സമീപവർഷങ്ങളിൽ, വർധിച്ചുവരുന്ന കുടിയേറ്റവിരുദ്ധ വികാരങ്ങൾക്ക് ആക്കംകൂട്ടിയ തീവ്രവലതുപക്ഷ പ്രസ്ഥാനങ്ങളുടെ ഗണ്യമായ കുതിപ്പിന് സാക്ഷ്യം വഹിക്കുകയാണ് യൂറോപ്. സൗത്ത്പോർട്ടിലെ ദാരുണമായ ആക്രമണത്തെത്തുടർന്ന് കുടിയേറ്റവിരുദ്ധ പ്രതിഷേധങ്ങളും കലാപങ്ങളും പൊട്ടിപ്പുറപ്പെട്ട ഇംഗ്ലണ്ടില്‍ മാത്രമല്ല, പൊതുവേ യൂറോപ്, അമേരിക്ക,കാനഡ, ആസ്ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലും ഈ പ്രതിഭാസം പ്രകടമാണ്. മൂന്ന് പ്രധാന സവിശേഷതകളാണ് ഈ പ്രസ്ഥാനങ്ങള്‍ക്കുള്ളത്. ഒന്നാമതായി അവ അതത് രാജ്യങ്ങളിലെ ജനാധിപത്യ സംവിധാനത്തോടും പുരോഗമനപരമായ നിലപാടുകളോടും രാഷ്ട്രീയത്തോടും കടുത്ത അസഹിഷ്ണുത പുലര്‍ത്തുന്നവയാണ്.
രണ്ടാമതായി അവയുടെ പ്രത്യയശാസ്ത്രപരമായ പ്രഭാവം കുരിശുയുദ്ധങ്ങളുടെ കാലംമുതല്‍ യൂറോപ്പില്‍ മൗലികവാദികള്‍ പരത്താന്‍ ശ്രമിക്കുന്ന ഇസ്ലാം വിരുദ്ധതയും ഇസ്ലാംഭീതിയുമാണ്. ഇത് കേവലം മതപരമായ വൈരുധ്യം മാത്രമല്ല. ഗ്രീക്ക് സംസ്കാരത്തിന്റെ ആദിമസ്വാംശീകരണം ഒന്നാം റോമന്‍ സാമ്രാജ്യത്വകാലത്തും രണ്ടാം ബൈസേന്റിയന് സാമ്രാജ്യത്തിന്റെ കാലത്തും റോം വഴി യൂറോപ്പിലെത്തിയതിന്റെ സ്മരണകള്‍പോലും മധ്യകാലമായപ്പോഴേക്ക് നഷ്ടപ്പെട്ടുകഴിഞ്ഞിരുന്ന യൂറോപ്, പുതുജ്ഞാനങ്ങള്‍ നേടിയത് മഗരിബില്നിന്നാണ് എന്ന ചരിത്രവസ്തുത മറച്ചുവെക്കാനുള്ള കാപട്യംകൂടി ഈ കൃത്രിമ ശത്രുതയില്‍ അടങ്ങിയിട്ടുണ്ട്.
മൂന്നാമതായാണ് യഥാർഥത്തില്‍ കുടിയേറ്റവിരുദ്ധത അവരുടെ മുദ്രാവാക്യമാവുന്നത്. അല്ലാത്തപക്ഷം, രണ്ടുകാരണങ്ങള്കൊണ്ട് കുടിയേറ്റവിരുദ്ധത യൂറോപ്പിലും ഇതര കൊക്കേഷ്യന്‍ ആധിപത്യ പ്രദേശങ്ങളിലും അപ്രസക്തമാണ്. ഒന്ന്, കുടിയേറ്റം കൊളോണിയലിസത്തിന്റെ സന്തതിയാണ് എന്നതാണ്. അധിനിവേശവും അടിമക്കച്ചവടവും അടങ്ങുന്ന യൂറോപ്പിന്റെ സമീപ ഭൂതകാലത്തിന്റെ ഉൽപന്നമാണത്. രണ്ട്, കുടിയേറ്റമുണ്ടാവുന്നത് ആഗോള മൂലധനത്തിന്റെ താൽപര്യപ്രകാരമാണ് എന്നതാണ്. അന്താരാഷ്ട്ര തൊഴിൽ വിഭജനത്തിന്റെ സങ്കീർണമായ മൂലധന വ്യവസ്ഥകളിലാണ് അതിന്റെ വേരുകള്‍ ആഴ്ന്നിരിക്കുന്നത്. യഥാർഥത്തില്‍ ഈ വസ്തുതയിലാണ് ഇപ്പോഴത്തെ കുടിയേറ്റ വിരുദ്ധതയുടെ കാരണങ്ങളും നമുക്ക് കണ്ടെത്താന്‍ കഴിയുക.
