അടിയന്തര പ്രാധാന്യത്തോടെ നേരിടുകയും പരിഹാരം കണ്ടെത്തുകയും ചെയ്യേണ്ട അനവധി അതിജീവനപ്രശ്നങ്ങൾ നമുക്കില്ലേ? അതിനിടയിലും ഏകീകൃത സിവിൽകോഡ് കൊണ്ടുവരുകയാണ് അടിയന്തരമായി വേണ്ടതെന്ന മട്ടിലെ പ്രസ്താവനകളും ഉടനടി നടപ്പാക്കുമെന്ന ഭരണാധികാരികളുടെ വാഗ്ദാനങ്ങളും കേൾക്കേണ്ടിവരുന്നത് വല്ലാത്ത കടന്ന കൈയാണ്.
രാജ്യത്തെ ജനങ്ങൾ ഒന്നടങ്കം ഇത് ആഗ്രഹിക്കുന്നില്ല, അതിന് തയാറുമല്ല. ഇതിനോടകം നിരവധി പ്രയാസങ്ങളിൽ ഉലഞ്ഞും തകർന്നും ജീവിക്കുന്ന രാജ്യത്തെ ന്യൂനപക്ഷ സമൂഹത്തെ കൂടുതൽ അസ്വസ്ഥപ്പെടുത്തുക എന്നതിലുപരി ഈ ചർച്ചക്കു പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ?
അതിപ്രധാനമല്ലാത്തതും അനാവശ്യവുമായ വിഷയങ്ങൾ ഇത്തരത്തിൽ മുന്നോട്ടുവെക്കുകയും അതിന്മേലുള്ള ചർച്ചകൾ ചൂടുപിടിപ്പിക്കുകയും ചെയ്യുന്നതിന് കൃത്യമായ ഉദ്ദേശ്യമുണ്ട്- ജനജീവിതത്തെ ബാധിക്കുന്ന, മനുഷ്യർക്ക് ഒഴിച്ചുകൂടാനാകാത്ത ആവശ്യങ്ങളും പ്രശ്നങ്ങളും ചർച്ചയിൽനിന്ന് ഇല്ലാതാക്കൽതന്നെ.
2017ലെ യു.പി നിയമസഭ തെരഞ്ഞെടുപ്പുകാലത്ത് ബി.ജെ.പിയുടെ മുൻനിര നേതാക്കൾ പ്രഖ്യാപിച്ചത്, അവർ മുത്തലാഖ് നിരോധിച്ച് മുസ്ലിം സ്ത്രീകളിലേക്ക് ഇറങ്ങിച്ചെല്ലുമെന്നാണ്.
അവരുടെ പ്രസംഗങ്ങളിലെ വ്യാജവാഗ്ദാനങ്ങളോട് ഞാൻ പ്രതികരിച്ചത് ഇങ്ങനെയാണ്. മുസ്ലിം സ്ത്രീകളുടെ ക്ഷേമകാര്യത്തിൽ വലതുപക്ഷ സംഘങ്ങൾക്ക് ശരിക്കും ഉത്കണ്ഠയുണ്ടെങ്കിൽ വർഗീയകലാപങ്ങൾ ഉണ്ടാക്കാതിരിക്കുകയാണ് അവർ ചെയ്യേണ്ടത്. ഓരോ കലാപവും ഏറ്റവും കൂടുതൽ ദുരിതത്തിലാക്കുന്നത് ന്യൂനപക്ഷ സമുദായത്തിലെ സ്ത്രീകളെയാണെന്ന വസ്തുത കാണാതിരിക്കരുത്.
ദ്രോഹിക്കുന്ന രീതിയിലെ വിവാഹമോചനം മാത്രമല്ല, സ്ത്രീകളോട് പരുഷമായി പെരുമാറുന്നതുപോലും ഇസ്ലാമിെൻറ സത്തക്ക് എതിരാണ്. വിചിത്രമായ കാരണങ്ങളുടെ പേരിൽ വിവാഹമോചനങ്ങൾ ഉണ്ടാകുന്നുണ്ട്, പക്ഷേ അത് സർവസാധാരണമല്ല. അതിനെ ഊതിപ്പെരുപ്പിച്ച് കാണിച്ച് മുസ്ലിംകൾ പ്രാകൃത മനുഷ്യരാണ് എന്ന് ചിത്രീകരിക്കുകയാണ് മുത്തലാഖിനെ മുഖ്യചർച്ചയായി ഉയർത്തിക്കൊണ്ടുവന്നവർ ലക്ഷ്യമിട്ടത്.
