Meerut Murder Case

കണ്ടാൽ സ്നേഹം തുളുമ്പുന്ന ചുവടുകൾ, ആ നൃത്തം ചവിട്ടിയശേഷം ഭർത്താവിനെ വെട്ടിനുറുക്കി; ക്രൂരതയുടെ ആൾരൂപമായി മുസ്കാ​ൻ -വിഡിയോ

മീററ്റ് (യു​.പി): ഭാര്യയുടെയും മകളുടെയും ജന്മദിനമാഘോഷിക്കാൻ ലണ്ടനിൽനിന്നെത്തിയ മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തിയ വാർത്തക്കുപിന്നാലെ ദമ്പതികൾ ഒന്നിച്ച് നൃത്തം ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മകൾക്കൊപ്പം ഇരുവരും നൃത്തം ചെയ്യുന്നതാണ് വൈറലായ ദൃശ്യത്തിലുള്ളത്. മകളുടെ ജന്മദിനത്തിലാണ് സൗരഭ് രജപുത്ത് ഭാര്യ മുസ്കാൻ റസ്തോഗിക്കൊപ്പം നൃത്തം ചെയ്യുന്നത്. മീററ്റിലെ ഒരു ഹോട്ടലിൽ സംഘടിപ്പിച്ച ജന്മദിനാഘോഷ ചടങ്ങിലായിരുന്നു ഇരുവരുടെയും നൃത്തം. എന്നാൽ, ആ നൃത്തച്ചുവടുകൾക്ക് പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ച അരുംകൊല അരങ്ങേറിയത്. തന്നെ അത്രയേറെ സ്നേഹിക്കുന്ന ഭർത്താവിന്റെ ചുവടുകൾക്കൊപ്പിച്ച് ആനന്ദ നൃത്തമാടിയതിനു പിന്നാലെയാണ് സൗരഭിനെ മുസ്കാനും കാമുകൻ സാഹിൽ ശുക്ലയും ചേർന്ന് കൊലപ്പെടുത്തിയത്.

2016ൽ പ്രണയവിവാഹിതരായതാണ് സൗരഭും മുസ്കാനും. മുസ്കാൻ ലണ്ടനിലേക്ക് ​പോയപ്പോൾ അഞ്ചുവയസ്സുള്ള മകൾക്കൊപ്പം മീററ്റിലെ ഫ്ലാറ്റിലാണ് മുസ്കാൻ താമസിക്കുന്നത്. റെസ്റ്റോറന്റിലെ ജന്മദിനാഘോഷ ചടങ്ങിൽ മകളും ഇവർക്കൊപ്പം സന്തോഷ​ത്തോടെ നൃത്തം ചെയ്യുന്നത് കാണാം. ഭാര്യാഭർത്താക്കന്മാർ ഏറെ സ്നേഹത്തിലെന്ന് തോന്നിപ്പിക്കുന്നതാണ് ഈ വിഡിയോ.

എന്നാൽ, ഭർത്താവിനെ വക വരുത്താൻ ഉള്ളിൽ ഗൂഢനീക്കവുമായി കാത്തിരിക്കുമ്പോഴാണ് പുറമേ സ്നേഹം നടിച്ച്, നിറഞ്ഞ ചിരിയുമായി മുസ്കാൻ നൃത്തം ചെയ്യുന്നത്. ഇക്കഴിഞ്ഞ മാർച്ച് നാലിനുശേഷം സൗരഭിനെ ആരും കണ്ടിട്ടില്ല. അന്ന് രാത്രി സൗരഭിന്റെ ഭക്ഷണത്തിൽ മുസ്കാൻ ഉറക്കഗുളിക ചേർക്കുകയായിരുന്നു. ഉറങ്ങിക്കിടന്ന സൗരഭിനെ സാഹിൽ കുത്തിക്കൊലപ്പെടുത്തി. മൃതദേഹം വെട്ടിനുറുക്കി ഇരുവരും ചേർന്ന് പ്ലാസ്റ്റിക് ഡ്രമ്മിലിട്ട് സിമന്‍റിട്ട് മൂടി. ബ്രഹ്മപുരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഇന്ദിരാ നാഗയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

തന്നെ ഏറെ സ്നേഹിച്ച ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ മകൾക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് മുസ്കാന്‍റെ മാതാപിതാക്കൾ തന്നെ രംഗത്തുവന്നു. തങ്ങളുടെ മകൾക്ക് ജീവിക്കാൻ അർഹതയില്ലെന്നും മരണംവരെ തൂക്കിലേറ്റണമെന്നും മുസ്കാന്‍റെ പിതാവ് പ്രമോദ് റസ്തോ​ഗി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. സൗരഭിന്‍റെയും മുസ്കാന്‍റെയും മകൾ മുസ്കാന്റെ രക്ഷിതാക്കൾക്കൊപ്പമാണിപ്പോൾ.

