മുംബൈ: ഐ.സി.ഐ.സി.ഐ ബാങ്ക് മുൻ ജീവനക്കാരൻ കവർച്ച ശ്രമത്തിനിടെ ഉദ്യോഗസ്ഥയെ കുത്തിക്കൊലപ്പെടുത്തുകയും കാഷ്യറെ പരിക്കേൽപിക്കുകയും ചെയ്ത സംഭവം മഹാരാഷ്ട്രയിലെ വിരാർ നിവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. കവർച്ച ശ്രമത്തിനിടെ ബാങ്ക് ശാഖയിൽ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ വിവരിക്കുകയാണ് പൊലീസ്. ഭീതിയുടെ ആ 13 മിനിറ്റ് സമയത്തെ സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസ് വിവരിച്ചത്.
കഴുത്തിന് കുത്തേറ്റിട്ടും പ്രതിയായ അനിൽ ദുബെയെ തടയുകയും അലമുറയിട്ട് സമീപവാസികളെ വിവരമറിയിക്കുകയും ചെയ്ത കാഷ്യർ ശ്വേത ദേവ്രുഖാണ് (32) അസാമാന്യ ധീരത കാണിച്ചത്. സുരക്ഷ ഗാർഡുകൾ ഇല്ലാത്ത ബാങ്കിന് പുറത്തേക്ക് രക്ഷെപടാൻ ശ്രമിച്ച ദുബെയെ തടയുകയും നാട്ടുകാരോട് സഹായത്തിന് അപേക്ഷിക്കുകയും ചെയ്ത ശ്വേതയാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.
രണ്ട് ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തി പരമാവധി പണം കൈക്കലാക്കാനായിരുന്നു പ്രതി ലക്ഷ്യമിട്ടതെന്നും എന്നാൽ ശ്വേതയുടെ അസാമാന്യ ധീരതയാണ് ഇത് തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ബാങ്കിൽ നിന്ന് ആഭരണങ്ങളും പണവുമടക്കം 1.38 കോടി രൂപയാണ് ഇയാൾ കൈക്കലാക്കിയിരുന്നത്.
ഐ.സി.ഐ.സി.ഐ ബാങ്കിന്‍റെ മൻവേൽപാഡ ശാഖയിലെ മാനേജരായിരുന്നു ദുബെ. കഴിഞ്ഞ ആഗസ്റ്റിലാണ് ദുബെ നായ്ഗോണിലെ ആക്സിസ് ബാങ്ക് ശാഖ മാനേജരായി ചേർന്നത്.
വ്യാഴാഴ്ച വൈകീട്ടാണ് ദുബെ മൻവേൽപാഡ ശാഖയിലെ മാനേജരും മുൻ സഹപ്രവർത്തകയുമായ യോഗിത വർതകിനെ (34) കാണാനായി ബാങ്കിലെത്തിയത്.
രാത്രി 8.03 - ദുബെയും യോഗിതയും ജോലി മാറ്റത്തെ കുറിച്ച് ചർച്ച ചെയ്യാനായി ബാങ്കിനകത്തെ ചെറിയ മെസ്സ് റൂമിലെത്തി
8.07 -യോഗിത എഴുന്നേറ്റ് തിരിയാൻ ശ്രമിക്കുന്നതിനിടെ ദുബെ തന്‍റെ ബാഗിൽ കരുതിയിരുന്ന കത്തിയെടുത്ത് കഴുത്തിൽ തുരുതുരെ കുത്തി. സഹായത്തിനായി അവർ ഉറക്കെ കരഞ്ഞെങ്കിലും ദുബെ കുത്തിക്കൊണ്ടിരുന്നു. ഏഴോ എട്ടോ തവണയാണ് ദുബെ യോഗിതയുടെ കഴുത്തിൽ കുത്തിയതെന്ന് പൊലീസ് പറഞ്ഞു.
8.08 -മെസ്സ് റൂമിലെത്തിയ ശ്വേത യോഗിത കുത്തേറ്റ് വീണു കിടക്കുന്നതാണ് കണ്ടത്. ഇതോടെ ശ്വേതക്കെതിരെ തിരിഞ്ഞ ദുബെ മറ്റൊരു കത്തിയെടുത്ത് ശ്വേതയുടെ കഴുത്തിന് കുത്തി. കുത്തേറ്റ ശ്വേത നിലത്ത് വീണു.
