ഏറെ അസ്വസ്ഥത ജനിപ്പിക്കുന്ന രണ്ട് റിപ്പോർട്ടുകൾ. ഒന്ന്, തീർച്ചയായും, വീടുകളുടെയും പുരാതന കെട്ടിടങ്ങളുടെയും ഇടിച്ചുനിരത്തലാണ്. തലസ്ഥാന നഗരിയിലെ ബുൾഡോസിങ് അതിക്രമത്തിന്റെ ഏറ്റവും പുതിയ റൗണ്ടിൽ, ഖജൂരി ഖാസ് പ്രദേശത്തുള്ള വകീൽ ഹസന്റെ വീടും തകർത്തിരിക്കുന്നു. ഉത്തരാഖണ്ഡിലെ സിൽക്യാരയിൽ തുരങ്കത്തിൽ അകപ്പെട്ട 41 തൊഴിലാളികളെ ജീവിതത്തിലേക്ക് തിരിച്ചുകയറ്റിയ സംഘത്തിന് നേതൃത്വം നൽകിയ അതേ വകീൽ ഹസന്റെ ഏക സമ്പാദ്യമായ കിടപ്പാടമാണ് ഇടിച്ച് മണ്ണോടുചേർത്തത്. അധികാരികൾ പൊളിച്ചിട്ട വീടിന്റെ മുറ്റത്ത് കുത്തിയിരിപ്പാണ് അദ്ദേഹവും കുടുംബവുമിപ്പോൾ. അധികൃതർ പുലർത്തിയ ഈ സമീപനം അവർക്കേൽപിച്ച അവഹേളനവും നിരാശയും അതിൽനിന്നുയരുന്ന രോഷവും എത്ര വലുതായിരിക്കുമെന്ന് ഒന്ന് സങ്കൽപിച്ചുനോക്കിയിട്ടുണ്ടോ?
സിൽക്യാരയിലെ രക്ഷകനോട് കാണിച്ച നെറികേടിന്റെ ഏറ്റത്തിനെക്കുറിച്ച് പല പൗരാവകാശ പ്രവർത്തകരും ഉറക്കെ വിളിച്ചുപറഞ്ഞതോടെ പകരം സംവിധാനം നൽകാമെന്ന വാഗ്ദാനവുമായി അധികാരികളെത്തി. എന്നാൽ, അത് നിരസിക്കുകയായിരുന്നു വകീൽ ഹസൻ. അതിനദ്ദേഹം പറയുന്ന കാരണങ്ങൾ ന്യായമാണ്. തന്റെ വർഷങ്ങൾ നീണ്ട അധ്വാനത്തിന്റെ ആകത്തുകയായിരുന്നു ആ വീട്, വിദൂരമായ ഒരിടത്ത് മറ്റൊരു വീട് അതിന് പകരമാവില്ല. ഇത്തരമൊരു സന്ദിഗ്ധ ഘട്ടത്തിൽ ജോലിസ്ഥലത്തുനിന്നും മക്കളുടെ വിദ്യാലയത്തിൽനിന്നും ഏറെ അകലെപ്പോയി ജീവിക്കേണ്ടി വരുക എന്നത് അത്ര എളുപ്പമല്ല. ഇത് ഏതെങ്കിലും ഒരാളുടെ മാത്രം കാര്യമല്ല. നൂറുകണക്കിന് മനുഷ്യരാണ് തലേനാൾ വരെ ഉണ്ടുറങ്ങി ജീവിച്ച വീടിന്റെ അവശിഷ്ടങ്ങൾക്കു മുന്നിൽ കണ്ണീരുംകൈയുമായി കുറ്റവാളികളെപ്പോലെ നിൽക്കേണ്ടി വരുന്നത്. ഒരു ചോദ്യം ചോദിക്കാൻ ഞാനിവിടെ നിർബന്ധിതയാവുന്നു: പെൺകുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയെക്കുറിച്ച് വലിയ വായിൽ സംസാരിക്കുന്നവർ എവിടെ? വീടുകൾ തകർക്കപ്പെട്ടതോടെ തലക്കുമീതെ കൂരയില്ലാതായ ആ കുടുംബങ്ങളുടെ സുരക്ഷക്ക് ആരാണ് ഗാരന്റി നൽകുക?
