thakkala girls 89876

എ.ഐ നിർമിത ചിത്രം 

11ഉം 13ഉം വയസുള്ള പെൺകുട്ടികൾ ഇൻസ്റ്റ സുഹൃത്തിനെ കാണാൻ സൈക്കിളിൽ വീടുവിട്ടിറങ്ങി; സഹായം വാഗ്ദാനം ചെയ്ത് അഭിഭാഷകന്‍റെ പീഡനം, സുഹൃത്തും അറസ്റ്റിൽ

നാഗർകോവിൽ: ഇൻസ്റ്റ സുഹൃത്തിനെ കാണാൻ സൈക്കിളിൽ വീടുവിട്ടിറങ്ങി 11ഉം 13ഉം വയസുള്ള സഹോദരിമാർ. വഴിയിൽവെച്ച് സഹായം വാഗ്ദാനംചെയ്ത് കുട്ടികളെ ഓഫിസിലെത്തിച്ച് പീഡിപ്പിച്ച് അഭിഭാഷകൻ. സംഭവത്തിൽ അഭിഭാഷകനെയും കുട്ടികളുടെ സുഹൃത്തായ തിരുനെൽവേലി സ്വദേശിയെയും തമിഴ്നാട് മാർത്താണ്ഡം പൊലീസ് പോക്സോ ചുമത്തി അറസ്റ്റുചെയ്തു. നാഗർകോവിൽ തക്കലയ്ക്ക് സമീപമാണ് സംഭവം. തക്കലയിൽ അഭിഭാഷകനായ അജിത് കുമാർ (26), അംബാസമുദ്രം സ്വദേശിയായ മോഹൻ എന്നിവരാണ് അറസ്റ്റിലായത്.

മാതാവിനൊപ്പം താമസിക്കുന്ന കുട്ടികൾ മാർച്ച് 12നാണ് ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാനായി വീട്ടിൽ നിന്ന് സൈക്കിളിൽ പുറപ്പെട്ടത്. ഒപ്പം വസ്ത്രങ്ങളും പണവും കരുതിയിരുന്നു. അർധരാത്രി തക്കല എത്തിയ ഇവർ പരിഭ്രമിച്ച് നിൽക്കുന്നതിനിടയിൽ അഭിഭാഷകനായ അജിത് കുമാർ ഇവരെ കാണുകയായിരുന്നു. കാര്യം തിരക്കിയപ്പോൾ സുഹൃത്തിനെ കാണാൻ പോകുന്നു എന്ന് കുട്ടികൾ പറഞ്ഞു.

അറസ്റ്റിലായ അഭിഭാഷകൻ അജിത് കുമാർ

 

ബസ് കയറ്റിവിടാൻ സഹായിക്കാമെന്ന് പറഞ്ഞ അജിത്കുമാർ രണ്ട് പേരെയും തന്‍റെ ബൈക്കിൽ കയറ്റി ഓഫിസിൽ കൊണ്ടുപോവുകയും അവിടെവെച്ച് 13കാരിയെ പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് കുട്ടികളെ ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം തിരികെ ബൈക്കിൽ കയറ്റി നാഗർകോവിലിലെത്തിച്ചു. ശേഷം മധുരക്കുള്ള ബസ്സിൽ കയറ്റിവിട്ടു. പോകുന്ന വഴിയിൽ ചുങ്കാൻകട ഭാഗത്ത് വച്ച് കുട്ടികൾക്ക് ചായ വാങ്ങി നൽകിയിരുന്നു.

കുട്ടികളെ കാണാനില്ലെന്ന് 13ാം തിയതിയാണ് തക്കല പൊലീസിന് പരാതി ലഭിച്ചത്. അന്വേഷണം നടത്തിയ പൊലീസിന് ചായക്കടയിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ അഭിഭാഷകനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യംചെയ്യലിൽ കുട്ടികളെ മധുരയ്ക്ക് ബസ് കയറ്റിവിട്ട വിവരം അറിഞ്ഞു. കുട്ടികൾ സ്ഥലങ്ങൾ കാണാൻ പോയതാണെന്നാണ് ഇയാൾ പറഞ്ഞത്.

പൊലീസ് കുട്ടികളെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫിലായിരുന്നു. കുട്ടികളുടെ ഫോൺ ഓണായ സമയം ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരുനെൽവേലിയിൽ ഇവർ ഉള്ളതായി അറിഞ്ഞു. അവിടെയെത്തിയ പൊലീസ് സംഘം ആൺസുഹൃത്തിനൊപ്പം ലോഡ്ജ് മുറിയിൽ കുട്ടികളെ കണ്ടെത്തുകയായിരുന്നു. കുട്ടികളെ അഭിഭാഷകനും ഫോണിൽ വിളിച്ചതായി പിന്നീട് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം അറിഞ്ഞത്.

പിന്നാലെ അഭിഭാഷകനായ അജിത്കുമാറിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റസമ്മതം നടത്തി. തുടർന്ന് കേസ് ഓൾ വനിത പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും രണ്ട് പേർക്കെതിരെയും പോക്സോ ചുമത്തി ജയിലിലടക്കുകയുമായിരുന്നു. കുട്ടികളെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ശിശുസംരക്ഷണ കേന്ദ്രത്തിലെത്തിച്ചു. സംഭവത്തെക്കുറിച്ച് പ്രത്യേക പൊലീസ് വിഭാഗം വിശദമായി അന്വേഷിച്ച് വരികയാണ്. 

Tags:    
News Summary - 11 and 13-year-old girls leave home on bicycle to meet Instagram friend; Lawyer sexually abuse them by offering help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.