കോവിഡ് വ്യാപനം ആരംഭിച്ചിട്ട് 22 മാസം പിന്നിട്ടു. ലോക്ഡൗൺ മൂലം നൂറുകണക്കിന് കിലോമീറ്ററുകൾ നടന്നുപോകേണ്ടിവന്ന ലക്ഷക്കണക്കിന് ജനങ്ങളാണ് ഇക്കാലത്തെ ഏറ്റവും വേദനിപ്പിക്കുന്ന ഓർമ. തൊഴിലും വേതനവും പൊടുന്നനെ നഷ്ടപ്പെട്ടവർക്ക് മറ്റെന്തുചെയ്യാനാകും. നമ്മുടെ സമീപചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പലായനമായി ഇതു വിലയിരുത്തപ്പെടുന്നു. പൊതുജനാരോഗ്യ സംവിധാനത്തിൽ പ്രവാസജീവിതം നയിക്കുന്നവരുടെ പ്രശ്നങ്ങൾ നയരൂപവത്കരണത്തിെൻറ ഭാഗമാകേണ്ടത് എത്ര പ്രധാനമെന്ന് നാം കോവിഡ് പോലൊരു പ്രതിസന്ധിക്കാലത്താണ് മനസ്സിലാക്കുന്നത്.
ഇതു പറയാൻ കാരണമുണ്ട്. സാമ്പത്തിക ശാസ്ത്രത്തിൽ 2021 നൊേബൽ സമ്മാനം ഈ മേഖലയിൽ നടക്കുന്ന ഗവേഷണത്തിനാണ്. ഡേവിഡ് കാർഡ് (David Card), ജോഷ്വാ ആൻഗ്രിസ്റ്റ് (Joshua Angrist), ക്വിഡോ ഇംബൻസ് (Guido Imbens) എന്നീ ഗവേഷകരാണ് സമ്മാനം പങ്കിട്ടത്. ഡേവിഡ് കാർഡ് പ്രധാനമായും തൊഴിൽ സാമ്പത്തിക ശാസ്ത്രമാണ് പഠനവിഷയമാക്കിയത്. സാമ്പത്തികമേഖലയിൽ കാര്യകാരണ ബന്ധങ്ങളിലെ രീതിശാസ്ത്രം കൃത്യമായി അപഗ്രഥിച്ചതാണ് മറ്റു രണ്ടു ഗവേഷകർക്ക് സമ്മാനം നേടിക്കൊടുത്തത്. കാർഡ് ഏറ്റെടുത്ത ഗവേഷണത്തിെൻറ പ്രാധാന്യം നോക്കാം. അടിസ്ഥാന വേതനം, പ്രവാസം, പലായനം, വിദ്യാഭ്യാസം എന്നിവ 1990 മുതൽ അദ്ദേഹത്തിെൻറ പഠനവിഷയങ്ങളായിരുന്നു.
സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ കുറച്ചുപേരുടെ മേൽ പരീക്ഷണമായി നടത്താനാവില്ല. വേതനമില്ലാതെ ജീവിക്കുക, പരിചിതമല്ലാത്ത മറ്റൊരിടത്തു പ്രവാസിയായിക്കഴിയുക തുടങ്ങി ജീവിതാവസ്ഥകളെ പരീക്ഷണവിഷയങ്ങളാക്കാൻ നിയമമോ മൂല്യബോധമോ നമ്മെ അനുവദിക്കുന്നുമില്ല. അപ്പോൾ അവിചാരിതമായി വന്നുചേരുന്ന സാമൂഹികാവസ്ഥകൾ ഉപയോഗിച്ച് പരീക്ഷണങ്ങൾ രൂപകൽപനചെയ്യുക മാത്രമാണ് വഴി. ഏപ്രിൽ 1980നു ശേഷം ക്യൂബയിൽ നിന്ന് മിയാമിയിലേക്ക് വലിയ അഭയാർഥി പ്രവാഹമുണ്ടായി. ഒന്നേകാൽ ലക്ഷത്തോളമാളുകൾ മിയാമിയിൽ എത്തപ്പെട്ടുവെന്നാണ് കണക്ക്. അവർക്കുകൂടി തൊഴിൽ നൽകാൻ ശ്രമമാരംഭിച്ചപ്പോൾ അവിടത്തെ തൊഴിലിടം കലുഷിതമായി. നൈപുണ്യം കുറഞ്ഞ അടിസ്ഥാന തൊഴിൽമേഖലയിലേക്ക് പ്രവാസികളുടെ ഒഴുക്കുണ്ടാകുമ്പോൾ തൊഴിൽ മേഖലക്ക് പിടിച്ചുനിൽകാനാവില്ലെന്നും ലേബർ മാർക്കറ്റ് ഇടിയുമെന്നുമായിരുന്നു അന്നത്തെ അഭിജ്ഞമതം. അതുണ്ടായില്ല. തൊഴിൽസ്വഭാവങ്ങളിൽ മിയാമിയിൽ വന്ന മാറ്റവും സമാനമായ കാലത്തു മറ്റിടങ്ങളിൽ വന്ന മാറ്റങ്ങളും തമ്മിൽ താരതമ്യപ്പെടുത്തിയപ്പോൾ ലേബർ മാർക്കറ്റ് ഇടിയുന്നില്ല; പ്രവാസികളുടെ തള്ളിക്കയറ്റമുണ്ടാക്കിയ സ്വാധീനം ശൂന്യം (null) ആയിരുന്നു എന്ന കണ്ടെത്തലുമുണ്ടായി.
