ഇക്കഴിഞ്ഞ മാർച്ച് 27 നു നടന്ന ഓസ്കർ സമ്മാനദാന ചടങ്ങിൽ ഉണ്ടായ അപ്രതീക്ഷിത സംഭവം വിവാദങ്ങൾക്ക് കാരണമായി. ചടങ്ങുകൾ കോംപിയർ ചെയ്തിരുന്ന ക്രിസ് റോക്ക് പറഞ്ഞ തമാശയിൽ ക്ഷുഭിതനായ വിൽ സ്മിത്ത് വേദിയിലേക്ക് പാഞ്ഞുകയറി റോക്കിനെ ആക്രമിക്കുകയായിരുന്നു. വിൽ സ്മിത്തിെൻറ പങ്കാളി ജേയ്‌ഡ് പീങ്കറ്റ് സ്മിത്ത് ഒരു പ്രത്യേകതരം ഓട്ടോ ഇമ്യൂൺ രോഗാവസ്ഥയിലൂടെ കടന്നുപോകുകയാണ്. അതിെൻറ ഭാഗമായി അവരുടെ തലമുടി ചിലയിടങ്ങളിൽനിന്ന് ഒന്നിച്ചു പൊഴിയുന്നു; ഇത് തലയിൽ ദ്വീപുകളെന്നോണം അവിടവിടെ കാണപ്പെടും. വൃത്താകൃതിയിലുള്ള പാച്ചുകൾ അഭംഗിയുണ്ടാക്കുന്നതിനാൽ അവർ തല മുണ്ഡനം ചെയ്താണ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുക. തെൻറ ശരീരത്തിൽ ഉണ്ടായ വ്യതിയാനം വിദഗ്‌ധമായി ഒരു ഫാഷൻ പ്രസ്താവത്തിലൂടെ മറികടക്കുകയാണ് അവർ ചെയ്തത്. കൊമേഡിയൻ ആയ ക്രിസ് റോക്ക് തമാശ പറയാൻ തുനിഞ്ഞതാണെങ്കിലും മാനസികവും ശാരീരികവുമായ വ്യതിയാനങ്ങളെ തമാശക്ക് പാത്രമാകുമ്പോൾ കൂടുതൽ ശ്രദ്ധവേണം.
അങ്ങുദൂരെ അമേരിക്കയിൽ നടന്ന ഓസ്കർ അവാർഡ് ചടങ്ങിലുണ്ടായ സംഭവം നമ്മുടെ ആരോഗ്യചർച്ചകളിൽ പ്രസക്തിയുണ്ടോ എന്ന ചോദ്യമുയരാം. ഒന്നല്ല, പലപ്രകാരത്തിൽ നമ്മുടെ സംവാദങ്ങളിൽ അത് കടന്നുവരേണ്ടതുണ്ട്. ശരീരത്തിലെ വ്യതിയാനങ്ങൾ വ്യക്തികളെ ആക്ഷേപിക്കുന്നതിനും അവരെ അടയാളപ്പെടുത്തുന്നതിനും നാമിന്നും മടിക്കുന്നില്ല. കഷണ്ടി, പൂച്ചക്കണ്ണൻ, പൊട്ടൻ, കുരുടൻ, കുള്ളൻ എന്നിങ്ങനെ വ്യക്തികളെ വിവരിക്കുന്നത് അസാധാരണമല്ല. ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങളിൽ ഭിന്നശേഷിയെ ഇപ്രകാരം അടയാളപ്പെടുത്തുന്നത് സംസ്കാരത്തിന്റെയും നിയമത്തിെൻറയും ദൃഷ്ടിയിൽ തെറ്റുതന്നെ. എന്നാൽ, പണ്ടിങ്ങനെയായിരുന്നില്ല; ഭ്രാന്തൻ ചാന്നാൻ (സി.