അനധികൃത ഭൂമിയിൽ നിർമിച്ച വീടുകളും കെട്ടിടങ്ങളുമാണ് പൊളിച്ചത് എന്ന് വാദിക്കുന്നവരോട് ചോദിക്കട്ടെ, ഈ കെട്ടിടങ്ങൾ നിർമിച്ച സമയത്ത് ആരാണ് അതിന് അനുമതി നൽകിയത്? വീടുകളോടെ ജീവിതങ്ങളെ പിഴുതെറിയുന്ന ഇത്തരം മനുഷ്യത്വരഹിവും നിർദയവുമായ രീതിയല്ലാതെ മറ്റൊരു പരിഹാരവും നമുക്ക് മുന്നിലില്ലേ?
സ്കൂൾ ഷെഡുകളും മദ്റസ കെട്ടിടങ്ങളും തകർക്കപ്പെടുമ്പോൾ ഒരുപാട് കുഞ്ഞുങ്ങൾക്കും അത് പഠനത്തിന്റെ അവസാനമാണ് എന്നു മറക്കരുത്.
എന്ന് അവസാനിക്കുമെന്ന് ഒരു നിശ്ചയവുമില്ലാതെ തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ യുവാക്കളെക്കുറിച്ചുള്ള വാർത്തകളും കടുത്ത സങ്കടത്തോടെ നമുക്ക് മുന്നിൽ വന്നുവീഴുന്നു. തൊഴിൽ വാഗ്ദാനം ലഭിച്ച് റഷ്യയിലെത്തി യുദ്ധത്തിൽ പങ്കെടുക്കാൻ നിർബന്ധിതനായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ്ഫാൻ എന്ന 30കാരൻ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ട് ശരിതന്നെയെന്ന് മോസ്കോയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിരിക്കുന്നു. ഗുജറാത്തിലെ സൂറത്തിൽനിന്നുള്ള 23കാരനും റഷ്യയിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നൊരു വാർത്ത പ്രചരിക്കുന്നുണ്ട്. ട്രാവൽ ഏജന്റുമാരാൽ കബളിപ്പിക്കപ്പെട്ട തെലങ്കാനയിൽനിന്നുള്ള 18 ചെറുപ്പക്കാർ യുദ്ധത്തിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു.
ഹരിയാനയിൽനിന്നും പഞ്ചാബിൽനിന്നും പുതുവർഷ ആഘോഷത്തിനായി റഷ്യയിലെത്തിയ ചെറുപ്പക്കാർ ബന്ദികളാക്കപ്പെട്ട സംഭവവും ഒട്ടും അവഗണിക്കാനാവുന്നതല്ല. ഡിസംബർ 27ന് റഷ്യയിലെത്തിയ യുവാക്കളെ ബെലറൂസിലേക്ക് ഒരു ഏജൻറ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ബെലറൂസിലേക്ക് പോകാൻ വിസ വേണമെന്ന കാര്യം തങ്ങൾക്കറിയില്ലായിരുന്നുവെന്നും അവിടെയെത്തിയപ്പോൾ ഏജന്റ് കൂടുതൽ പണം ആവശ്യപ്പെടുകയും ഉപേക്ഷിക്കുകയുമായിരുന്നെന്നും യുവാക്കൾ പറയുന്നു. പൊലീസ് പിടികൂടി റഷ്യൻ അധികൃതർക്ക് കൈമാറിയ ഇവരെക്കൊണ്ട് പല രേഖകളും ഒപ്പുവെപ്പിക്കുകയായിരുന്നു. അതിനിടയിലാണ് നമ്മുടെ രാജ്യത്തുനിന്ന് ഒരുകൂട്ടം ചെറുപ്പക്കാർ സംഘർഷ മേഖലയായ ഇസ്രായേലിലേക്ക് തൊഴിൽതേടി പോകാനൊരുങ്ങുന്നത്. യുദ്ധവിമാനങ്ങളുടെ നിഴലിന് കീഴിൽ നിന്നാണെങ്കിലും ജീവിതത്തിന്റെ ദുരിതപ്പൊരിവെയിലിൽനിന്ന് രക്ഷതേടാമെന്ന മോഹവുമായാണ് ആ ചെറുപ്പക്കാർ യാത്രാഭാണ്ഡം മുറുക്കുന്നത്. തൊഴിലും വികസനവും നൽകുമെന്ന് വാഗ്ദാനം ചെയ്ത സ്വന്തം രാജ്യം അവയൊന്നും നൽകാതെ നാശത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിടുമ്പോൾ അതിജീവനത്തിന് ഇതുപോലൊരു ഭീഷണമായ മാർഗം തിരഞ്ഞെടുക്കുന്നതിന് അവരെ കുറ്റം പറയാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.