നമ്മുടെ ജീവിതസാഹചര്യത്തിലും ഇതുതന്നെ കാണാം. കേരളത്തിലെ തൊഴിലിടങ്ങളിൽ പ്രവാസിതൊഴിലാളികളെ കഴിഞ്ഞ കുറേവർഷങ്ങളായി ധാരാളമായി കാണുന്നുണ്ട്. എന്നാലിത് തൊഴിൽ സംഘർഷമുണ്ടാക്കിയതിനോ തദ്ദേശീയരുടെ തൊഴിൽസാധ്യത ഇല്ലാതാക്കിയതായോ തെളിവുകളില്ല. അതിഥിത്തൊഴിലാളികളുടെ സാന്നിധ്യം ഗണ്യമായി കാണുന്ന പട്ടണങ്ങളിലും തൊഴിൽനഷ്ടം ഉള്ളതായും പറയുന്നില്ല. പ്രവാസികളുടെ വരവുമൂലം ആതിഥേയ സമ്പദ്ഘടനക്ക് കോട്ടം തട്ടുകയല്ല, മെച്ചപ്പെടുകയാണ് ചെയ്യുന്നത്. ഉയർന്ന സേവന-വേതന സാഹചര്യങ്ങൾ ലഭിക്കുന്നതിനാൽ അതിഥിത്തൊഴിലാളികളുടെയും കുടുംബത്തിെൻറയും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി സാമൂഹികാവസ്ഥയിൽ മാറ്റമുണ്ടാകുന്നു.
മറ്റൊരു മേഖലയിൽ കൂടി ഡേവിഡ് കാർഡ് ശ്രദ്ധേയ സംഭാവന നടത്തിയിട്ടുണ്ട്. മിനിമം വേതനം പരിഷ്കരിക്കുന്നതിെൻറ ശാസ്ത്രീയത കണ്ടെത്താനുള്ള ശ്രമമാണത്. അടിസ്ഥാനവേതനം ഉയർത്തിയാൽ സ്ഥാപനത്തിെൻറ സാമ്പത്തിക ഭദ്രത ദുർബലമാകുമെന്നും തൊഴിൽനഷ്്ടം അനിവാര്യമാകുമെന്നും പൊതുവെ കരുതപ്പെടുന്നു. ചെലവ് വർധിക്കുമ്പോൾ തൊഴിൽസാധ്യതക്ക് മങ്ങലേൽക്കുമെന്ന സാമൂഹികപാഠമാണിതിനു പിന്നിൽ. അമേരിക്കൻ സാമ്പത്തികശാസ്ത്ര സംഘടന 1978 ൽ നടത്തിയ സർവേ പ്രകാരം 90ശതമാനം വിദഗ്ധരും ഇപ്രകാരമാണ് വിശ്വസിച്ചിരുന്നത്, എന്നാൽ 2000 ആയപ്പോഴേക്കും വിശ്വാസം 46 ശതമാനമായി ചുരുങ്ങി. ഇതിനിടെ കാർഡ്, ക്രുഗർ എന്നിവർ തങ്ങളുടെ ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അമേരിക്കയിലെ രണ്ടു പ്രവിശ്യകളിലെ ഫാസ്റ്റ് ഫുഡ് ശൃംഖല മിനിമം വേതന വർധനയോട് പ്രതികരിച്ച രീതിയാണ് പഠനവിഷയം. ഒരിടത്ത് വേതനവർധനയുണ്ടായി, മറ്റിടത്ത് ഉണ്ടായില്ല. വേതനവർധനയുണ്ടായ പ്രവിശ്യയിൽ തൊഴിൽ വെട്ടിക്കുറക്കലും ഉണ്ടായില്ല. അതായത്, വേതനവർധന 'ശൂന്യ'സ്വാധീനമാണ് തൊഴിൽ മാർക്കറ്റിൽ സൃഷ്ടിക്കുന്നതെന്നർഥം.
