കോവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. പ്രധാന കോവിഡ് തരംഗങ്ങളിലിപ്പോൾ രണ്ടു വകഭേദങ്ങളുണ്ട്; െഡൽറ്റയും ഒമിക്രോണും. വർധിച്ച വ്യാപനശേഷിയുള്ള ഒമിക്രോൺ പലയിടത്തും ആശങ്കയുളവാക്കുന്നു. പല വികസിതരാജ്യങ്ങളിലും കോവിഡ് ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരിൽ വർധനയും രേഖപ്പെടുത്തിത്തുടങ്ങി. ശീതകാലത്ത് പുതിയ വകഭേദങ്ങൾക്ക് ആരോഗ്യസംവിധാനങ്ങളെ സമ്മർദത്തിലാക്കാനുമായി. എന്നാൽ, മെച്ചപ്പെട്ട നിലയിൽ വാക്‌സിനേഷൻ നടപ്പായ പ്രദേശങ്ങളിൽ ഒമിക്രോൺ താരതമ്യേന ലഘുവായ രോഗമാണുണ്ടാക്കുന്നത്.
ഭൂരിപക്ഷം പേരിലും രോഗലക്ഷണങ്ങൾതന്നെ കാണാനില്ല; അവർ സ്വന്തം നിലയിൽ ആന്‍റിജൻ പരിശോധന നടത്തുമ്പോൾ കോവിഡ് സാന്നിധ്യം കണ്ടെത്തുകയാണ്. ഇതെല്ലാം മഹാമാരിയുടെ സ്വഭാവമാറ്റം സൂചിപ്പിക്കുന്നതായി പലരും പറഞ്ഞുതുടങ്ങി. മാത്രമല്ല, 2022 കടന്നുപോകുംമുമ്പ് കോവിഡ് എൻഡെമിക് രൂപത്തിലേക്കു ചുരുങ്ങുമെന്നും അവർ കരുതുന്നു. പാൻഡെമിക്കായി തുടരുമ്പോഴും കോവിഡ് നിയന്ത്രണം കൈയെത്തുംദൂരത്താണെന്ന ചിന്ത ശാസ്ത്രീയമായ ചർച്ചക്കു വിധേയമാകേണ്ടതാണ്.
വ്യാപനവേഗം കൂടുതലാണെങ്കിലും പ്രഹരശേഷി തീരെക്കുറഞ്ഞ വകഭേദമാണ് ഒമിക്രോൺ എന്ന പൊതുധാരണ ദക്ഷിണാഫ്രിക്കയിലും മറ്റു പലയിടങ്ങളിലും പ്രചരിക്കപ്പെടുന്നു. ദുർബല വൈറസായതിനാൽ നിസ്സാരമായ ജലദോഷപ്പനിപോലെ വന്നുപോകയും അതിലൂടെ ഇമ്യൂണിറ്റി ലഭിക്കുകയും ചെയ്യുമെന്ന പ്രചാരണവും ശക്തമാണ്. ഡേറ്റകളില്ലാത്ത വാദങ്ങളായി മാത്രമേ ഇതെല്ലാം കാണാനാകൂ. ഭൂരിപക്ഷം വരുന്ന മൂന്നാംലോക രാജ്യങ്ങൾ കോവിഡ് ഗവേഷണത്തിൽ പിന്നിലാണെന്നും കൃത്യമായ ഡേറ്റ ഉപയോഗിച്ചുള്ള പഠനങ്ങൾ പുറത്തുവിടുന്നില്ലെന്നും നാമറിയേണ്ടതുണ്ട്.
ഡെൽറ്റ വകഭേദവുമായി താരതമ്യംചെയ്താൽ ഒമിക്രോൺ വ്യാപനസാധ്യത ഇരട്ടിയിലധികമാണ്. എങ്കിലും ഉയർന്ന വാക്‌സിനേഷൻ നിരക്കുള്ള ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും ലഘുവായ രോഗലക്ഷണങ്ങളേ കാണുന്നുള്ളൂ. ഒമിക്രോൺ വൈറസിന് നമ്മുടെ പ്രതിരോധവലയം ഭേദിക്കാൻ കഴിവുള്ളതിനാൽ കൂടുതൽ ബ്രേക് ത്രൂ രോഗങ്ങളുണ്ടാകാം; ആശുപത്രിവാസം അനിവാര്യമാകുന്നില്ല എന്നും കാണാം. അതിനാൽ നിലവിൽ വാക്‌സിൻ സ്വീകരിച്ചവർ സമയബന്ധിതമായി ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നപക്ഷം പ്രതിരോധശേഷി ഉയരുമെന്ന് ഉറപ്പാക്കാം.
ഇതിനിടെ മക്കിൻസിയുടെ (McKinsey Group) പൊതുജനാരോഗ്യവിഭാഗം 2022ലേക്കുള്ള ധാരണപത്രം പുറത്തുവിട്ടു. സരുൺ ചാരു മിലിൻഡ്, മാറ്റ് ക്രെവൻ മുതൽ പേർ ഡിസംബർ 15ന് തയാറാക്കിയ റിപ്പോർട്ടാണിത്. ഡെൽറ്റയിൽനിന്നു 25 ശതമാനം വേഗവും ലഘുത്വവും ഇമ്യൂണിറ്റി ഭേദിക്കാനുള്ള കഴിവും ഒമിക്രോൺ ആർജിച്ചിട്ടുണ്ടെങ്കിൽ വരുംമാസങ്ങളിൽ നാം എന്തെല്ലാം കരുതലുകളെടുക്കണം എന്നു കണ്ടെത്താനാണ് പഠനം ശ്രമിക്കുന്നത്. ഡേറ്റ ലഭ്യമായ അമേരിക്കയിൽ അടുത്ത ഏതാനും മാസങ്ങളിൽ ഒമിക്രോൺ പ്രബലമാകുമെന്നും കഴിഞ്ഞ ശൈത്യകാലത്തേതുപോലെ മറ്റൊരു തരംഗം പ്രതീക്ഷിക്കാമെന്നും അവർ പറയുന്നു. അടുത്ത ഏതാനും മാസങ്ങളിൽ ആശുപത്രിയിൽ കിടക്കുന്ന രോഗികൾ വർധിക്കാനും കാരണമാകും. ചില സ്ഥലങ്ങളിൽ ആരോഗ്യസംവിധാനങ്ങൾ സമ്മർദത്തിലാകാനും ഏറെ സാധ്യതയുണ്ട്.
യുക്തിപൂർവമായ സാമൂഹിക പ്രതികരണമാണ് അടുത്ത കോവിഡ് തരംഗത്തിന്‍റെ ഗതിവിഗതികൾ നിശ്ചയിക്കുക. മൂന്നു ഘടകങ്ങൾ പ്രാധാന്യമർഹിക്കുന്നു. ഒന്ന്, കോവിഡ് ചികിത്സക്കാവശ്യമായ ഔഷധങ്ങൾ കണ്ടെത്തുകയും ലഭ്യമാക്കുകയും ചെയ്യുന്നത് രോഗതീവ്രത നിയന്ത്രിക്കാൻ സഹായകരമാകും. രണ്ട്, വാക്‌സിൻ മൂന്നാം ഡോസ് ഫലപ്രദമാണെന്നതിന് അതിശക്തമായ തെളിവുകൾ വന്നുകൊണ്ടിരിക്കുന്നു. അതിനാൽ ബൂസ്റ്റർ ഡോസ് വേഗത്തിൽ നടപ്പാക്കുക എന്നത് കോവിഡ് തരംഗത്തെ നിയന്ത്രിക്കാനുതകും. മൂന്ന്, പാൻഡെമിക്കിനെക്കുറിച്ച് നാമിതുവരെ ആർജിച്ച അറിവുകൾ വിലപ്പെട്ടതാണെങ്കിലും, സാമൂഹിക പ്രതികരണത്തിലുണ്ടായ ആലസ്യം പൊതുജനാരോഗ്യപദ്ധതികൾ ഫലപ്രദമാക്കുന്നത് ക്ലേശകരമാക്കും. ഒരുവേള, ഇതാകും ഏറ്റവും നിർണായക ഘടകം.