ഉദാരമായ കുടിയേറ്റ നിയമങ്ങള്‍ നിലനില്‍ക്കുന്ന പ്രധാനരാജ്യങ്ങള്‍ ന്യൂസിലൻഡ്, ആസ്ട്രേലിയ, കാനഡ, യു.എസ്, സിംഗപ്പൂര്‍ എന്നിവയാണ്. എന്താണ് ഇവക്ക് പൊതുവായുള്ളത്? അവിടങ്ങളിലെ രാഷ്ട്രീയാധികാരം കൈയാളുന്ന വംശീയതകള്‍ കുടിയേറ്റക്കാരാണ് എന്നതാണത്. അതുകൊണ്ടുതന്നെ പുതിയ കുടിയേറ്റക്കാരെ തടയാനുള്ള ലെജിറ്റിമസി ദേശരാഷ്ട്രം എന്ന പരികൽപനയുടെ ചരിത്രപരവും രാഷ്ട്രീയവുമായ അർഥത്തില്‍ അവിടങ്ങളില്‍ നിലനില്ക്കുന്നില്ല. ഒരുപരിധിവരെ അധിനിവേശകരായ യൂറോപ്യൻ ജനതക്കും കുടിയേറ്റം തടയാനുള്ള നൈതികജനിതകം അവരുടെ രാഷ്ട്രശരീരത്തില്‍ കണ്ടെത്താന്‍ കഴിയില്ല.
എന്നാല്‍, ഇമിഗ്രേഷൻ പ്രശ്നം യൂറോപ്പിലും സിംഗപ്പൂർ ഒഴികെയുള്ള സെറ്റിലര്‍ രാജ്യങ്ങളിലും വളരെക്കാലമായി തർക്കവിഷയമാണ്. അമേരിക്കന്‍ ഇടപെടലുകള്‍ മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളില്‍ സൃഷ്ടിക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ ഉണ്ടാവുന്ന അഭയാർഥികളുടെ ഒഴുക്കിന്റെയും ഡിജിറ്റല്‍ മുതലാളിത്തം മൂലധനത്തിന് സൃഷ്ടിച്ച തൊഴില്‍വിപണിയിലെ പ്രതിസന്ധികളുടെയും വര്‍ത്തമാന സവിശേഷതകള്‍ എങ്ങനെ നേരിടണമെന്ന് എത്തുംപിടിയുമില്ലാത്ത ഈ രാജ്യങ്ങള്‍, ദേശീയ ഐഡന്റിറ്റി, സുരക്ഷ, സാമ്പത്തിക സ്ഥിരത എന്നിവയെക്കുറിച്ചുള്ള പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് ഈ പ്രതിഭാസത്തോട് പ്രതികരിക്കുന്നത്.
മാത്രമല്ല, നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ആഗോള മൂലധനത്തിന്റെ പുതിയ ലാഭതന്ത്രങ്ങള്‍ തൊഴില്‍വിപണിയില്‍ സൃഷ്ടിക്കുന്ന അനിശ്ചിതത്വം യൂറോപ്പിലെയും കാനഡയിലെയും അമേരിക്കയിലെയും വലിയവിഭാഗം ജനങ്ങളെ പട്ടിണിയിലേക്കും തൊഴിലില്ലായ്മയിലേക്കും തള്ളിയിട്ടിരിക്കുകയാണ്. ഇന്ത്യയില്‍നിന്ന് പൗരത്വംതന്നെ ഉപേക്ഷിച്ചുകൊണ്ട് ലക്ഷക്കണക്കിനാളുകളുടെ രാജ്യാന്തര കുടിയേറ്റം ഉണ്ടാവുന്ന കാനഡയില്‍ ഇംഗ്ലണ്ടിലെയത്ര തീക്ഷ്ണമല്ലെങ്കിലും അതിശക്തമായ കുടിയേറ്റവിരുദ്ധ സമരങ്ങള്‍ നടക്കുകയാണ്. യു.കെയിലും എന്തിന്, ആസ്ട്രേലിയയില്പ്പോലും കുടിയേറ്റവിരുദ്ധ വികാരം ക്രമാനുഗതമായി വളരുന്നു.
