നമ്മുടെ സ്കൂളുകൾ വിദ്യാർഥികൾക്കായി ഒരുങ്ങിത്തുടങ്ങി. കുട്ടികൾ സ്കൂളിലേക്ക് തിരിച്ചെത്തുന്നത് എന്തുകൊണ്ടും സ്വാഗതാർഹമാണ്. എന്നാൽ, മാതാപിതാക്കൾക്കും പൊതുസമൂഹത്തിനുതന്നെയും ഇതേക്കുറിച്ച് വലിയ ആശങ്കകളുമുണ്ട്. കുട്ടികൾക്ക് കോവിഡ് ബാധിക്കുകയും അത് വീണ്ടുമൊരു രോഗതരംഗത്തിന് കാരണമാകുമെന്നും ചിലരെങ്കിലും കരുതുന്നു. കുട്ടികളെ ഉത്കണ്ഠാകുലരാക്കാതെ പ്രായോഗിക മാർഗങ്ങൾ അവലംബിക്കുകയും കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷത്തിലെ പഠനാനുഭവം ഒരുക്കുകയും ചെയ്യുന്നതിനിയും വൈകിക്കുന്നതിൽ അർഥമില്ല.
കുട്ടികളിൽ കോവിഡ് ബാധിക്കുന്നതു സംബന്ധിച്ച അനേകം സംശയങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. അതിലൊന്ന് കുട്ടികളെ ഡെൽറ്റ വൈറസ് അധികമായി ബാധിക്കുമെന്നതാണ്. നിലവിൽ ഇങ്ങെനയൊരു സാധ്യതയില്ല. രോഗസാധ്യത കുട്ടികളിൽ ഇപ്പോഴും കുറവുതന്നെയാണ്. ഡെൽറ്റ അതിവേഗം വ്യാപിക്കുന്നതിനാൽ മുതിർന്നവർ പെട്ടെന്ന് രോഗബാധിതരാകുന്നു. വർധിച്ചുകാണുന്ന സംഖ്യകൾ ഇതാണ് സൂചിപ്പിക്കുന്നത്. എന്നാൽ, കോവിഡ് മൂലം ആശുപത്രിയിൽ എത്തുന്നവരിൽ നാലു ശതമാനം മാത്രമാണ് കുട്ടികൾ.
സ്കൂൾ പൂട്ടിയതിനുശേഷം, ഭാഷയിലും ഗണിതത്തിലും കുട്ടികൾ കൈവരിച്ച നേട്ടങ്ങൾക്ക് പ്രകടമായ കുറവുണ്ടായതായി പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. അടഞ്ഞുകിടക്കുന്ന സ്കൂളുകൾ കുട്ടികളുടെ പഠനാനുഭവം മാത്രമല്ല തടയുന്നത്. ഇക്കാര്യത്തിൽ യൂനിസെഫ് നടത്തിയ അന്വേഷണം അനേകം സാമൂഹികഘടകങ്ങൾ കൂടി കണ്ടെത്തുകയുണ്ടായി. ഓൺലൈൻ പാഠ്യപദ്ധതിയിൽ അടിക്കടിയുണ്ടാകുന്ന വിഘ്നങ്ങൾ മൂലം കുട്ടികൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാകുന്നില്ല. മുൻദിവസങ്ങളിൽ പഠിച്ചകാര്യങ്ങൾ മനസ്സിൽ പതിയാത്തതിനാൽ സാമൂഹിക, സാമ്പത്തിക കാലാവസ്ഥയിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾ പഠനത്തിൽ പിന്നിലാകാൻ സാധ്യതയേറും. സ്കൂളുകൾ കുറെയെങ്കിലും ഭക്ഷണം ഉറപ്പാക്കുന്നതിനാൽ ദീർഘകാലത്തെ അടച്ചിടൽ കുട്ടികളുടെ ആരോഗ്യത്തെയും ഇതിനകം ബാധിച്ചിട്ടുണ്ട്. ഓൺലൈൻ വിദ്യാഭ്യസത്തെ കുറിച്ചുള്ള അറിവ് രക്ഷാകർത്താക്കൾക്ക് പരിമിതമായതിനാൽ എന്തെങ്കിലും രീതിയിൽ ഗുണപരമായ മേൽനോട്ടം നടത്താൻ അവർക്ക് ആകുന്നുമില്ല. ഓൺലൈൻ, വിദൂര വിദ്യാഭ്യാസങ്ങൾ കാര്യക്ഷമമാക്കാൻ മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ, ലോജിസ്റ്റിക്സ് എന്നിവ അനിവാര്യമാണ്.
