തൊടുപുഴ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ പീഡനത്തിനിരയാക്കിയ കേസില്‍ മുഖ്യ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി പൊലീസ് കോടതിയെ സമീപിച്ചു. പ്രതികളായ കുമാരമംഗലം മംഗലത്ത് രഘു (51), പെരിന്തല്‍മണ്ണ മാളിയേക്കല്‍ ജോണ്‍സന്‍ (50) എന്നിവരെ ചോദ്യം ചെയ്യാനാണ് പോക്‌സോ പ്രത്യേക കോടതിയുടെ അനുമതി തേടിയത്. കേസിലെ ഒന്നാം പ്രതി രഘുവാണ് പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി അന്വേഷണം നടത്തുന്നതിന് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ബി.വാഹിദ ആവശ്യപ്പെട്ടു. പ്രതികളെ നേരത്തേ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു. ഒന്നാം പ്രതിയുടെ വീട്ടില്‍ വെച്ച് കുട്ടിയുടെ അമ്മയുടെ അറിവോടെ പീഡനത്തിന് ഇരയാക്കിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും മറ്റ്പ്രതികളെ കണ്ടെത്താന്‍ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കേണ്ടതുണ്ടെന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചു. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി.വി. അനീഷ് കുമാര്‍ രണ്ട് പ്രതികളെയും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ ജില്ല ജയില്‍ അധികൃതര്‍ക്ക് നിർദേശം നല്‍കി. പെണ്‍കുട്ടിയുടെ അമ്മ അടക്കം ഇതുവരെ എട്ട് പ്രതികള്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.
പെണ്‍കുട്ടിയെ ജോലിക്കെന്ന വ്യാജേന ആലുവയിലെത്തിച്ച് ലോഡ്ജ് മുറിയില്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പീഡനത്തിന് ഇരയാക്കിയ പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കിയിരുന്നു. വിവിധ സ്ഥലങ്ങളില്‍ നടന്ന കുറ്റകൃത്യമായതിനാല്‍ പ്രതികള്‍ക്കെതിരെ ഏഴ് കേസുകള്‍ തൊടുപുഴ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.