് 59 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പാലവും അേപ്രാച്ച് റോഡ് നിർമാണത്തിനുമായി വടകര, ഇരിങ്ങൽ വില്ലേജുകളിൽ 2.45 ഏക്കർ ഭൂമി ഏറ്റെടുക്കും.
ഭൂമി നഷ്ടപെടുന്നവർക്ക് സമീപത്തുതന്നെ പുനരധിവാസം ഉറപ്പുവരുത്തണമെന്നും കടലുമായി ബന്ധപ്പെട്ട് ഉപജീവനം മുന്നോട്ടുകൊണ്ടുപോകുന്നവർക്ക് ഭൂമി ഏറ്റെടുത്ത് നൽകണമെന്നും ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും വിദഗ്ധ സമിതി ശിപാർശ ചെയ്തു.
കണ്ണൂർ ആസ്ഥാനമായ കെയ്റോസ് നടത്തിയ സാമൂഹികാഘാത പഠന റിപ്പോർട്ട് ശിപാർശകൾ അംഗീകരിച്ചാണ് നിർമാണത്തിന് അനുമതി നൽകിയത്. കൊളാവി പാലം ആമവളർത്ത് കേന്ദ്രത്തെ പദ്ധതി ബാധിക്കില്ല. 324 മണൽ തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുന്നതിനാൽ പുനഃസ്ഥാപന പ്രവർത്തനങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, വിലനിർണയത്തിന് പ്രത്യേക പാക്കേജ് ഉണ്ടാക്കുക, ഭൂമി ഏറ്റെടുക്കുമ്പോൾ ഉപയോഗരഹിതമാവുന്ന ഭൂമിയും ഏറ്റെടുക്കുക തുടങ്ങി സമിതിയുടെ ശിപാർശകളും അംഗീകരിച്ചിട്ടുണ്ട്.
തീരദേശ ഹൈവേയുടെ 78 കിലോമീറ്റർ ദൂരമാണ് ജില്ലയിലൂടെ കടന്നുപോകുന്നത്. കോട്ടക്കടവ് അഴിമുഖത്തിന് സമീപം കടന്നുപോകുന്നതിനാൽ പ്രകൃതിഭംഗി ഏറെയാണ്. കടലും പുഴയും തുരുത്തും ആസ്വാദിക്കാൻ കഴിയും. കൂടാതെ പുതിയ യാത്രാമാർഗം തുറക്കുന്നതോടെ ചോമ്പാല, കൊയിലാണ്ടി, പുതിയാപ്പ, ബേപ്പൂർ മത്സ്യബന്ധന തുറമുഖങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന പാതയാവും രൂപപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.