സ്കൂളുകൾ സത്യത്തിൽ കുട്ടികൾക്ക് സുരക്ഷിത സ്ഥലമാണ്. പലവിധമുള്ള പീഡനങ്ങളും ഏറിയതോതിൽ ഗൃഹാന്തരീക്ഷത്തിൽനിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സ്കൂളുകളിൽ എല്ലാം ശുഭകരമാണെന്നല്ല; അനഭിലഷണീയമായി എന്തെങ്കിലും നടന്നാൽ പുറത്തറിയാനുള്ള സാധ്യത സ്കൂളന്തരീക്ഷത്തിൽ കൂടും. തൊഴിൽതേടി പോകേണ്ടിവരുന്ന മാതാപിതാക്കൾക്ക് അടഞ്ഞുകിടക്കുന്ന സ്കൂളുകൾ മറ്റൊരു ബാധ്യതയാണ്. ഒറ്റപ്പെടുന്ന കുട്ടികൾക്ക് സമപ്രായക്കാരുമായുള്ള ഒത്തുചേരൽ, പാഠ്യേതര വിദ്യാഭ്യാസം, സാമൂഹികവത്കരണം, വ്യായാമം, സ്പോർട്സ് എന്നിങ്ങനെ പലമേഖലകളിലും അവസരങ്ങൾ കുറയും. കൃത്യമായ അവസരങ്ങളിൽ നടക്കുന്ന പരീക്ഷകൾ, പ്രോജക്ടുകൾ എന്നിവ ദുർബലപ്പെടുമ്പോൾ പഠന പുരോഗതി അളക്കാനാകുന്നുമില്ല.ചുരുക്കത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ പുനരാരംഭിക്കണം എന്ന വാദത്തിന് ശക്തമായ ന്യായങ്ങളുണ്ട്.
ലോകമെമ്പാടും നടന്ന സർവേ ഫലങ്ങൾ അനുസരിച്ച് ആകെ കോവിഡ് പോസിറ്റിവ് ആയവരിൽ 8.5 ശതമാനം മാത്രമാണ് പതിനെട്ടിൽ താഴെ പ്രായമുള്ളവർ. മറ്റു രോഗങ്ങളില്ലാത്തവരാണെങ്കിൽ തീവ്രത കാണാറുമില്ല. അതിനാൽ കുട്ടികളിൽ എന്തെങ്കിലും പ്രതിരോധ ഔഷധമോ ഉൽപന്നമോ പ്രയോഗിക്കുന്നുവെങ്കിൽ പാർശ്വഫലങ്ങൾ തിട്ടപ്പെടുത്തി ഫലപ്രാപ്തി ഉറപ്പാക്കിയിരിക്കണം. കോൺടാക്ട് ട്രേസിങ്, ക്ലസ്റ്റർ പഠനം എന്നിവ പഠനവിധേയമാക്കിയപ്പോൾ കണ്ടതും സമാനമായ കാര്യമാണ്. പത്തുവയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ സമൂഹത്തിലോ കുടുംബത്തിലോ പ്രധാന വൈറസ് വാഹകർ ആകുന്നില്ല. അതിനാൽ അപ്രതീക്ഷിതമായ തരംഗം പുതുതായി ആവിർഭവിക്കാനും സാധ്യത കാണുന്നില്ല.
ലോകാരോഗ്യ സംഘടന ഇതിനകം വിവിധ പ്രദേശങ്ങളിൽനിന്നു കുട്ടികളിലെ കോവിഡ് വ്യാപനരീതിയുടെ ഡേറ്റ ശേഖരിച്ചിട്ടുണ്ട്. സ്കൂളുകളിൽ വ്യാപനം ആരംഭിക്കുന്നതെപ്പോഴും മുതിർന്നവരിൽനിന്നുതന്നെ. ജീവനക്കാരിൽനിന്ന് ഇതരജീവനക്കാരിലേക്കുള്ള വ്യാപനം കുട്ടികളിലേക്കുള്ള വ്യാപനത്തെക്കാൾ ശക്തമെന്നാണ് പഠനങ്ങൾ. കൂട്ടംകൂടൽ വർധിക്കുകയും മാസ്ക്, കൈകഴുകൽ, ശാരീരിക അകലം എന്നിവ പാലിക്കാതിരിക്കുകയും ചെയ്താൽ സ്കൂൾ ക്ലസ്റ്ററുകൾ ഉണ്ടാകാതെയുമിരിക്കില്ല.
വെന്റിലേഷൻ കുറഞ്ഞ അടഞ്ഞ മുറികൾ, ക്ലാസുമുറിയിലെ ബഹളം, ഒച്ചവെക്കൽ, ശാരീരിക അകലം പാലിക്കാത്ത പ്രവർത്തനങ്ങൾ എന്നിവ കോവിഡ് വ്യാപനത്തിന് സാധ്യതയൊരുക്കുന്നു. സ്കൂൾ മാനേജ്മെൻറ് ശ്രദ്ധിച്ചാൽ മെച്ചപ്പെടുത്താവുന്ന ഘടകങ്ങളാണിവ. സ്കൂളിൽ കൈകഴുകൽ സൗകര്യങ്ങൾ, വേണ്ടത്ര ശുചിമുറികൾ, ഭക്ഷണം കഴിക്കുന്നതിൽ പ്രത്യേക ശ്രദ്ധ എന്നിവ രോഗവ്യാപനസാധ്യത കുറയ്ക്കും.
