വായ ശരീരത്തിന്റെ കണ്ണാടിയാണെന്ന് പറയാറുണ്ട്. കാരണം, ശരീരത്തിലുണ്ടാകുന്ന രോഗങ്ങളുടെ ബാഹ്യ സൂചനകൾ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ വായക്കുള്ളിലൂടെയാണ് പ്രകടമാവുക. ചികിത്സതേടി ഡോക്ടറെ കാണുമ്പോൾ മിക്കപ്പോഴും രോഗനിർണയം നടത്തുന്നതിന് മുമ്പായി അദ്ദേഹം വായ പരിശോധിക്കും. ശരീരത്തിന്റെ ഊർജസ്വലതക്കെന്നപോലെ മാനസികാരോഗ്യത്തിനും സൗഖ്യത്തിനും ദന്താരോഗ്യം പ്രധാനമാണെന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്.
വേൾഡ് ഡെന്റൽ ഫെഡറേഷൻ (എഫ്.ഡി.ഐ) എല്ലാ വർഷവും മാർച്ച് 20ന് ലോക ദന്താരോഗ്യ ദിനമായി ആചരിക്കുന്നുണ്ട്. ദിനാചരണത്തിന് ഈ തീയതി പ്രത്യേകമായി തെരഞ്ഞെടുക്കുന്നതിന്റെ കാരണം താഴെ പറയുന്നവയാണ്:
● ജീവിതാന്ത്യം വരെ മുതിർന്ന പൗരന്മാർക്ക് കേടില്ലാത്ത 20 പല്ലുകൾ നിലനിൽക്കുന്നുണ്ടെങ്കിൽ ആരോഗ്യകരമായി പരിഗണിക്കപ്പെടും.
● കുട്ടികൾക്ക് നിർബന്ധമായും 20 പാൽപല്ലുകൾ ഉണ്ടാകണം.
● ആരോഗ്യമുള്ള മുതിർന്നവർക്ക് 32 പല്ലുകൾ ഉണ്ടാവുകയും ദന്തക്ഷയം ഇല്ലാതിരിക്കുകയും വേണം.
● സംഖ്യാശാസ്ത്ര പ്രകാരം ഇതിനെ 3/20 അഥവാ മാർച്ച് 20 ആയി പരിഗണിക്കുന്നു.
ദന്തരോഗങ്ങളുടെ ഭാരം കുറക്കുന്നതിന് ലോകം ഈ ദിനത്തിൽ ഒന്നിക്കണമെന്ന് എഫ്.ഡി.ഐ അഭ്യർഥിക്കുന്നു. കാരണം ഇത് ആഗോളതലത്തിൽ വ്യക്തിഗത ആരോഗ്യത്തെയും ആരോഗ്യ പരിപാലന സംവിധാനത്തെയും ബാധിക്കും. അതിനാൽ മികച്ച ദന്താരോഗ്യം ഉറപ്പാക്കാൻ അറിവ്, ഉപകരണങ്ങൾ, ആത്മവിശ്വാസം എന്നിവ വഴി ജനങ്ങളെ ശാക്തീകരിക്കണം. 'വായയെ കുറിച്ച് അഭിമാനിക്കുക, സന്തോഷത്തിനും സൗഖ്യത്തിനും' എന്ന ആശയം മുൻനിർത്തി മൂന്നു വർഷത്തെ പ്രചാരണ പരിപാടികൾക്ക് 2021ൽ തുടക്കം കുറിച്ചിരുന്നു. ദന്താരോഗ്യത്തിനും അവയുടെ സംരക്ഷണം തുടരുന്നതിനും ജനങ്ങൾ വലിയ വില കൽപിക്കണം. 'സന്തോഷത്തിനും സൗഖ്യത്തിനും ആരോഗ്യപൂർണമായ വായ പരമ പ്രധാനമാണ്' എന്ന വിഷയത്തിനാണ് ഈ വർഷം ഊന്നൽ.
ദന്താരോഗ്യവും മാനസികാരോഗ്യവും കൈകോർത്തു പോകേണ്ടവയാണ്. ദുർബലമായ ദന്താരോഗ്യമുള്ള വ്യക്തി തന്റെ ദുർബലമായ ആത്മാഭിമാനവുമായി ഇത് കൂട്ടുചേരുമോ എന്നതിൽ ഒരുപക്ഷേ, ആശങ്കാകുലനായേക്കാം. അതിനാൽ, 'മനോഭാവവും വായയും' തമ്മിൽ ശക്തമായ പരസ്പരബന്ധമുണ്ട്. ആരോഗ്യമുള്ള പല്ലുകൾ ആത്മവിശ്വാസമുള്ള പുഞ്ചിരി സമ്മാനിക്കാനും സന്തോഷം പ്രസരിപ്പിക്കാനും സഹായിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
എന്തൊക്കെയാണ് ചെയ്യേണ്ടതും അല്ലാത്തതുമായ കാര്യങ്ങൾ?
● ഫ്ലൂറിൻ മിശ്രിതമുള്ള ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ചുരുങ്ങിയത് ദിവസം രണ്ടുതവണ രണ്ടു മിനിറ്റ് പല്ലുതേക്കുക.
● പരിശോധനക്കായി നിങ്ങളുടെ ദന്ത ഡോക്ടറെ സന്ദർശിച്ച് കൃത്യമായി ചികിത്സ നടത്തുക.
● മധുരമുള്ളതും ഒട്ടിപ്പിടിക്കുന്നതുമായ ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കുക.
● പുകവലിയും പുകയില ഉൽപന്നങ്ങളും ഉപേക്ഷിക്കുക.
സാങ്കേതികവിദ്യയുടെ വികാസം വഴി ഇന്ന് ദന്തചികിത്സ കൃത്യവും സുരക്ഷിതവും ഫലപ്രദവും താങ്ങാനാവുന്നതുമായിട്ടുണ്ട്. ആരോഗ്യമില്ലാത്ത വായ, ഒരാളുടെ വൈകാരികവും മാനസികവും ശാരീരികവുമായ സൗഖ്യമടക്കമുള്ള മൊത്തം ജീവിതത്തെയും ഒപ്പം മറ്റുള്ളവരെയും ഗുരുതരമായി ബാധിക്കുമെന്ന് ഈ ലോക ദന്താരോഗ്യ ദിനത്തിൽ നാം തിരിച്ചറിയണം.
(നവി മുംബൈ വൈ.എം.ടി ഡെന്റൽ കോളജ് ഹോസ്പിറ്റലിൽ ഓറൽ മെഡിസിൻ ആൻഡ്
റേഡിയോളജി വിഭാഗം മേധാവിയാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.