ആഗ്ര: മണപ്പുറം ഫിനാൻസിന്‍റെ ആഗ്ര ശാഖയിൽ നിന്ന് ആയുധധാരികളായ ആറ് മോഷ്ടാക്കർ 17 കിലോഗ്രാം സ്വർണം കവർന്നു. അഞ്ച് ലക്ഷം രൂപയും മോഷണം പോയി. മണപ്പുറത്തിന്‍റെ കമല നഗർ ശാഖയിൽ ശനിയാഴ്ചയാണ് സംഭവം. അക്രമികളെ പിന്തുടർന്ന പൊലീസ് രണ്ടുപേരെ വെടിവെച്ച് കൊന്നു.
ശനിയാഴ്ച ഉച്ചക്ക് ശാഖയിലെത്തിയ മോഷ്ടാക്കൾ ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി 20 മിനിറ്റിനുള്ളിൽ കളവ് നടത്തി സ്ഥലം വിട്ടു. മോഷണത്തിന് ശേഷം ബ്രാഞ്ച് പുറത്ത് നിന്ന് പൂട്ടിയാണ് കള്ളൻമാർ സ്ഥലം വിട്ടത്. ജീവനക്കാർ പ്രധാന വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും പുറത്ത് നിന്ന് പൂട്ടിയിരുന്നു. അയൽവാസികളെത്തിയാണ് ഇവരെ രക്ഷിച്ചത്. പിന്നാലെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
'20 മിനിറ്റിൽ താഴെ മാത്രമാണ് മോഷ്ടാക്കൾ ശാഖയിലുണ്ടായിരുന്നത്. ആ സമയം കൊണ്ട് ഞങ്ങളുടെ ലോക്കറിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും പണവും അവർ കൈക്കലാക്കി'- ശാഖയിലെ ജീവനക്കാരൻ പറഞ്ഞു.
മോഷ്ടാക്കളിൽ രണ്ടുപേർ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സ്ഥലത്തുനിന്ന് 17 കിലോമീറ്ററിന് അകലെയുള്ള എത്മാദ്പൂരിൽ വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്. പ്രതികൾ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ആകാശത്തേക്ക് വെടിവെക്കുകയായിരുന്നു. സമീപത്തെ മെഡിക്കൽ സ്റ്റേറിൽ നിന്ന് രണ്ട് അക്രമികൾ തിരിച്ച് വെടിയുതിർത്തതോടെ പൊലീസ് അവരെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. മനീഷ് പാണ്ഡേയും നിർദോഷ് കുമാറുമാണ് മരിച്ചത്.
ഏഴര കിലോ സ്വർണവും ഒന്നരലക്ഷം രൂപയും പൊലീസ് വീണ്ടെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച തിലൂടെ പ്രതികളെ തിരിച്ചറിഞ്ഞതായും അവരെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.