വിവാഹവും വിവാഹമോചനവുമുൾപ്പെടെയുള്ള വിഷയങ്ങളിൽ ഇസ്ലാം കൃത്യമായ മാർഗനിർദേശങ്ങൾ നൽകുന്നുണ്ടെങ്കിലും അവയെ അവഗണിക്കുകയോ കുറുക്കുവഴി തേടുകയോ ചെയ്യുന്നതാണ് യഥാർഥ പ്രശ്നം. മുംബൈ സെൻറ് സേവ്യേഴ്സിൽ ഇസ്ലാമിക് സ്റ്റഡീസ് പഠിപ്പിച്ചിരുന്ന ഇസ്ലാമിക പണ്ഡിത സീനത്ത് ഷൗക്കത്ത് അലി ചൂണ്ടിക്കാട്ടിയതുപോലെ തെറ്റായ വ്യാഖ്യാനങ്ങളാണ് തെറ്റായ കാഴ്ചപ്പാടുകളിൽ കൊണ്ടെത്തിക്കുന്നത്.
ശാബാനു കേസും തട്ടിക്കൂട്ട് സർവേയും
ഏറെ ചർച്ചചെയ്യപ്പെട്ട ശാബാനു ബീഗം കേസാണ് മുത്തലാഖ് ചർച്ചകളുടെ മുന്നോടിയായി സദാ ഉയർത്തിക്കൊണ്ടുവരാറ്.
അവരുടെ കേസ് വാദിച്ച മുതിർന്ന അഭിഭാഷകൻ ഡാനിയൽ ലത്തീഫിയുടെ അഭിപ്രായത്തിൽ ഖുർആനിക വ്യവസ്ഥകൾ പ്രകാരമുള്ള ജീവനാംശമാണ് അവർക്ക് ലഭിച്ചത്. ശാബാനു കേസ് ഏറ്റെടുക്കാനുണ്ടായ സാഹചര്യം പണ്ടൊരു അഭിമുഖത്തിൽ അദ്ദേഹം എന്നോട് പറഞ്ഞതിങ്ങനെ:'അന്നത്തെ ചീഫ് ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡിെൻറ സാന്നിധ്യത്തിൽ കേസ് നടപടികൾ കണ്ട് ഇരിക്കുകയായിരുന്നു താൻ. ശാബാനുവിനുവേണ്ടി ഒരു ജൂനിയർ വക്കീലാണ് വാദിക്കാനെത്തിയത്. ചീഫ് ജസ്റ്റിസ് ഇടപെട്ട് ചോദിച്ചു- ഒരു മുതിർന്ന അഭിഭാഷകൻ എന്നനിലയിൽ താങ്കൾക്ക് ഈ കേസ് വാദിച്ചുകൂടേ എന്ന്. വേറെ മാർഗമൊന്നുമില്ലായിരുന്നു, അവർക്കുവേണ്ടി കേസ് വാദിക്കാൻ തീരുമാനിച്ചു.'
'ഇസ്ലാമിൽ വിവാഹം എന്നത് തികച്ചും ഗൗരവമാർന്ന വിഷയമാണ്. മുത്തലാഖാവട്ടെ ഖുർആനിക വിരുദ്ധവും. തലാഖിനെക്കുറിച്ചും അതിെൻറ നടപടിക്രമങ്ങളെക്കുറിച്ചും വിവരിക്കുന്ന ഖുർആനിക അധ്യായത്തിൽ 'വലിൽ മുതല്ലഖാതി മതാഉൻ ബിൻ മഅ്റൂഫി ഹഖൻ അലൽ മുത്തഖീൻ (വിവാഹമോചിതരായ സ്ത്രീകൾക്ക് ന്യായമായ രീതിയിൽ ജീവിതവിഭവം നൽകണം, ഭക്തന്മാരുടെ ബാധ്യതയാണിത് -അൽ ബഖറ 241) എന്നൊരു വരിയുണ്ട്. ഈ സൂക്തം ഉദ്ധരിച്ചാണ് ശാബാനുവിന് മാന്യമായ ജീവനാംശത്തിന് അർഹതയുണ്ട് എന്ന് ഞാൻ വാദിച്ചതും അത് കോടതി അംഗീകരിച്ചതും'.