വി. രാമൻ പിള്ള), പൊട്ടൻ നീലാണ്ടൻ (ജി. വിവേകാനന്ദൻ) എന്നിവരെ നമ്മുടെ പഴയകാല സാഹിത്യകൃതികളിൽ കാണാം. ഇതുപ്രശ്നമായി കാണാത്തത് അക്കാലത്തെ ജീവിതരീതിയും സാമൂഹികാവസ്ഥയും അതിനനുകൂലമായിരുന്നു എന്നതിനാലാണ്.. ആധുനിക സമൂഹം അംഗപരിമിതികളടെയും ഭിന്നശേഷിയുടേയും പേരിൽ നടത്തുന്ന ഏതു വിഭജനത്തേയും തള്ളിക്കളയുന്നു; വ്യക്തികളെ സ്വയം നിർണയാവകാശമുള്ള പൗരരായി അംഗീകരിക്കുന്നു. ഭാഷയിലൂടെ ആശയാവിഷ്കരണത്തിൽ നിഷ്പക്ഷത പുലർത്താൻ നാം ബാധ്യസ്ഥരുമാണ്. മെയ്യാക്ഷേപം (body shaming) തീർത്തും വർജ്യം. ശാരീരികവും മാനസികവുമായ വ്യത്യസ്തതകൾ മനുഷ്യരിലെ വൈവിധ്യത്തിെൻറ ഭാഗമായിക്കാണാൻ സാധിക്കണം. ഐക്യരാഷ്ട്രസഭ, ലോകാരോഗ്യ സംഘടന തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികൾക്ക് ഈ നിലപാടാണുള്ളത്. ഒരു പരിധിവരെ ഇന്ത്യയിലെ ഡിെസബിലിറ്റി നിയമവും സമാനാശയങ്ങൾ പങ്കുവെക്കുന്നു.
ഓസ്കർ സംഭവം പുറത്തുവന്നതോടെ ജേയ്‌ഡ് പീങ്കറ്റ് സ്മിത്തിനെ ബാധിച്ച രോഗമെന്തെന്നായി പലരുടെയും അന്വേഷണം. നിർദോഷമായി തുടങ്ങിയ ചർച്ചകൾ ക്രമേണ ഗൂഢാലോചന സിദ്ധാന്തങ്ങളിലേക്ക് നയിക്കുകയുണ്ടായി. അതാണ് ഇവിടെ പ്രസക്തമാകുന്നത്. ഓട്ടോ ഇമ്യൂൺ രോഗമായ അലോപേഷ്യ ഏറിയേറ്റയാണ് (alopecia areata) ജേയ്‌ഡിനെ ബാധിച്ച രോഗമെങ്കിൽ അതിെൻറ മരുന്ന് കണ്ടെത്താൻ ശ്രമിക്കുന്ന ഫൈസർ എന്ന മരുന്നുകമ്പനി ഭീമൻ മനപ്പൂർവം സൃഷ്ടിച്ച നാടകമാണ് ഓസ്കർ വേദിയിൽ അരങ്ങേറിയത് എന്നാണ് ആരോപണം. ഗൂഢാലോചന സിദ്ധാന്തക്കാർ വൻകിട ഫാർമ, മരുന്നുമാഫിയ, തുടങ്ങിയ വിഷയങ്ങളിൽ ഭീതിദമായ റിപ്പോർട്ടുകൾ പ്രചരിപ്പിക്കുന്നവരാണ്. ഫൈസർ കമ്പനി ഓസ്കർ ആഘോഷങ്ങളുടെ ഒരു സ്പോൺസർ ആണെന്നും അലോപേഷ്യ എന്ന മുടിയിളകൽ രോഗത്തിന് എസ്‌ട്രെസിമോഡ് (estrasimod) എന്ന മരുന്ന് വികസിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നും അവർ പറയുന്നു. സത്യം അന്വേഷിച്ചുകണ്ടെത്താൻ ശ്രമിക്കാത്ത ക്ഷിപ്രവിശ്വാസികളെയാണ് ഗൂഢാലോചന സിദ്ധാന്തങ്ങളുടെ പ്രയോക്താക്കൾ ലക്ഷ്യംവെക്കുന്നത്. അവർ പ്രചരിപ്പിക്കുന്ന സിദ്ധാന്തങ്ങൾ ഒറ്റനോട്ടത്തിൽ മനോഹരമായ കഥപോലിരിക്കും; നമ്മെ ആരൊക്കെയോചേർന്ന് വഞ്ചിക്കാൻ ശ്രമിക്കുന്നുവെന്നും നിലവിലുള്ള നിയമങ്ങളും സംവിധാനങ്ങളും നമ്മെ സംരക്ഷിക്കുകയില്ലെന്നും പറഞ്ഞുവെക്കും. എല്ലാത്തിനെക്കുറിച്ചുമുള്ള വിശ്വാസത്തകർച്ചയാണ് ഗൂഢാലോചനക്കാർ വരച്ചുകാട്ടുന്നത്. അവർ നൽകുന്ന വിവരങ്ങളിലൂടെ ശ്രദ്ധാപൂർവം കണ്ണോടിച്ചാൽത്തന്നെ ആ വാദങ്ങളിൽ കഴമ്പില്ലെന്ന കാര്യം വ്യക്തമാകും.
അറീന (Arena) എന്ന കമ്പനിയാണ് എസ്‌ട്രെസിമോഡ് എന്ന തന്മാത്ര വികസിപ്പിച്ചത്. ഈ കമ്പനിയെ 2022 മാർച്ചിൽ ഫൈസർ ഏറ്റെടുത്തു. ഏറ്റെടുക്കൽ കാര്യം മുൻകൂട്ടി തീരുമാനിക്കപ്പെട്ടതാണ് എന്നുവാദിക്കുന്നവർ അറിയേണ്ട മറ്റു ഘടകങ്ങളുണ്ട്. അലോപേഷ്യ ചികിത്സിക്കാൻ ഇപ്പോൾ വിപണിയിലുള്ള സ്ക്വിബ്ബ് എന്ന കമ്പനിയുടെ സെപ്പോസിയ (Zeposia) യോട് മത്സരിച്ചുവേണം വിപണിയുറപ്പിക്കാൻ. മാത്രമല്ല, അലോപേഷ്യ രോഗത്തിെൻറ പൂർണ പ്രതിവിധിയായല്ല എസ്‌ട്രെസിമോഡ് വരുന്നത്; ദീർഘകാലം കഴിക്കാവുന്ന ഒരു അനുബന്ധ ചികിത്സക്കായി മാത്രമേ അതിനിടമുള്ളൂ.
ഓസ്കർ സംഭവം മറ്റൊരു പ്രശ്നം കൂടി നമ്മുടെ മുന്നിലെത്തിക്കുന്നു. പൊതുവേദികളിൽ നിസ്സാര കാര്യങ്ങൾക്കെതിരെപോലും ആക്രമണസ്വഭാവം കാണിക്കുക ഒട്ടും ഭൂഷണമല്ല. ആക്രമണോത്സുകത ഒരു രോഗമായിത്തന്നെ പരിഗണിക്കപ്പെടുന്നു. അന്താരാഷ്ട്ര രോഗവർഗീകരണ പട്ടികയിൽ (International Classification of Diseases 10 Ed) അതിടം നേടിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ആരോഗ്യവിദഗ്‌ധരും അനുബന്ധ വിഷയങ്ങളിൽ പ്രാവീണ്യമുള്ളവരും ചേർന്ന് വികസിപ്പിച്ചതാണ് ICD 10 എന്ന രേഖ. സോഷ്യൽ മീഡിയയും മറ്റു ഡിജിറ്റൽ ടെക്‌നോളജിയും നമ്മുടെ വിരൽത്തുമ്പിലെത്തുമ്പോൾ മീഡിയ സാന്നിധ്യം ആർക്കും കിട്ടാവുന്നതാണ്. അവിടെ പ്രകോപനമുണ്ടാക്കാതെ ഇടപെടാനും, പ്രകോപനത്തോട് സൗമ്യമായി പ്രതികരിക്കാനും മീഡിയ സാന്നിധ്യമുള്ളവർ ശ്രമിക്കുക തന്നെവേണം.
