പത്തനംതിട്ട: സർക്കാറിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി സാക്ഷരത മിഷനും കൈറ്റ് കേരളയും ചേർന്ന് നടത്തുന്ന ഇ-മുറ്റം ഡിജിറ്റൽ സാക്ഷരത പദ്ധതി ഇരവിപേരൂർ പഞ്ചായത്തിൽ ആരംഭിക്കുന്നു. 14 ജില്ലകളിലെയും തെരഞ്ഞെടുത്ത ഓരോ പഞ്ചായത്തുകളിലാണ് നടപ്പാക്കുന്നത്. കേരളത്തെ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന സംസ്ഥാനമാക്കി മാറ്റുക എന്ന സര്‍ക്കാർ ലക്ഷ്യത്തിന്റെ ഭാഗമാണിത്. സാധാരണ ജനങ്ങളിൽ ഡിജിറ്റൽ മേഖലയെക്കുറിച്ച് പ്രാഥമികവും അടിസ്ഥാനപരവുമായ അവബോധം നല്‍കുക എന്നതാണ് ലക്ഷ്യം. കൈറ്റ് കേരള തയാറാക്കിയ കൈപ്പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഡിജിറ്റൽ സാക്ഷരത ക്ലാസ് നടത്തുന്നത്. പത്ത് മണിക്കൂറാണ് പഠനം. ഡിജിറ്റൽ സംവിധാനങ്ങളുടെ പ്രയോജനം, ദുരുപയോഗം എന്നിവയെക്കുറിച്ച് പഠിക്കാൻ അവസരമൊരുക്കും. എല്ലാവര്ക്കും ഇ-മെയിൽ ഐഡി രൂപപ്പെടുത്തി നല്‍കും. സർക്കാറിന്റെ ഡിജിറ്റല്‍ സേവനങ്ങൾ, ട്രെയിൻ, ബസ്, എയർ ടിക്കറ്റ് ബുക്ക് ചെയ്യല്‍, ബില്ലുകള്‍ അടക്കല്‍ തുടങ്ങിയവ പരിശീലിപ്പിക്കും.
ഇതിനായി എന്‍.എസ്.എസ്, എന്‍.സി.സി വളന്റിറിയര്മാര്, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഇന്സ്ട്രെക്ടര്മാരായി നിയോഗിക്കും. ജനപ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങൾ, സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ഐ.ടി മേഖലയില്‍ പ്രാവീണ്യമുള്ളവര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ജനകീയ കാമ്പയിനായാണ് പദ്ധതി നടപ്പാക്കുന്നത്. 28ന് രാവിലെ 10.30ന് വള്ളംകുളം വിജ്ഞാന് കേന്ദ്രത്തില്‍ പഞ്ചായത്തുതല സംഘാടകസമിതി രൂപവത്കരണ യോഗം ചേരും. പ്രസിഡന്റ് കെ.ബി. ശശിധരന് പിള്ള ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.