സാമ്പത്തിക അനിശ്ചിതത്വം, സാംസ്കാരിക നേർപ്പിനെക്കുറിച്ചുള്ള ഭയം, തീവ്രവാദത്തെക്കുറിച്ചുള്ള ആശങ്കകൾ എന്നിവക്ക് ആക്കംകൂട്ടിയ ഭൗതികസാഹചര്യം ഈ വര്‍ത്തമാന ചരിത്രത്തിലാണ് അടങ്ങിയിട്ടുള്ളത്. തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ ഈ ഭയം മുതലാക്കി, ഇസ്ലാമിനെയും കുടിയേറ്റക്കാരെയും രാജ്യത്തിന്റെ സുരക്ഷക്കും സമൃദ്ധിക്കും ഭീഷണിയായി ചിത്രീകരിക്കുന്ന തങ്ങളുടെ വംശീയ വിഭജന നരേറ്റിവ് മൊത്തക്കച്ചവടം നടത്തുകയാണ്. അധിനിവേശ കാലത്തിനുശേഷമുള്ള ആഗോളസ്ഥല ധാർമികതയാണ് ഇവിടെ ചോദ്യംചെയ്യപ്പെടുന്നത്.
ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ തെറ്റായ വിവരങ്ങളുടെ പ്രജനന-വിതരണ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ഇപ്പോള്‍ ലണ്ടനില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ കാര്യം നോക്കൂ: സൗത്ത്പോർട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, കുറ്റവാളി അടുത്തിടെ അഭയംതേടിയ പ്രായപൂർത്തിയാകാത്ത ഒരാളാണെന്ന പ്രചാരണം കുടിയേറ്റവിരുദ്ധ പ്രതിഷേധം ആളിക്കത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. തെറ്റായ വിവരങ്ങൾ തിരുത്താൻ യു.കെ ഗവൺമെന്റ് ശ്രമിച്ചിട്ടും, പ്രശ്നങ്ങൾ പൂർണമായും ശമിക്കാത്തത് കലാപത്തിന്റെ നിമിത്തത്തേക്കാള്‍ അതിന്റെ നിലീനവും പ്രത്യക്ഷവുമായ പ്രത്യയശാസ്ത്രം ഇസ്ലാംവിരുദ്ധതയിലാണ് കുടികൊള്ളുന്നത് എന്നതുകൊണ്ടാണ്. മുസ്ലിം പള്ളികൾക്കെതിരായ ഏകപക്ഷീയമായ ആക്രമണങ്ങള്‍ ഉണ്ടാവുന്നതും അതുകൊണ്ടാണ്.
കുടിയേറ്റക്കാർ ഉയർത്തുന്ന അപകടങ്ങളിൽനിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിൽ സർക്കാര്‍ പരാജയപ്പെട്ടു എന്ന ആരോപണം യഥാർഥത്തില്‍ യൂറോപ്യന്‍ യൂനിയനും യു.കെയും ആഗ്രഹിക്കുന്ന മുദ്രാവാക്യമാണ്. കൂടുതല്‍ കടുത്ത കുടിയേറ്റവിരുദ്ധ നിയമനിർമാണങ്ങളുടെ നൈതികാടിസ്ഥാനം ഈ രക്തച്ചൊരിച്ചിലില്‍നിന്ന് ആവാഹിക്കാമെന്നതാണ് അവരുടെ മനസ്സിലിരിപ്പ്. തീവ്രവലതുപക്ഷ ഗ്രൂപ്പുകളും യൂറോപ്യന്‍ ഭരണകൂടങ്ങളും തമ്മില്‍ ജ്ഞാനോദയത്തിന്റെ കാലംമുതല്ക്കുള്ള ചില രാഷ്ട്രീയധാരണകള്‍ ഇവിടെയും പ്രവര്‍ത്തനക്ഷമമാവുന്നു എന്നതാണ് യാഥാർഥ്യം. പ്രാരംഭ പ്രതിഷേധങ്ങൾ ഉണ്ടായപ്പോള്‍ തെറ്റായവിവരങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നത് തടയാന്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല എന്നത് ശ്രദ്ധേയമാണ്. പ്രതിഷേധം അതിവേഗം ശക്തിപ്രാപിക്കുകയും ബോധപൂര്‍വം സൃഷ്ടിച്ച കോപത്തിന്റെയും നിരാശയുടെയും പ്രവാഹത്തില്‍ നിയമവ്യവസ്ഥതന്നെ ഒലിച്ചുപോവുകയുംചെയ്തു.
