ഹൈദരാബാദിലെ ആഡംബര ഹോട്ടലിൽ പുലർച്ചെ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ലഹരിപാർട്ടിക്കിടെ പിടിയിലായത് നിരവധി പ്രമുഖർ. ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെയായിരുന്നു പൊലീസിന്റെ നടപടി. പാർട്ടിയിൽ ലഹരി മരുന്ന് വ്യാപകമായി ഉപയോഗിച്ചതായി കണ്ടെത്തി. പാർട്ടിയിൽ പങ്കെടുത്ത 142 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തെലുങ്കു നടി നിഹാരിക കോനിഡേല, ഗായകൻ രാഹുൽ സിപ്ലിഗുഞ്ജ് തുടങ്ങിയവർ പാർട്ടിക്കിടെ കസ്റ്റഡിയിലെടുത്തവരിൽ ഉൾപ്പെടും. ചലച്ചിത്രതാരങ്ങളും രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള പ്രമുഖരുടെ മക്കളും കസ്റ്റഡിയിലെടുത്തവരിൽ ഉൾപ്പെടുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആന്ധ്ര മുൻ ഡി.ജി.പിയുടെ മകളും തെലുഗുദേശം പാർട്ടി എം.പിയുടെ മകനും പിടിയിലായവരുടെ കൂട്ടത്തിലുണ്ടെന്ന് സൂചനയുണ്ട്.
റാഡിസൻ ഹോട്ടലിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു ഹൈദരാബാദ് പൊലീസിന്റെ പ്രത്യേക ദൗത്യ സംഘത്തിന്റെ മിന്നൽ പരിശോധന. സ്റ്റേഷൻ പരിധിയിൽ ലഹരിപാർട്ടി നടന്നതിന്റെ പേരിൽ ബഞ്ജാര സ്റ്റേഷൻ ഹൗസ് ഓഫിസറെ ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തു. എസ്.എച്ച്.ഒ ശിവ ചന്ദ്രയെയാണ് ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണർ സി.വി. ആനന്ദ് സസ്പെൻഡ് ചെയ്തത്. ബഞ്ജാര സ്റ്റേഷനിലെ അസിസ്റ്റന്റ് കമ്മിഷണർ എം. സുദർശന് മെമോയും നൽകി.
'റെയ്ഡിൽ ഹോട്ടലിൽനിന്ന് പലതും പിടിച്ചെടുത്തിരുന്നു. അതിൽ പഞ്ചസാര പോലെ തോന്നിക്കുന്ന വസ്തുക്കളും ഉണ്ടായിരുന്നു. വിശദ പരിശോധനയിൽ ഇത് നിരോധിത വസ്തുവായ കൊക്കെയ്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പാർട്ടിയിൽ പങ്കെടുത്ത മുപ്പതിലധികം സ്ത്രീകൾ ഉൾപ്പെടെ 142 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്' –ഹൈദാബാദ് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.