ജവഹർലാൽ നെഹ്‌റുവിന്റെ കാഴ്ചപ്പാടുകളും പശ്ചിമേഷ്യയുമായുള്ള സൗഹാർദപൂർണമായ നയങ്ങളുമാണ് അറബ് ലോകത്തെ ഇന്ത്യയിലേക്ക് ചായാൻ പ്രേരിപ്പിച്ചിരുന്നത്. ഫലസ്തീനെ സംബന്ധിച്ച നെഹ്‌റുവിന്റെ നിലപാട് വ്യക്തമായിരുന്നുമിഡിലീസ്റ്റിൽ ഇസ്രായേൽ സേന തുടർച്ചയായി നടത്തിവരുന്ന ബോംബാക്രമണങ്ങളും കൊലപാതകങ്ങളും കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണ്. സാധാരണക്കാരായ ജനങ്ങളുടെ ഭീതിയുടെയും ദൈനംദിന ദുരന്തങ്ങളുടെയും നാശത്തിന്റെയും തോതും നാളുകൾ കഴിയുംതോറും കനത്തുവരുന്നു. ആ മനുഷ്യരെ മാത്രമല്ല നമ്മെയും ബാധിക്കുന്നുണ്ട് ഇതെല്ലാം. വാസ്തവത്തിൽ, ഇതിനകം തന്നെ നമ്മുടെ രാജ്യത്ത് അതിന്റെ...
ജവഹർലാൽ നെഹ്‌റുവിന്റെ കാഴ്ചപ്പാടുകളും പശ്ചിമേഷ്യയുമായുള്ള സൗഹാർദപൂർണമായ നയങ്ങളുമാണ് അറബ് ലോകത്തെ ഇന്ത്യയിലേക്ക് ചായാൻ പ്രേരിപ്പിച്ചിരുന്നത്. ഫലസ്തീനെ സംബന്ധിച്ച നെഹ്‌റുവിന്റെ നിലപാട് വ്യക്തമായിരുന്നു
മിഡിലീസ്റ്റിൽ ഇസ്രായേൽ സേന തുടർച്ചയായി നടത്തിവരുന്ന ബോംബാക്രമണങ്ങളും കൊലപാതകങ്ങളും കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണ്. സാധാരണക്കാരായ ജനങ്ങളുടെ ഭീതിയുടെയും ദൈനംദിന ദുരന്തങ്ങളുടെയും നാശത്തിന്റെയും തോതും നാളുകൾ കഴിയുംതോറും കനത്തുവരുന്നു. ആ മനുഷ്യരെ മാത്രമല്ല നമ്മെയും ബാധിക്കുന്നുണ്ട് ഇതെല്ലാം.
വാസ്തവത്തിൽ, ഇതിനകം തന്നെ നമ്മുടെ രാജ്യത്ത് അതിന്റെ പ്രഭാവം പതിഞ്ഞുതുടങ്ങിയിരിക്കുന്നു. തൊഴിൽ സാധ്യതകൾ, വാണിജ്യ വ്യാപാര മേഖലകൾ, തീർഥാടന യാത്രകൾ, സെമിനാറുകളിലും യോഗങ്ങളിലും അക്കാദമിക് വിദഗ്ധർ നടത്തുന്ന ഇടപെടലുകൾ എന്നിവയിലെല്ലാം സ്ഥിതി അമേരിക്ക ഇറാഖിലേക്ക് കടന്നുകയറിയ 90 കളിൽനിന്ന് തീർത്തും വ്യത്യസ്തമാണിന്ന്.
ന്യൂഡൽഹിയിലെ ജോർ ബാഗിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യയിലെ ഇറാഖ് എംബസി അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന് മുമ്പ് അക്ഷരാർഥത്തിൽ സജീവമായിരുന്നു. 40ലധികം ഇറാഖി നയതന്ത്രജ്ഞരും അതിന്റെ ഇരട്ടി ജൂനിയർ സ്റ്റാഫുകളുമുണ്ടായിരുന്ന അവിടം സൗഹൃദത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും കേന്ദ്രമായിരുന്നു. ഇറാഖിനെതിരായ യുദ്ധം കൊടുമ്പിരിക്കൊണ്ടവേളയിൽ നയതന്ത്രജ്ഞരെ അഭിമുഖം ചെയ്യാനായി പലവുരു ഞാൻ അവിടേക്ക് പോയിട്ടുണ്ട്.
അന്നവിടെ കണ്ടിരുന്ന രണ്ട് കാഴ്ചകൾ ഇവിടെ പരാമർശിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. ഒന്ന്: ലോകത്തിന്റെ മേധാശക്തിയായി വിലസുന്ന അമേരിക്കക്കെതിരെ ‘നെഞ്ചൂക്ക് കാണിച്ച’ സദ്ദാം ഹുസൈന് അഭിവാദ്യങ്ങളർപ്പിക്കാൻ എംബസിക്ക് മുന്നിൽ തടിച്ചുകൂടിയിരുന്ന സിഖുകാരും മുസ്ലിംകളും ഹിന്ദുക്കളുമുൾപ്പെടെയുള്ള ഇന്ത്യക്കാർ. അമേരിക്കക്കെതിരെ പൊരുതുന്ന ഇറാഖി സേനക്ക് അയച്ചുകൊടുക്കൂ എന്ന അപേക്ഷയുമായി ഭക്ഷണശേഖരവും മരുന്നുകളും മറ്റു വസ്തുക്കളുമായി ആളുകൾ എംബസിയിലേക്ക് കയറിവന്നിരുന്നതാണ് സവിശേഷമായ രണ്ടാമത്തെ കാഴ്ച.
പിന്തിരിപ്പൻ സ്വേച്ഛാധിപതിയെന്ന് പാശ്ചാത്യർ പ്രചരിപ്പിച്ചിരുന്ന സദ്ദാം ഹസൈന്റെ നയതന്ത്രജ്ഞരും കുടുംബങ്ങളും ന്യൂഡൽഹിയിൽ കഴിഞ്ഞിരുന്നത് കാലത്തിന് ബഹുദൂരം മുന്നിലായിരുന്നുവെന്നാണ് എനിക്ക് തോന്നിയിരുന്നത്. ഇറാഖി നയതന്ത്രജ്ഞർ പൃഥ്വിരാജ് റോഡിലെ അവരുടെ ഔദ്യോഗിക വസതിയിൽ ഒരുക്കിയിരുന്ന സ്വീകരണ പരിപാടികൾ ഓർമയിലെത്തുന്നു. ഇറാഖ് ദേശീയ ദിനമായിരുന്ന ജൂലൈ 17നോടനുബന്ധിച്ച് ആ രാജ്യത്തെ വിവിധ നഗരങ്ങളിൽനിന്നെത്തുന്ന എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും എഡിറ്റർമാരുമൊക്കെയായി സംഗമങ്ങളും വിരുന്നുകളുമുണ്ടായി.
1950കളിൽ ഇന്ത്യയിലെത്തിയ ആദ്യത്തെ ഇറാഖി അംബാസഡർക്ക് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സമ്മാനിച്ച ആ വസതിയിൽ ഇറാഖ് യഥാർഥ ഇറാഖായി നിലനിന്നിടത്തോളം കാലം അത്തരം പരിപാടികളും കൂടിച്ചേരലുകളുമുണ്ടായിരുന്നു. പിന്നീട് ‘കൂട്ട നശീകരണത്തിനുള്ള ആയുധങ്ങൾ’ തിരയുവാനെന്ന പേരിൽ അമേരിക്കയും സഖ്യസൈന്യങ്ങളും അവിടേക്ക് കടന്നുകയറുകയും ഒന്നും കണ്ടെത്താതെ എല്ലാം നശിപ്പിച്ച് ഇറങ്ങിപ്പോരുകയും ചെയ്തതോടെ ഒരു രാജ്യവും അത് പ്രതിനിധാനം ചെയ്ത അതിപുരാതനമായ സംസ്കൃതിയും നാമാവശേഷമായിത്തീർന്നു.
ഇറാഖ് എംബസിയിൽ മാത്രമല്ല, ഇന്ത്യയുമായി എന്നും മികച്ച സൗഹൃദം ആഗ്രഹിക്കുകയും നിലനിർത്തുകയും ചെയ്ത അറബ് രാജ്യങ്ങളുടെ നയതന്ത്ര കേന്ദ്രങ്ങളിലെല്ലാം ഏറെ ഹൃദ്യമായ സാംസ്കാരിക പരിപാടികളും സൗഹൃദ കൂട്ടായ്മകളും നടക്കാറുണ്ടായിരുന്നു. ഞാൻ ആദ്യമായി ധ്രുപദ് കച്ചേരി കേൾക്കുന്നത് ഇന്ത്യയിലെ മുൻ ഖത്തർ സ്ഥാനപതി ഡോ. ഹസൻ അൽ നിമയുടെ ഔദ്യോഗിക വസതിയിൽവെച്ചാണ്. പരമ്പരാഗത ബൈത്തക് ശൈലിയിൽ സംഗീത സായാഹ്നങ്ങളൊരുക്കി ആതിഥേയത്വം വഹിച്ച സൗമ്യരായ നയതന്ത്രജ്ഞരിൽ ഒരാളായിരുന്നു ഡോ. ഹസൻ. ലെബനാൻ, ഇറാഖ്, ലിബിയ, ജോർഡൻ, അൾജീരിയ എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികളും ഒട്ടനവധി വൈജ്ഞാനിക പരിപാടികൾക്ക് ആതിഥ്യമരുളി. ഇന്ന് ആ രാജ്യങ്ങളിൽ പലതും അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കുതന്ത്രങ്ങൾമൂലം ആഭ്യന്തരയുദ്ധം ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്ക് നടുവിലാണ്. ഒരുകാലത്ത് വളരെ നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന ഡൽഹിയിലെ അറബ് ലീഗ് ഓഫിസിന്റെ നിലവിലെ അവസ്ഥയെന്താണ് എന്നുപോലും എനിക്ക് നിശ്ചയമില്ല.