8.09 -ബാങ്കിന്‍റെ സ്ട്രോങ് റൂമിലുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കാനായി ദുബെ ബാഗുമെടുത്ത് പോയി.
8.12 -ദുബെ രക്ഷപ്പെടാൻ ഒരുങ്ങുന്നതിനിടെ കഴുത്തിലെ മുറിവ് ഒരു കൈ കൊണ്ട് അമർത്തി പിടിച്ച് ശ്വേത അപായ മണി മുഴക്കാനായി മാനേജരുടെ കാബിനിലേക്ക് പോയി.
8.13 -മോഷണ മുതലുമായി കടന്നുകളയാൻ ശ്രമിച്ച പ്രതി ബാങ്കിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ശ്വേത തടഞ്ഞു. കത്തിയെടുത്ത ദുബെ അവളെ വീണ്ടും കുത്തി.
8.14 -പ്രധാന വാതിലിലൂടെ ദുബെ ബാങ്കിന്‍റെ പുറത്ത് കടന്നു. അയാളെ പിന്തുടർന്ന് പുറത്തെത്തിയ ശ്വേത ഒച്ച വെച്ച് നാട്ടുകാരെ അറിയിച്ചു.
രക്തം ഒലിപ്പിച്ച് സഹായത്തിനായി അപേക്ഷിച്ച ശ്വേതയെ ആദ്യമായി ശ്രദ്ധിച്ചത് സമീപത്ത് കൂടി പോകുകയായിരുന്ന ആദിൽ പത്താനും സുഹൃത്ത് ജസീക്കയുമായിരുന്നു. ബാങ്കിന് സമീപത്ത് കൂടെ ദുബെ രക്ഷപെടുന്നത് കണ്ട പത്താൻ പിറെക ഓടി പിടികൂടുകയായിരുന്നു. അഞ്ച് മിനിറ്റിനുള്ളിൽ പൊലീസ് സംഭവ സ്ഥലത്തെത്തി.
രക്തത്തിൽ കുളിച്ച് ചലനമറ്റ നിലയിലാണ് യോഗിതയെ നാട്ടുകാർ കണ്ടത്. ശ്വേതക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് യോഗിത അന്ത്യശ്വാസം വലിച്ചത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്വേത ചികിത്സയിൽ കഴിയുകയാണ്.
റോഡരികിൽ നിന്ന് വാങ്ങിയ മൂന്ന് കത്തികൾ കൈയ്യിൽ കരുതിയാണ് ദുബെ ബാങ്ക് കൊള്ളയടിക്കാൻ എത്തിയത്. കഠിനാധ്വാനിയായ യോഗിത രാത്രി വൈകിയും ബാങ്കിൽ ജോലിയിൽ ഏർപെടാറുണ്ടായിരുന്നു. ആറുമണിക്ക് ശേഷം ശാഖയിൽ സുരക്ഷ ഗാർഡുകൾ ഉണ്ടാവുകയില്ലെന്ന് അറിയാമായിരുന്ന ദുബെ അത് മുതലെടുക്കുകയായിരുന്നു.
സുരക്ഷ ഗാർഡുകളുടെ അസാന്നിധ്യത്തിലും വനിത ജീവനക്കാർക്ക് ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം ഒരുക്കിയതിന് ഐ.സി.ഐ.സി.ഐ ബാങ്കിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. മരിച്ച യോഗിതയുടെ ഭർത്താവ് മരുന്ന് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. മൂന്ന് വയസായ മകനുണ്ട്.
മൂന്ന് ബാങ്കുകളിൽ നിന്ന് ദുബെ ഭീമമായ സംഖ്യ വായ്പയെടുത്തിരുന്നതായും അവ തിരിച്ചടക്കാൻ സാധിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ലോക്ഡൗൺ കാലത്ത് ഒരു മൊബൈൽ കട തുടങ്ങിയെങ്കിലും അതും വിജയിച്ചില്ല. ഇതിനിടെ ഓഹരി വ്യാപാരത്തിൽ ഇറങ്ങിയെങ്കിലും വൻ നഷ്ടം സംഭവിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആഗസ്റ്റ് ആറ് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.