മഞ്ചേരി: കാറുകളില്‍ കഞ്ചാവ് കടത്തുന്നതിനിടെ എക്സൈസ് സംഘത്തിന്റെ പിടിയിലായ നാലു യുവാക്കള്‍ക്ക് മഞ്ചേരി എന്‍.ഡി.പി.എസ് സ്പെഷല്‍ കോടതി 24 വര്‍ഷം കഠിനതടവും രണ്ടു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. അരീക്കോട് കടുങ്ങല്ലൂര്‍ കണ്ണാടിപ്പറമ്പ് വീട്ടില്‍ നവാസ് ഷരീഫ് (24), തിരൂര്‍ കൽപകഞ്ചേരി കടുങ്ങാത്തുകുണ്ട് പ്ലാവിള വടക്കേതില്‍ ഷഹദ് (24), കൊണ്ടോട്ടി മുതുവല്ലൂര്‍ ചുള്ളിക്കോട് കൈതമൂല വീട്ടില്‍ അബ്ദുൽ സമദ് (25), കൊയിലാണ്ടി ബാലുശ്ശേരി നരിനട കുഴിപ്പുള്ളില് വീട്ടില്‍ അമല്‍രാജ് (26) എന്നിവരെയാണ് ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്.
എന്‍.ഡി.പി.എസ് ആക്ടിലെ രണ്ടു വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ഓരോ വകുപ്പിലും 12 വര്‍ഷം വീതം കഠിനതടവ്, ഒരു ലക്ഷം രൂപ വീതം പിഴ, പിഴയടക്കാത്തപക്ഷം ആറു മാസം വീതം അധിക തടവ് എന്നിങ്ങനെയാണ് നാലുപേര്‍ക്കുമുള്ള ശിക്ഷ. തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നും പ്രതികള്‍ റിമാൻഡില്‍ കിടന്ന കാലാവധി ശിക്ഷയില്‍ ഇളവ് ചെയ്യുമെന്നും കോടതി വിധിച്ചു.
2022 ആഗസ്റ്റ് 11ന് രാത്രി ഒമ്പതിന് വഴിക്കടവ് എക്സൈസ് ചെക്പോസ്റ്റിലെ ഇന്‍സ്പെക്ടര്‍ കെ.എന്‍. റിമേഷും സംഘവുമാണ് പ്രതികളെ പിടികൂടിയത്. സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ ചുമതലയുള്ള അസി. എക്സൈസ് കമീഷണര്‍ ടി. അനികുമാര്‍ നല്കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വഴിക്കടവ് ആനമറിയില്‍ നടത്തിയ വാഹനപരിശോധനയില്‍ രണ്ടു കാറുകളിലെത്തിയ പ്രതികള്‍ പിടിയിലാവുകയായിരുന്നു. ഇരു വാഹനങ്ങളില്‍നിന്നുമായി 129.50 കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു.
അറസ്റ്റിലായശേഷം നാലു പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. കേസിലെ മൂന്നാം പ്രതി കുഴിമണ്ണ മേച്ചേരിപ്പറമ്പ് മഠത്തില്‍ മുഹമ്മദ് ഷഫീഖിന് (25) മാനസികപ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തി കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇയാളുടെ പേരിലുള്ള കേസ് കോടതി പിന്നീട് പരിഗണിക്കും. എക്സൈസ് ക്രൈംബ്രാഞ്ച് ഉത്തരമേഖല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്.എന്‍. ബൈജുവാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുരേഷ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.