ശാരീരികമായി ആക്രമിക്കാൻ ശ്രമിക്കുക, അമിതവാശിയോടെ വാദിക്കുക, ആക്രോശിക്കുക, പരുഷപദങ്ങളോ അശ്ലീലമോ ഉപയോഗിക്കുക, മറ്റുള്ളവരെക്കുറിച്ചു മോശമായി പറയുക, മറ്റുള്ളവരുടെ വസ്തുവകകൾക്ക് കേടുപാടുകൾ വരുത്തുക എന്നിങ്ങനെ വിവിധ പെരുമാറ്റ രീതികൾ രോഗാതുരതയുമായി ബന്ധപ്പെട്ടു കാണുന്നു.
പലതരം മാനസിക സംഘർഷങ്ങളും, കുട്ടിക്കാലം മുതൽ വളർന്നുവരുന്ന സാഹചര്യങ്ങളും, ജനിതക ഘടകങ്ങളും ആക്രമണോത്സുകതയുമായി ചേർത്ത് കാണാറുണ്ട്. മസ്തിഷ്കത്തിെൻറ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന വിവിധ തന്മാത്രകളിൽ ഉണ്ടാകുന്ന മാറ്റങ്ങളും പെരുമാറ്റ വ്യതിയാനങ്ങൾക്ക് കാരണമാകാം. പലർക്കും വിദഗ്‌ധ പരിചരണത്തിലൂടെ പ്രശ്നപരിഹാരം സാധ്യവുമാണ്. ആധുനിക ജീവിതത്തിൽ വ്യക്തികൾ മീഡിയയിലൂടെ മറ്റുള്ളവരിലേക്ക് എത്തപ്പെടുമ്പോൾ സംഘർഷ സ്വഭാവം നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ളവർ സാമൂഹിക ഇടങ്ങളിൽ പ്രശ്‌നക്കാരായി അടയാളപ്പെടുത്തപ്പെടും. അത് ഫേസ്ബുക്, ട്വിറ്റർ, യൂട്യൂബ്, ടെലിവിഷൻ എന്നിങ്ങനെ എന്തിലുമാകാം. വിൽസ്മിത്ത് ഓസ്കർ വേദിയിൽ ചെയ്തതിനേക്കാൾ തീക്ഷ്ണത കൂടിയതോ കുറഞ്ഞതോ ആയ പെരുമാറ്റ രീതികൾ നമ്മുടെ ടെലിവിഷനിലും, സൈബർ ഇടങ്ങളിലും വർധിച്ചുവരുന്നതായി തോന്നുന്നു. അതായത്, മാധ്യമങ്ങൾ ഉൾെപ്പടെയുള്ള സാമൂഹിക ഇടങ്ങളിൽ ആക്രമണോത്സുകത പ്രദർശിപ്പിക്കുന്നവർ സ്വയം നിയന്ത്രിക്കാൻ ശ്രമിക്കുകയോ വിദഗ്‌ധ പരിരക്ഷ സ്വീകരിക്കുകയോ ആവശ്യമാണ്.
തീർച്ചയായും മെല്ലെ വളർന്നുവരുന്ന പൊതുജനാരോഗ്യപ്രശ്നമായി ആക്രമണോത്സുകതയെ കാണാൻ സമയമായി. വിൽ സ്മിത്ത് ഒരു അമേരിക്കൻ സംഭവമായി മാത്രം നമുക്ക് കാണാനാവില്ല; നമ്മെക്കൂടി ബാധിക്കുന്ന പൊതുജനാരോഗ്യപ്രശ്നത്തെ വിൽ സ്മിത്ത് കണ്ണാടിയിലെന്നോണം നമ്മെ കാണിച്ചുതന്നു എന്നുമാത്രം.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.