ഇസ്രായേലിനോടും സഖ്യകക്ഷികളോടും രാജ്യം പ്രകടമായ ചായ്വ് പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സ്ഥിതി കൂടുതൽ സങ്കീർണമായി. 2014 മുതൽ വ്യക്തമായിരുന്ന ഈ ചായ്വ് 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിലേക്ക് ആദ്യ പര്യടനം നടത്തിയതോടെ ശക്തിപ്പെട്ടു.
ജവഹർലാൽ നെഹ്‌റുവിന്റെ കാഴ്ചപ്പാടുകളും പശ്ചിമേഷ്യയുമായുള്ള സൗഹാർദപൂർണമായ നയങ്ങളുമാണ് അറബ് ലോകത്തെ ഇന്ത്യയിലേക്ക് ചായാൻ പ്രേരിപ്പിച്ചിരുന്നത്. ഫലസ്തീനെ സംബന്ധിച്ച നെഹ്‌റുവിന്റെ നിലപാട് വ്യക്തമായിരുന്നു. അതിലൂടെ അറബികളെയും പശ്ചിമേഷ്യയെ അപ്പാടെയും ഇന്ത്യയുടെ ശക്തമായ സഖ്യകക്ഷികളാക്കി മാറ്റാനും അദ്ദേഹത്തിന് സാധിച്ചു. ആഭ്യന്തരനയങ്ങളിൽ മാത്രമല്ല, വിദേശനയങ്ങളിലും നെഹ്‌റുവിന്റെ സുചിന്തിതവും നീതിയുക്തവുമായ നിലപാടുകളിൽനിന്ന് തീർത്തും വിരുദ്ധമാണ് ഇന്ത്യൻ ഭരണകൂടം ഇപ്പോൾ കൈക്കൊള്ളുന്നത്.
ഇന്ത്യയിലെ ഫലസ്തീൻ പ്രതിനിധികളുടെ വാർത്തസമ്മേളനങ്ങളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. അവർ ഇന്ത്യൻ ജനതയുമായി സ്ഥാപിച്ച വൈകാരിക അടുപ്പവും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ന്യൂഡൽഹിയിൽ ഒരുക്കിയ വിപുലമായ സ്വീകരണ ചടങ്ങിൽ ഫലസ്തീൻ വിമോചന പ്രസ്ഥാന നേതാവ് യാസർ അറാഫത്ത് ഇന്ദിര ഗാന്ധിക്ക് നൽകിയ ഊഷ്മളമായ ആലിംഗനവും ഓർമവരുന്നു.
ഇന്ന് അതെല്ലാം പഴങ്കഥകളായി മാറിയിരിക്കുന്നു. മാറിയ ലോകക്രമത്തിൽ മനുഷ്യജീവനെക്കുറിച്ചോ അടിസ്ഥാനപരമായ നിലനിൽപിനെക്കുറിച്ചോപോലും കാര്യമായ ആശങ്കയില്ല. ഇസ്രായേൽ അഴിച്ചുവിടുന്ന ഈ പൈശാചിക യുദ്ധത്തിന്റെ ഒരു പ്രത്യാഘാതം അത് കുഞ്ഞുങ്ങളുടെയും യുവതയുടെയും ഭാവിയിൽ സൃഷ്ടിക്കുന്ന പ്രഹരങ്ങളാണ്.
രാഷ്ട്രീയയുദ്ധങ്ങളുടെയും ആഭ്യന്തര കലഹങ്ങളുടെയും ഇരകളായ ലക്ഷക്കണക്കിന് കുട്ടികൾ മരിക്കുകയോ മരിച്ചതിന് തുല്യരായി ജീവിക്കുകയോ ചെയ്യുന്നു. കുട്ടികളും അവരുടെ കുടുംബങ്ങളും അതീവ നിരാശയോടെ ലോകത്തെ നോക്കുന്ന ദൃശ്യങ്ങൾ നമ്മൾ എല്ലാവരും നിസ്സംഗതയോടെയോ നിസ്സഹായതയോടെയോ കാണുന്നു. പല കുട്ടികളും യൂറോപ്പിലേക്ക് പലായനം ചെയ്യാൻ ശ്രമിക്കുന്നു. അതിജീവനം തേടി അവിടെ എത്തിപ്പെടാൻ കഴിഞ്ഞാലും അന്യവത്കരണത്തിന്റെ ചാപ്പകൾ പേറിവേണം അവർ ജീവിതം തള്ളിനീക്കാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.