കോന്നി: ജോലിക്കായി എത്തിയ പശ്ചിമ ബംഗാൾ സ്വദേശിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അസം സ്വദേശികളെ കോന്നി പൊലീസ് പിടികൂടി. കരീമുല്ല (27), ഇയാളുടെ ബന്ധു റഫീഖ് ഉൽ ഹുസൈൻ (25), അമീർ ഹുസൈൻ (24) എന്നിവരെയാണ് തമിഴ്നാട് ജോലാർപേട്ടയിൽനിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21 ാം തീയതി രാത്രി ഒമ്പതരയോടെ കോന്നി ആനകുത്തിയിൽ ആയിരുന്നു സംഭവം.
സംഭവം നടക്കുന്നതിന് നാല് ദിവസം മുമ്പാണ് യുവതി ബ്യൂട്ടി പാർലറിൽ ജോലിക്ക് എത്തിയത്. മറ്റ് സ്ഥലങ്ങളിൽ താമസ സൗകര്യം ലഭിക്കാത്തതിനെ തുടർന്ന് ബ്യൂട്ടി പാർലർ ