താമരശ്ശേരി: ഈങ്ങാപ്പുഴ കക്കാട് ഷിബില വധക്കേസിൽ ഭർത്താവ് യാസിറിന്റെ സുഹൃത്തുക്കളെയും വിശദമായി ചോദ്യം ചെയ്യുമെന്നും യാസിറിന്റെ ലഹരി ബന്ധങ്ങൾ അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. യാസിറിന്റെ കൂട്ടുകാരിൽ ചിലർ മയക്കുമരുന്നിന്റെ അടിമകളാണെന്നും ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖ് ഉള്‍പ്പെടെയുള്ളവരുമായി യാസിറിന് ബന്ധമുണ്ടെന്നുമുള്ള നാട്ടുകാരുടെയും ബന്ധുക്കളുടെയും പരാതിയിലാണ് അന്വേഷണം നടത്തുന്നത്. കസ്റ്റഡിയില്‍ വാങ്ങി അടുത്ത ദിവസംതന്നെ കൊലപാതകം നടന്ന കക്കാടുള്ള ഷിബിലയുടെ വീട്ടിൽ യാസിറിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഷിബിലയുടെ മാതാപിതാക്കളിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്നും ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായതിനാലാണ് വൈകുന്നതെന്നും താമരശ്ശേരി ഇൻസ്പെക്ടർ സായൂജ് കുമാർ പറഞ്ഞു. ഇരുവരും അപകടനില തരണം ചെയ്തതായാണ് വിവരം.
ഷിബിലയുടെ വിവാഹം നടക്കുന്ന സമയത്തും യാസിർ ലഹരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും വിവാഹത്തിനുശേഷവും ലഹരി ഉപയോഗം തുടർന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. യാസിർ നടത്തിയത് ആസൂത്രിത കൊലപാതകമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഷിബില തനിക്കൊപ്പം വരാത്തതിലുള്ള വൈരാഗ്യത്തെ തുടർന്നായിരുന്നു കൊലപാതകം നടത്തിയതെന്നും ഷിബിലയുടെ വീട്ടുകാർക്കും ഇക്കാര്യത്തിൽ പങ്കുണ്ടെന്നുമാണ് യാസിർ പൊലീസിന് നൽകിയ മൊഴി. വ്യാഴാഴ്ചയും ഫിംഗർ പ്രിൻറ് വിദഗ്ധർ കൊലപാതകം നടന്ന വീട്ടിലെത്തി തെളിവ് ശേഖരിച്ചു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച സന്ധ്യയോടെയാണ് ഷിബിലയെ ഭര്‍ത്താവ് യാസിര്‍ കാറിലെത്തി കത്തി ഉപയോഗിച്ച് കുത്തുന്നത്. തടയാന്‍ ശ്രമിച്ച പിതാവ് അബ്ദുറഹ്മാനും മാതാവ് ഹസീനക്കും കുത്തേറ്റിരുന്നു. 11 കുത്തുകളേറ്റ ഷിബിലയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പിന്നീട് മെഡിക്കൽ കോളജ് പരിസരത്തുനിന്നാണ് യാസിറിനെ പൊലീസ് പിടികൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.