ഏകീകൃത സിവിൽകോഡിനെ അതിശക്തമായി എതിർത്ത ലത്തീഫി ബി.ജെ.പി ഇതൊരു രാഷ്ട്രീയ വിഷയമായി ഉയർത്തിക്കൊണ്ടുവരുകയാണെന്നും രാജ്യത്തെ മുസ്ലിംകൾക്ക് ഇത് ആവശ്യമില്ല എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും വ്യക്തമാക്കിയിരുന്നു.
തൊണ്ണൂറുകളുടെ മധ്യത്തിൽ വലതുപക്ഷ സംഘങ്ങൾ ഏകീകൃത സിവിൽകോഡ് നടപ്പാക്കണമെന്ന മുറവിളികളുമായി വന്നത് ചില കഥകളുടെ അകമ്പടിയോടെയാണ്. സുഷമ സ്വരാജിെൻറ മേൽനോട്ടത്തിൽ ഒരു സർവേ നടത്തിയെന്നും അതിൽ മുസ്ലിംസ്ത്രീകൾ ഏകീകൃത സിവിൽകോഡിന് അനുകൂലമായി പ്രതികരിച്ചു എന്നുമായിരുന്നു അവരുടെ പ്രചാരണം. ഹിന്ദുസ്ഥാൻ ടൈംസിൽ ഇത് വായിച്ചപ്പോൾ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ഒരു സർവേയായിരുന്നു അതെന്ന് എനിക്ക് തോന്നി. അന്നത്തെ മാഗസിൻ എഡിറ്റർ ശ്യാമള ശിവേശ്വാർക്കറെ കണ്ട് ആ സർവേയെക്കുറിച്ച് എെൻറ എതിർകുറിപ്പ് പ്രസിദ്ധീകരിക്കണമെന്നഭ്യർഥിക്കുകയും അവരത് അംഗീകരിക്കുകയും ചെയ്തു. സർവേ നടത്തിയ ഏജൻസി ഏത് , ഏതേത് മേഖലകളിൽനിന്നാണ് അഭിപ്രായം തേടിയത്, സർവേയിൽ സംസാരിച്ച മുസ്ലിം സ്ത്രീകൾ ആരെല്ലാം എന്നീ വിവരങ്ങൾ വെളിപ്പെടുത്തണം എന്നാണ് ഞാൻ ആവശ്യപ്പെട്ടിരുന്നത്.
പ്രതീക്ഷിച്ചതുപോലെ ഈ ചോദ്യങ്ങൾക്കൊന്നും ഒരു മറുപടിയുമുണ്ടായില്ല.
റാണി ജത്മലാനി പഠിപ്പിച്ച ഇസ്ലാം
ഖുർആൻ ഓതും എന്നല്ലാതെ ഇസ്ലാം സ്ത്രീകൾക്ക് നൽകുന്ന അവകാശങ്ങളെക്കുറിച്ചും പരിരക്ഷയെക്കുറിച്ചും ഏതാണ്ട് നാൽപത്തഞ്ച് വയസ്സുവരെ എനിക്ക് ഒരു ധാരണയുമില്ലായിരുന്നു. വിവാഹജീവിതം പരിതാപകരമായ അവസ്ഥയിലേക്ക് നീങ്ങിയ ഘട്ടത്തിൽ വിവാഹമോചനം നേടാൻ തീരുമാനിച്ച ഞാൻ വക്കീലന്മാരുമായി കൂടിയാലോചന നടത്താൻ തുടങ്ങി.
'കലിസ് യുഗ്' എന്ന പുസ്തകം വായിച്ച പരിചയത്തിലും ഒരുപാട് വേദികളിൽ പ്രസംഗിക്കുന്നത് കേട്ട അറിവിലും ആദ്യം ഞാൻ ചെന്നുകണ്ട വക്കീൽ റാണി ജത്മലാനിയാണ്. 'വിവാഹമോചനം' എന്ന വാക്ക് പറയാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചുവെങ്കിലും അത് നേടിയെടുക്കണം എന്ന കാര്യം ഉറപ്പിച്ചിരുന്നു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവർ പറഞ്ഞു- ഒരു അസന്തുഷ്ടമായ വിവാഹത്തിൽനിന്ന് മോചനം നേടാൻ മുസ്ലിംസ്ത്രീക്ക് വളരെ എളുപ്പമാണ്. നിങ്ങൾക്ക് ഖുലാനാമ (ഖുൽഅ്= സ്ത്രീക്ക് വിവാഹബന്ധം അവസാനിപ്പിക്കാനുള്ള വ്യവസ്ഥ), അല്ലെങ്കിൽ തലാഖ്നാമ നടത്തിയാൽ മതിയല്ലോ എന്ന്.