ഇതോടൊപ്പം ചേർത്തുകാണേണ്ട മറ്റൊരാശയമാണ് കുട്ടികൾക്കുചുറ്റും സുരക്ഷാവലയം തീർക്കുകയെന്നത്. മുതിർന്നവരിൽനിന്ന് കുട്ടികളിലേക്കാണ് രോഗം പകരുന്നതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നതിനാൽ ചുറ്റും രോഗസാധ്യതയില്ലാത്തവർ മതി എന്ന നിലപാട് ഗുണം ചെയ്യും. അതിനാൽ, കുട്ടികളുമായി സാമീപ്യമോ സമ്പർക്കമോ ഉണ്ടാകാൻ സാധ്യതയുള്ള മുതിർന്നവരെല്ലാം നിർബന്ധമായും വാക്സിൻ സ്വീകരിച്ചിരിക്കണം. ഇതിൽ അധ്യാപകർ, സ്കൂൾ ജീവനക്കാർ, സന്ദർശകർ, മാതാപിതാക്കൾ, കുട്ടികളുമായി ബന്ധപ്പെടാനിടയുള്ള മറ്റുള്ളവർ എല്ലാം ഉൾപ്പെടും. കേരളത്തിലിപ്പോൾ ടാർഗറ്റ് വിഭാഗത്തിൽ ഒരു ഡോസെങ്കിലും വാക്സിൻ സ്വീകരിച്ചവർ 90 ശതമാനം കവിഞ്ഞിരിക്കുന്നതിനാൽ ഇത് നടപ്പാക്കാനെളുപ്പമാണ്.
കുട്ടികൾക്ക് വാക്സിൻ ഇല്ലെന്നത് പ്രശ്നമല്ല. കുട്ടികൾക്ക് ചുറ്റും വാക്സിൻ സൃഷ്ടിക്കുന്ന വേലിയുണ്ടാകണം എന്നതാവണം നമ്മുടെ ചിന്ത. വാക്സിൻ ഫലവത്താണോ എന്ന സംശയം ഇനി പ്രസക്തമല്ല. ഇന്ത്യയിൽനിന്നും മറ്റുരാജ്യങ്ങളിൽനിന്നും പുറത്തുവരുന്ന കണക്കുകൾ വാക്സിൻ കാര്യക്ഷമമായി പ്രവർത്തിക്കുന്നതായി സാക്ഷ്യപ്പെടുത്തുന്നു. വാക്സിൻ എടുത്തവർക്കും കോവിഡ് വരുന്നുണ്ടല്ലോ എന്ന സംശയം ചിലർ ചോദിക്കാറുണ്ട്. ഒരാൾക്ക് പൂർണമായ പരിരക്ഷ ലഭിച്ചുവെന്നുപറയാൻ രണ്ടു ഡോസ് വാക്സിൻ എടുത്ത് രണ്ടാഴ്ച കഴിഞ്ഞിരിക്കണം. അങ്ങെനയുള്ളവരിൽ കോവിഡ് ബാധ അഞ്ചു ശതമാനം മാത്രമായിരിക്കും. അവരിൽനിന്ന് രോഗവ്യാപനം കുറവുമായിരിക്കും എന്നും കാണുന്നു. ഡെൽറ്റ വൈറസിനുൾെപ്പടെ കോവിഡ് പ്രതിരോധം ഇന്നത്തെ നിലയിൽ ഏറ്റവും ഫലപ്രദമായി കാണുന്നത് വാക്സിന് തന്നെയാണ്.
ചുരുക്കത്തിൽ കുട്ടികൾ സ്കൂളിലേക്ക് മടങ്ങുമ്പോൾ അവർക്കുചുറ്റും അദൃശ്യമായ സുരക്ഷാവലയം ഉണ്ടായിരിക്കണം. അത് സാധ്യമാകാൻ പല നിർണായകമായ ഇടപെടലുകളുമാവശ്യമായിവരും. കോവിഡ് പ്രതിരോധ പെരുമാറ്റരീതികൾ കുട്ടികളിൽ എത്തിക്കുകയും അവരിൽ ശാസ്ത്രാവബോധം വളർത്തുകയും ചെയ്യുന്നത് വളർന്നുവരുന്ന തലമുറയിൽ നാം ചെയ്യുന്ന ഉത്തമനിക്ഷേപമായി കരുതണം. പഠനമാരംഭിക്കുന്ന സ്കൂളുകൾ സുരക്ഷിതമാക്കാനും പുതിയ ക്ലസ്റ്ററുകൾ തടയാനും എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് വിവരിക്കുന്ന ലഘുലേഖകൾ ലോകാരോഗ്യ സംഘടന ഇതിനകം പുറത്തുവിട്ടിട്ടുണ്ട്. സ്കൂളുകൾക്ക് തങ്ങളുടെ ധനവിഭവങ്ങളുടെ മേൽ സമ്മർദമുണ്ടാക്കാതെ കുട്ടികളിൽ കോവിഡ് പ്രതിരോധമെങ്ങനെ സാധ്യമാക്കാമെന്ന് ഈ രേഖകൾ വിവരിക്കുന്നു. ശാസ്ത്രീയമായ അറിവുകൾ ഉപയോഗിച്ച് കുട്ടികൾക്ക് സുരക്ഷ തയാറാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.