പ്രതിഷേധങ്ങളുടെ തീവ്രത വർധിച്ചപ്പോൾ, പ്രതിഷേധക്കാരും നിയമപാലകരും തമ്മിലെ ഏറ്റുമുട്ടലുകളോടെ അവ കലാപമായി രൂപാന്തരപ്പെട്ടു. സ്ഥിതിഗതികൾ നിയന്ത്രണാതീതമായി, വ്യാപകമായ അക്രമവും സ്വത്ത് നാശവും അപായങ്ങളുമുണ്ടായി. രാജ്യത്തിനുള്ളിൽ ആഴത്തിലുള്ള വിഭജനബോധം വലതുപക്ഷം നിര്‍ദാക്ഷിണ്യം മുതലെടുക്കുകയാണ്. അശാന്തി ശമിപ്പിക്കുന്നതിനും തീവ്രവലതുപക്ഷ വികാരങ്ങളുടെ ഉയർച്ചക്ക് ആക്കംകൂട്ടിയ അടിസ്ഥാന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനുമുള്ള ശക്തിയോ ഇച്ഛയോ ഇംഗ്ലണ്ടിനോ കൊക്കേഷ്യന്‍ ആധിപത്യമുള്ള സെറ്റിലര്‍ രാജ്യങ്ങള്‍ക്കോ യൂറോപ്പിനോ ഇല്ല എന്നതാണ് പരമാർഥം.
ആഗോള മൂലധനത്തിന്റെ പുതിയ ആവശ്യങ്ങള്‍ പ്രധാനമായും ചുറ്റിക്കറങ്ങുന്നത് നിർമിത ബുദ്ധിയുടെ വികസനത്തിലാണ്. എന്നാല്‍, നിർമിതബുദ്ധി മറ്റേതൊരു പൂർവകാല സാങ്കേതികവിദ്യയേക്കാളും വേഗത്തില്‍ തൊഴില്‍ വിപണിയില്‍ അസ്ഥിരത്വം സൃഷ്ടിക്കുകയും അപരിഹാര്യമായ അസമത്വങ്ങള്‍ക്കും പട്ടിണിക്കും വിത്തുപാകുകയും ചെയ്തിരിക്കുന്നു. വംശീയ വിദ്വേഷങ്ങളുടെ അടിസ്ഥാന പ്രത്യയശാസ്ത്രമായ ഇസ്ലാമോഫോബിയയും കുടിയേറ്റവിരുദ്ധതയും ശാസ്ത്രവിരുദ്ധതയുമെല്ലാം ഇപ്പോള്‍ അവസരവാദപരമായി കാലുറപ്പിക്കുന്നത് സമകാല സാമ്പത്തിക പ്രതിസന്ധികളുടെ ഈ അസ്വസ്ഥതകള്‍ ചൂഷണം ചെയ്തുകൊണ്ടാണ്.