ലോകമെമ്പാടും കാർഡിെൻറ ഗവേഷണം സാമ്പത്തികാസൂത്രണ മോഡലായി മാറിയെന്നത് സത്യം. പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ ബ്രിട്ടനിൽ മിനിമം വേതനപരിഷ്കാരം നടപ്പാക്കിയത് കാർഡ്, ക്രുഗർ മോഡൽ പ്രകാരമായിരുന്നു. തുടക്കത്തിൽ തൊഴിൽ നഷ്ടം ചൂണ്ടിക്കാട്ടി പ്രതിപക്ഷം എതിർത്തെങ്കിലും പിന്നീട് പാർട്ടിഭേദെമന്യേ സമവായം രൂപപ്പെട്ടുവന്നു. അമേരിക്കയിലും മിനിമം വേതന വർധനക്കായുള്ള ആവശ്യം ശക്തിപ്പെട്ടു. ഫ്ലോറിഡ ഘട്ടം ഘട്ടമായി വേതനം പരിഷ്കരിക്കാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. മറ്റു പ്രവിശ്യകളുടെ ആസൂത്രണത്തിനുമേലിത് സമർദമുണ്ടാക്കുമെന്നുറപ്പാണ്. വ്യക്തമായ ആസൂത്രണത്തോടെ അടിസ്ഥാന വേതന പരിഷ്കാരം നടപ്പാക്കിയാൽ ബിസിനസ് നഷ്ടത്തിലാകുമെന്നോ തൊഴിൽ നഷ്ടമുണ്ടാകുമെന്നോ കാർഡ്, ക്രുഗർ മോഡൽ പറയുന്നില്ല. നീണ്ട സമരങ്ങൾ മൂലം കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാരുടെ വേതനം പരിഷ്കരിച്ചത് ഓർക്കുമല്ലോ. തന്മൂലം തൊഴിൽനഷ്ടമുണ്ടായതായ പരാതിയും ഇതുവരെ കേട്ടിട്ടില്ല.
കോവിഡ് കാലത്തെ ഇന്ത്യയിൽ ഡേവിഡ് കാർഡ് സിദ്ധാന്തം എങ്ങനെ പ്രയോഗത്തിൽ വന്നുവെന്ന് നോക്കാം. ഏകദേശം 37ശതമാനം പേർക്കാണ് തൊഴിൽ തേടി ഇതരസംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവരുന്നത്. ഇത് അനേകം ലോകരാജ്യങ്ങളുടെ ജനസംഖ്യയെക്കാൾ കൂടുതലാണ്. കോവിഡ് കാലത്ത് ഇന്ത്യയിൽ ചാക്രികരീതിയിൽ പലായനം നടക്കുകയുണ്ടായി. ഇതിനെക്കുറിച്ചു ജോഷി ജെസ്ലിൻ, ജോൺ റോമാട്ടെ തുടങ്ങിയവർ ഒക്ടോബർ 2021ൽ വിശദമായ ഒരു പ്രബന്ധം രചിക്കുകയുണ്ടായി. കോവിഡിന് മുമ്പുതന്നെ അടിസ്ഥാന തലത്തിൽ പണിയെടുക്കുന്ന പ്രവാസി തൊഴിലാളികളുടെ ജീവിതം ക്ലേശകരമായിരുന്നു. ദാരിദ്ര്യം, പോഷണക്കുറവ്, സ്വന്തം സംസ്കാരത്തിൽ നിന്നുളള പരിത്യാഗം, സാമൂഹികസുരക്ഷ മാർഗങ്ങളുടെ അഭാവം, ഭാഷപരമായ പ്രയാസങ്ങൾ, സ്വത്വബോധത്തിൽ ഉണ്ടാകുന്ന വിള്ളലുകൾ, ആരോഗ്യ പരിരക്ഷയുടെ അഭാവം, വിദ്യാഭ്യാസ ന്യൂനതകൾ, സാമ്പത്തിക പരാധീനതകൾ തുടങ്ങി അനേകം പ്രശ്നങ്ങൾ പ്രവാസജീവിതത്തിെൻറ അനുഭവമായിരുന്നു.
ഈ സാഹചര്യത്തിൽ ലോക്ഡൗൺ വന്നാലുണ്ടാകുന്ന അവസ്ഥ ചിന്തിക്കാവുന്നതേയുള്ളൂ. തൊഴിലും വേതനവും നഷ്ടപ്പെടുകയും പൂർണമായി അനാഥവത്കരിക്കപ്പെടുകയും, സുരക്ഷിതത്വം, ഭക്ഷണം, ആരോഗ്യം എന്നീ അടിസ്ഥാന ജീവിത ഘടകങ്ങൾ നഷ്ടപ്പെടുകയും ചെയ്തനിലയിലാണ് കൂട്ടപ്പലായനം നടക്കുന്നത്. യാത്രസംവിധാനങ്ങൾ സ്തംഭിച്ചപ്പോൾ അവർ നടന്നുതുടങ്ങി. വെള്ളവും ഭക്ഷണവും പോലും കിട്ടാനില്ലാത്ത അവസ്ഥയിലൂടെ കടന്നുപോയി. കോവിഡ് മാനദണ്ഡങ്ങളായ സാമൂഹിക അകലം, കൈകഴുകൽ എന്നിവയും അക്കാലത്ത് സാധ്യമായിരുന്നില്ല. വഴിയിൽ മരിച്ചുവീണവർതന്നെ അനവധിയാണ്. തൊഴിൽ നഷ്ടപ്പെടാത്തവരുടെ വേതനം വെട്ടിച്ചുരുക്കപ്പെട്ടു, താമസിക്കാനിടം നഷ്ടപ്പെട്ടു.