അവർ വിശദീകരിച്ചു പറഞ്ഞു: 'ഇസ്ലാമിക വിവാഹമോചനപ്രക്രിയ സമയം നഷ്ടപ്പെടുത്തുന്നില്ല എന്നത് മാത്രമല്ല, പ്രയാസം കുറഞ്ഞതാണ് എന്ന സവിശേഷതയുമുണ്ട്. വിവാഹമോചനത്തിനായി കോടതിയിൽ പോകുന്നത് ആത്മാവിനെ നശിപ്പിക്കുന്ന പ്രക്രിയയാണ്. അങ്ങനെ ചെയ്യുന്നതിൽനിന്ന് ഞാൻ എന്റെ കക്ഷികളെ നിരുത്സാഹപ്പെടുത്താറാണ്. നിങ്ങളുടെ ഇസ്ലാമിൽ സ്ത്രീയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ വിവാഹമോചന വ്യവസ്ഥകളുണ്ട്.
റാണി ജത്മലാനിയുടെ ആ ഉപദേശം കേട്ട ശേഷമാണ് ഇസ്ലാം സംബന്ധിയായ പുസ്തകങ്ങൾ വായിക്കാൻ ഞാൻ ആരംഭിച്ചത്. ഒരു മനുഷ്യനെന്ന നിലയിൽ എന്റെ മതം എനിക്ക് വാഗ്ദാനം ചെയ്യുന്നതെന്താണെന്ന് ജീവിതത്തിൽ ആദ്യമായി ഞാൻ മനസ്സിലാക്കുകയായിരുന്നു. ഞാനിക്കാര്യങ്ങളൊക്കെ വളരെ മുമ്പേ വായിച്ചിരുന്നെങ്കിൽ എന്നോർത്തുപോയി.
വിവാഹം ഒരു കരാറാണ് എന്ന വസ്തുത മുതൽ ഏതെങ്കിലും കാരണത്താൽ ഇണയുമായി പൊരുത്തപ്പെട്ടുപോകാനാവുന്നില്ലെങ്കിൽ, അത് അവസാനിപ്പിക്കാൻ അവൾക്ക് തുല്യവും പരമവുമായ അവകാശമുണ്ടെന്നതുവരെ സ്ത്രീക്ക് കൃത്യമായ പരിരക്ഷയുണ്ട് ഇസ്ലാമിൽ.
അവർക്ക് പിതാവിന്റെ പേരോ കുടുംബത്തിന്റെ പേരോ അല്ലെങ്കിൽ 'ഖാത്തൂൻ' 'ഫാത്തിമ' തുടങ്ങിയ മുൻനാമങ്ങളോ നിലനിർത്താൻ അവകാശമുണ്ട്, പ്രതീകാത്മകമായി പോലും അവൾ ഒരു പുരുഷനെയും ആശ്രയിക്കുന്നില്ല. സ്രഷ്ടാവിനോടല്ലാതെ മറ്റാരോടും അവർ ഉത്തരം പറയേണ്ടതുമില്ല. ഇസ്ലാമിൽ മധ്യസ്ഥർ ഇല്ലെന്നിരിക്കെ അവൾ ആരോടും വിശദീകരണം നൽകേണ്ടതില്ല.
സ്രഷ്ടാവുമായി നേരിട്ടാണ് ബാധ്യത. നിയ്യത്ത് -ഉദ്ദേശ്യശുദ്ധിയാണ് പ്രധാനമെന്ന്. ഓരോ പ്രവൃത്തിയും അവരുടെ ഉദ്ദേശ്യങ്ങൾക്കനുസൃതമായി വിലയിരുത്തപ്പെടും എന്ന നബിവചനത്തിൽനിന്ന് വ്യക്തമാണ്.