ആഗോള മൂലധനത്തിന്റെ പ്രായോഗിക തന്ത്രങ്ങള്‍ സാമ്പത്തിക അസമത്വം വളർത്തിക്കൊണ്ടും, പ്രാദേശിക തൊഴിലാളികളെ ഒഴിവാക്കിക്കൊണ്ടും, മൂലധനം കയറ്റുമതിചെയ്തും, നികുതിവെട്ടിപ്പിനായി സാധ്യതകള്‍ അന്വേഷിച്ചും ലോകവ്യാപകമായി തൊഴിൽ/അതിജീവന അരക്ഷിതാവസ്ഥകള്‍ സൃഷ്ടിച്ചും കുടിയേറ്റവിരുദ്ധ പ്രതിഷേധങ്ങളെ രൂക്ഷമാക്കാൻ സഹായിക്കുകയാണ്.
കോർപറേഷനുകൾ ഈ പിരിമുറുക്കങ്ങളെ മുതലെടുത്ത് സ്വന്തം പ്രതിസന്ധികള്‍ മറികടക്കാന്‍ ശ്രമിക്കുകയാണ്. യൂറോപ്യൻ, യു.എസ് തൊഴിൽ വിപണികളിൽ, പ്രത്യേകിച്ച് പതിവ് ജോലികളെ ആശ്രയിക്കുന്ന മേഖലകളിൽ, നിർമിതബുദ്ധിയുടെ ഇടപെടല്‍ വ്യാപകമായ തൊഴിലില്ലായ്മ, വേതന സ്തംഭനാവസ്ഥ, വർധിച്ച തൊഴിൽ അരക്ഷിതാവസ്ഥ എന്നിവയിലേക്ക് നയിക്കുമെന്ന് തൊഴിലാളികൾ ഭയപ്പെടുന്നുണ്ട്. കാരണം എ.ഐ നയിക്കുന്ന സാങ്കേതികവിദ്യകൾ അഭൂതപൂർവമായ തോതിൽ മനുഷ്യാധ്വാനത്തെ അപ്രസക്തമാക്കുകയാണ്.
ഇന്ത്യയിലെയും യു.കെയിലെയും തീവ്രവലതുപക്ഷങ്ങൾ തമ്മിലെ സമാനതകൾ ശ്രദ്ധേയമാണ്. രണ്ട് പ്രസ്ഥാനങ്ങളും സാംസ്കാരിക ധ്രുവീകരണത്തിന്റെയും സാമ്പത്തിക അരക്ഷിതാവസ്ഥയുടെയും ഭയം മുതലെടുക്കുന്നു, ഭിന്നിപ്പുണ്ടാക്കാൻ തെറ്റായ വിവരങ്ങളും പ്രചാരണങ്ങളും ഉപയോഗിക്കുന്നു. രണ്ട് സാഹചര്യങ്ങളിലും, തീവ്രവലതുപക്ഷം ജനസംഖ്യയുടെ ഒരുവിഭാഗത്തെ വിജയകരമായി അണിനിരത്തി, വംശീയ വിഭജനത്തിലേക്കും അനുബന്ധ അക്രമങ്ങളിലേക്കും നയിക്കുന്നു. ക്രോണി മുതലാളിത്തം രണ്ട് സന്ദര്‍ഭങ്ങളെയും ഒരുപോലെ തങ്ങളുടെ താൽപര്യങ്ങള്ക്കായി ഉപയോഗിക്കുന്നു.
അതുകൊണ്ടുതന്നെ, ഈ കലാപങ്ങളില്‍നിന്ന് ഇന്ത്യക്ക് പഠിക്കാനുള്ള പാഠങ്ങള്‍ കേവലം കുടിയേറ്റവുമായി ബന്ധപ്പെട്ടവ മാത്രമല്ല. യു.കെയിൽ ഇപ്പോള്‍ നടന്ന കുടിയേറ്റവിരുദ്ധ പ്രതിഷേധങ്ങളും കലാപങ്ങളും സാമൂഹിക ഐക്യത്തിനും ജനാധിപത്യ ഭരണത്തിനും കാര്യമായ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. തീവ്രവലതുപക്ഷ പ്രത്യയശാസ്ത്രങ്ങൾക്ക് ആക്കംകൂട്ടുന്ന അടിസ്ഥാന സാമ്പത്തിക-സാമൂഹിക ഉത്കണ്ഠകളെ അഭിസംബോധനചെയ്യാതെ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയുകയില്ല എന്ന വലിയപാഠം ഈ അവസ്ഥാന്തരത്തില്നിന്ന് നാം കണ്ടെടുക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.