സൗരഭ് ലണ്ടനിലേക്ക് പോയതുമുതൽ മുസ്കാൻ എല്ലാവരിൽ നിന്നും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. മുസ്‌കാൻ ഭർതൃവീട്ടുകാരുമായി ഒത്തുപോകാറില്ലായിരുന്നെന്നും അമ്മ പറഞ്ഞു. മുസ്‌കാനെ സൗരഭ് ഗാഢമായി സ്നേഹിച്ചിരുന്നെന്നും മാതാപിതാക്കൾ വ്യക്തമാക്കി.

കൊലപാതക വിവരം പുറത്തറിയാതിരിക്കാൻ, സൗരഭ് ഹിൽ സ്റ്റേഷനിലേക്ക് യാത്ര പോയിരിക്കുകയാണെന്നാണ് മുസ്കാൻ പറഞ്ഞത്. സൗരഭിന്‍റെ ഫോണുമായി ഇരുവരും ഭാര്യയും കാമുകനും മണാലിയിലേക്ക് പോകുകയും സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഫോൺ വഴി ചിത്രങ്ങൾ അപ്ലോഡ് ചെയ്യുകയും ചെയ്തു. എന്നാൽ, കുടുംബാംഗങ്ങളുടെ കാൾ എടുക്കാതായതോടെ സംശയം തോന്നി പരാതി നൽകുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരെയും ചോദ്യംചെയ്തത്.

സൗരഭിനെ കൊലപ്പെടുത്തിയെന്ന് മകൾ സമ്മതിച്ചതായി മുസ്‌കാന്റെ അമ്മ പൊലീസിനെ അറിയിച്ചതോടെയാണ് കേസ് വെളിച്ചത്തുവന്നത്. സൗരഭുമായി വഴക്കുണ്ടായെന്ന് മാർച്ച് 17-ാം തീയതി മുസ്കാൻ തന്നെ അറിയിച്ചിരുന്നെന്ന് അമ്മ കവിത റസ്തോ​ഗി തുറന്നുപറഞ്ഞു. ‘വീട്ടിലേക്ക് നേരിട്ടുവന്ന് കൂടുതൽ കാര്യങ്ങൾ പറയാമെന്നും മുസ്കാൻ പറഞ്ഞു. വീട്ടിലെത്തിയയുടൻ മുസ്കാൻ കെട്ടിപ്പിടിച്ച് കരയുകയാണ് ചെയ്തത്. എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ സൗരഭിനെ അദ്ദേഹത്തിന്റെ കുടുംബാം​ഗങ്ങൾ ചേർന്ന് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്ന് കള്ളം പറഞ്ഞു. ഇക്കാര്യം പൊലീസിലറിയിക്കണമെന്നാണ് പിതാവ് ആവശ്യപ്പെട്ടത്. സ്റ്റേഷനിലേക്ക് പോകുമ്പോൾ പിതാവ് വീണ്ടും മുസ്കാനെ ചോദ്യം ചെയ്തു. അപ്പോഴാണ് താനും കാമുകൻ സാഹിലും ചേർന്നാണ് സൗരഭിനെ കൊന്നതെന്ന് മുസ്കാൻ സമ്മതിച്ചത്’ -കവിത പറഞ്ഞു.

തങ്ങളുടെ മയക്കുമരുന്നുപയോ​ഗം സൗരഭ് നിർത്തുമോയെന്ന ഭയംകൊണ്ടാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് മുസ്കാൻ പറഞ്ഞു. സൗരഭ് ലണ്ടനിലേക്ക് പോയപ്പോൾ മുസ്കാനെ തങ്ങൾക്കൊപ്പം നിർത്താൻ അവളുടെ മാതാപിതാക്കൾക്ക് താത്പര്യമുണ്ടായിരുന്നു. എന്നാൽ, സ്വതന്ത്രയായി നിൽക്കാനായിരുന്നു അവളുടെ താത്പര്യം. അതിനെ സൗരഭും അനുകൂലിക്കുകയായിരുന്നു. 

Tags:    
News Summary - Killer Wife Muskan’s Dance VIDEO With Husband & Daughter Surfaces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.