അവർക്ക് പുനർവിവാഹം ചെയ്യാനും സ്വത്ത് സമ്പാദിക്കാനും മഹർ ആവശ്യപ്പെടാനും സമൂഹത്തിലും തൊഴിൽ മേഖലയിലും സജീവമായി പങ്കുവഹിക്കാനും അവർക്ക് സകല അവകാശാധികാരങ്ങളുമുണ്ട്. പ്രവാചകപത്നി ഹസ്റത്ത് ഖദീജ വിജയശ്രീലാളിതയായ ഒരു വ്യവസായ സംരംഭകയായിരുന്നു. നിത്യജീവിതത്തിെൻറ പല മേഖലകളിൽ, എന്തിനേറേ, യുദ്ധക്കളത്തിൽ പോലും അക്കാലത്തെ പല സ്ത്രീകളും സജീവമായ പങ്കുവഹിച്ചിരുന്നു. അവകാശങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. പക്ഷേ ഇന്ത്യയിലെ മുസ്ലിംകളിൽ പലർക്കും അതിനെക്കുറിച്ച് ഒരു ഗ്രാഹ്യവുമില്ലെന്ന് മാത്രം. എന്തുകൊണ്ടില്ല? വിദ്യാഭ്യാസത്തിെൻറ അപര്യാപ്തത തന്നെ അടിസ്ഥാന കാരണം. ഖുർആനും നബിചര്യയുമൊക്കെ വായിക്കുന്നുണ്ട്, പക്ഷേ അതിെൻറ ഉള്ളടക്കം ഗ്രഹിക്കാൻ അവർ മുതിരുന്നില്ല. പിന്നെ സാമൂഹിക സാഹചര്യങ്ങളും നാട്ടിലെ മാമൂലുകളുമൊക്കെ ചേർന്ന് അത് ഇല്ലാതാക്കപ്പെടുന്നു.
വലതുപക്ഷ രാഷ്ട്രീയക്കാർ തങ്ങളുടെ താൽപര്യാനുസരണം മുസ്ലിംവിരുദ്ധ പ്രചാരണങ്ങൾ വ്യാപകമായി അഴിച്ചുവിടുന്നുണ്ട്. ഈ വിഷലിപ്ത പ്രചാരണത്തിെൻറ മുന്നിലും പിന്നിലുംനിന്ന് പ്രവർത്തിക്കുന്ന പല കഥാപാത്രങ്ങളും ഈ വ്യവസ്ഥിതിയെ നിയന്ത്രിക്കുന്നവരാണ് എന്നതാണ് അതീവ സങ്കടകരം. ഇസ്ലാംവിരുദ്ധ പ്രചാരകർ വെച്ചു കാച്ചുന്നതു പോലെ തോന്നുംപടി ചെയ്യാനുള്ള കാര്യമല്ല വിവാഹവും വിവാഹമോചനവും. മറിച്ച് വിവാഹം ഇസ്ലാമിൽ ഒരു കരാറാണ്. രണ്ട് പങ്കാളികൾക്കിടയിൽ ആ കരാർ പ്രാവർത്തികമാകുന്നില്ലെങ്കിൽ തമ്മിലടിക്കുകയോ ജീവനെടുക്കുകയോ ചെയ്യുന്നതിനു പകരം ആ കരാർ അവസാനിപ്പിക്കുന്നതാണ് നല്ലത്. അനുരഞ്ജനത്തിനുള്ള സാധ്യമായ സകല വഴികളും പരാജയപ്പെടുകയും ഒരുമിച്ച് ജീവിക്കുക തീർത്തും അസാധ്യമാവുകയും ചെയ്യുന്ന ഘട്ടത്തിൽ മാത്രമേ വിവാഹമോചന വഴി തേടാവൂ എന്നും ഖുർആൻ ഊന്നിപ്പറയുന്നുണ്ട്.
'അനുവദനീയമാക്കപ്പെട്ട കാര്യങ്ങളിൽ ദൈവത്തിന് ഇഷ്ടപ്പെടാത്ത കാര്യം വിവാഹമോചനമാണ്' എന്ന് ഒരു ഹദീസുണ്ട്. വിവാഹമോചനം നടന്നാൽ, വിവാഹമോചിതയുടെ കുടുംബം പാലിക്കേണ്ട വലിയ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള നബിവചനം കൂടി ഞാൻ ഉദ്ധരിക്കട്ടെ: 'ഞാൻ നിങ്ങൾക്ക് ഏറ്റവും പുണ്യകരമായ ഒരു കർമം ചൂണ്ടിക്കാണിക്കട്ടെയോ? മകൾ ഭർത്താവിൽനിന്ന് വിവാഹമോചനം നേടിയ ശേഷം നിങ്ങളുടെ അടുക്കൽ തിരിച്ചെത്തുമ്പോൾ നിങ്ങൾ അവളോട് ചെയ്യുന്ന നന്മയാണത്'.●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.