ഇതിനിടെ പുറത്തുവന്ന ബ്രിട്ടീഷ് പഠനമനുസരിച്ച് നിലവിലുള്ള വാക്സിൻ ഫോർമുല പര്യാപ്തമാണെന്നു വരില്ല. ബൂസ്റ്റർ ഡോസ് വഴി ഫലപ്രാപ്‌തി 70 മുതൽ 75 ശതമാനം വരെയെങ്കിലും ഉയർത്താമെന്ന് കാണുന്നു. ഉയർന്ന പ്രതിരോധശക്തി സുസ്ഥിരമാണോയെന്ന് പറയാൻ സമയമായിട്ടില്ലല്ലോ. വൈറസിനെതിരെ ഫലപ്രദമായ മരുന്നുകൾ കണ്ടെത്താൻ സാധ്യതയേറിവരുന്നു. ഇപ്പോൾ മെർക്ക്, ഫൈസർ എന്നീ ഔഷധനിർമാതാക്കൾ വികസിപ്പിച്ച തന്മാത്രകൾ പുറത്തുവന്നിരിക്കുന്നു. മോൾനുപിറവിർ (molnupiravir), പാക്സ്‌ലോവിഡ് (Paxlovid) എന്നിവ വായിലൂടെ കഴിക്കാവുന്നതും ഉയർന്ന ഫലപ്രാപ്തിയുള്ളതുമാണ്. ഔഷധങ്ങൾ വേണ്ടത്ര ഉൽപാദിപ്പിക്കുക, ആവശ്യമുള്ളവർക്ക് എത്തിക്കുക, കൃത്യസമയത്തു നൽകുക എന്നിവ വിഭവദാരിദ്ര്യമുള്ള (resource poor) രാജ്യങ്ങൾക്ക് ഇപ്പോഴും പ്രയാസമായിരിക്കും. കോവിഡ് നിയന്ത്രണത്തിൽ അനേകം സാമ്പത്തിക-സാമൂഹിക അസമത്വങ്ങൾ പരിഹരിക്കേണ്ടതുണ്ട്.
ഒമിക്രോൺ ദുർബല വകഭേദമാണെന്നും ക്രമേണ മഹാമാരി അവസാനിക്കുന്നതിന്‍റെ അടയാളമാണെന്നും കരുതുന്നവർ നിരത്തുന്ന വാദങ്ങൾ ഇവയാണ്. വാക്‌സിൻ, ബൂസ്റ്റർ പ്രോഗ്രാം എന്നിവ ഫലപ്രദമായിക്കഴിഞ്ഞാൽ ഒമിക്രോൺ വ്യാപനം നിയന്ത്രണത്തിലാകും. അങ്ങനെ സംഭവിച്ചാൽ കോവിഡ് ഇൻഡെമിക് നിലയിലേക്കു മാറും. സർവസാധാരണമായ ഫ്ലൂ പോലെ സമൂഹത്തിൽ ഇടക്കിടെ പ്രത്യക്ഷെപ്പടുകയും കുറേപ്പേരെ ബാധിക്കുകയും ചെയ്യും. വേണ്ടിവന്നാൽ കാലാകാലങ്ങളിൽ എടുക്കാവുന്ന ബൂസ്റ്റർ വാക്‌സിൻ ഉപയോഗിച്ച് വല്ലപ്പോഴും ഉയർന്നുകാണുന്ന രോഗാതുരതയെ നിയന്ത്രിക്കാനാകും. വൈറസ് എൻഡെമിക്കായാൽ സാധാരണ ജീവിതം പരിമിതപ്പെടാതെതന്നെ സമൂഹത്തെ സക്രിയമാക്കാനാകും. ചില സീസണുകളിൽ രോഗം പ്രത്യക്ഷപ്പെടുകയും ആഴ്ചകൾക്കുള്ളിൽ നിഷ്ക്രമിക്കുകയും ചെയ്യുക എന്ന രീതിയിലേക്ക് കോവിഡ് മാറിയേക്കാം. രോഗം ബാധിച്ചവരെ ഐസൊലേറ്റ് ചെയ്യുകയും മാസ്ക് പോലുള്ള വ്യക്തിഗത പ്രതിരോധമാർഗങ്ങൾ പിന്തുടരുക എന്ന നിലയിലേക്ക് കോവിഡ് ചുരുങ്ങും.