ഡേവിഡ് കാർഡിെൻറ പഠനങ്ങൾ എത്രപ്രസക്തമാണെന്ന് നമുക്ക് കാണാൻകഴിയുന്നു. പ്രവാസികൾ തദ്ദേശവാസികളുടെ തൊഴിൽ സാധ്യത നഷ്ടപ്പെടുത്തുന്നില്ല എന്ന കാർഡ്, ക്രുഗർ സിദ്ധാന്തത്തിൽ തർക്കമില്ലാത്തതിനാൽ നാം ആലോചിക്കേണ്ടത് അവരുടെ സംഭാവനയിലൂടെ തദ്ദേശ സമ്പദ്ഘടന എത്രത്തോളം പുഷ്്ടിപ്പെട്ടു എന്നാണ്. 50 കോടിയോളം വരുന്ന പ്രവാസി തൊഴിലാളികൾ വലിയ ജനവിഭാഗമാണ്. അവർ മിനിമം വേതനം, അടിസ്ഥാന പാർപ്പിടം, വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവ അർഹിക്കുന്നുവല്ലോ. അവയുണ്ടായിരുെന്നങ്കിൽ ലോക്ഡൗൺ കാലത്തെ മാസ് മൈഗ്രേഷന് തീർച്ചയായും അയവുണ്ടായിരുന്നേനെ. കോവിഡ് രോഗം പട്ടണങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക് പോകുന്നത് തടയാനും നമുക്കായേനെ. ലോക്ഡൗൺ പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനുള്ളിൽ ദാരിദ്ര്യത്തിലേക്ക് വീഴും വിധം അഭദ്രമായ ജീവിതം പുറത്തറിഞ്ഞതുതന്നെ എപിഡെമിക് മൂലമാണ്. ലോക്ഡൗൺ അതിവേഗം ദാരിദ്ര്യവും രോഗാതുരതയും വർധിപ്പിച്ചതായി പല സന്നദ്ധപ്രവർത്തകരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പിന്നീട് വന്ന പഠനങ്ങളും ഇതുതന്നെ സൂചിപ്പിക്കുന്നു.
സാമ്പത്തികശാസ്ത്ര വിദഗ്ധനായ അഭിജിത് ബാനർജിയും കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി ജനങ്ങളിൽ പണം എത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് ഏപ്രിൽ 2020ൽ തന്നെ പറയുകയുണ്ടായി. മാർക്കറ്റ് ചലിച്ചുതുടങ്ങുമ്പോൾ ഡിമാൻഡ് സൃഷ്ടിക്കാനും ഏറ്റവും പാർശ്വവത്കരിക്കപ്പെട്ടവരിൽ ആത്മവിശ്വാസം വളർത്താനും അതുപകരിക്കുമെന്നതിൽ സംശയമില്ല. മേയ് 2020 അദ്ദേഹം ദാരിദ്ര്യം അനുഭവിക്കുന്നവരിൽ 1000 രൂപയെങ്കിലും പണമായി എത്തിക്കുന്നതാണ് വേണ്ടതെന്ന അഭിപ്രായം മുന്നോട്ടുവെച്ചു. കോവിഡ് വ്യാപനത്തിൽ അനിയന്ത്രിതമായ ദാരിദ്ര്യവത്കരണവും ചാക്രികപലായനവും എന്തെല്ലാം പങ്കുവഹിച്ചിട്ടുണ്ടെന്ന് വരും കാലത്തെ പഠനങ്ങൾക്കായി കാത്തിരിക്കാം. എന്നാൽ, ഡേവിഡ് കാർഡ് മുന്നോട്ടുവെച്ച ആശയങ്ങൾ അതിഥിത്തൊഴിലാളികളുടെ ആസൂത്രണത്തിൽ പ്രതിഫലിക്കേണ്ട സമയം എത്തിക്കഴിഞ്ഞു. മെച്ചപ്പെട്ട ആരോഗ്യ സംവിധാനം, സ്ഥിരവരുമാനം, മെച്ചപ്പെട്ട പാർപ്പിടം ആരോഗ്യപരിചരണത്തിൽ ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങൾ തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.