ഈ വാദങ്ങൾക്ക് മറുവശമുണ്ടെന്നതും നാം മറന്നുകൂടാ. ലോകാരോഗ്യ സംഘടന ഇക്കാര്യത്തെ കാണുന്നതെങ്ങനെയെന്നു നോക്കാം. പല പഠനങ്ങളും ഒമിക്രോൺ വേരിയന്‍റ് വഴിയുണ്ടാകുന്ന കോവിഡ് രോഗം മുൻകാലത്ത് കണ്ടിരുന്ന രോഗത്തെക്കാൾ ലഘുവാണെന്ന് കാണിക്കുന്നു. അത് ശരിയായാൽപോലും രോഗബാധിതരിൽ വന്നുകൊണ്ടിരിക്കുന്ന അഭൂതപൂർവമായ വർധന ആശുപത്രികളെയും ആരോഗ്യസംവിധാനങ്ങളെയും സമ്മർദത്തിലാക്കും. ചില പ്രദേശങ്ങളിൽ ഇതിനകംതന്നെ ഇതനുഭവപ്പെട്ടുകഴിഞ്ഞു. ആഗോളതലത്തിൽ കഴിഞ്ഞ വാരം രോഗബാധയിൽ 71 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്; അമേരിക്കയിലാകട്ടെ 100 ശതമാനവും. ഇത്തരം വർധന ഇതിനു മുമ്പുണ്ടായിട്ടില്ല. വാക്‌സിനേഷൻ സ്വീകരിച്ചവരിൽ ഒമിക്രോൺ ഭീഷണിയല്ലെങ്കിലും മറ്റുള്ളവരിൽ സ്ഥിതി ഇങ്ങനെയാകണമെന്നില്ല എന്ന് ലോകാരോഗ്യ സംഘടന കരുതുന്നു. സെർബിയയുടെ ആരോഗ്യസംവിധാനങ്ങൾ തകർച്ചയിലേക്കു പോകുന്നതായി പ്രസിഡന്‍റ് അലക്‌സാണ്ടർ വുചിക്ക് പറഞ്ഞത് ഇതോടു കൂട്ടിവായിക്കാം. ബ്രിട്ടനിൽ പോയവാരം പ്രതിദിന രോഗബാധ 1,80,000 ആയി; രോഗബാധിതരായ സ്റ്റാഫ് മാറിനിൽക്കേണ്ടിവരുന്നതിനാൽ ചില പ്രദേശങ്ങളിൽ ആശുപത്രികളുടെ പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലേക്കു നീങ്ങുന്നു.
ഇനിയും വാക്സിൻ സ്വീകരിച്ചിട്ടില്ലാത്തവരിൽ വാക്സിൻ എത്തിക്കുകയും മറ്റുള്ളവർക്ക് ബൂസ്റ്റർ നൽകുകയുമാണ് അടിയന്തരമായി ചെയ്യേണ്ട കാര്യം. ഇതിന് നീതിപൂർവമായ വാക്‌സിൻ വിതരണസംവിധാനം നടപ്പാക്കണമെന്ന് ലോകാരോഗ്യ സംഘടന അടിവരയിട്ടു പറയുന്നു. ആഫ്രിക്കയിൽ ഇനിയും വാക്‌സിൻ വിതരണം ഫലപ്രദമായി നടപ്പാക്കാനാകാത്ത അനേകം രാജ്യങ്ങളുണ്ട്. ലോകത്തിൽ ഒരു വലിയ വിഭാഗം ജനത സംരക്ഷണത്തിന് പുറത്താണെങ്കിൽ ലോകം സംരക്ഷിക്കപ്പെട്ടു എന്നു പറയാനാവില്ലല്ലോ. ആഫ്രിക്കയിൽ എച്ച്.ഐ.വി ബാധിതരായി കഴിയുന്നവർ അനവധിയാണ്. അവരിൽ കോവിഡ് രോഗം കൂടുതൽ മാരകമാകുമെന്നതിനാൽ അവർക്ക് വാക്സിൻ എത്തിക്കാൻ സമ്പന്നരാജ്യങ്ങൾക്ക് കരുതലുണ്ടാകണം. ഒമിക്രോൺ വകഭേദം പുതിയ ജനിതകമാറ്റത്തിന് അവസരം നൽകില്ലെന്ന വിശ്വാസം ശരിയല്ല. രോഗം വ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ പുതിയ വകഭേദം എവിടെ നിന്നും ഉത്ഭവിക്കാമെന്നിരിക്കെ വാക്സിൻ നീതി പണ്ടെന്നത്തേതിലും പ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.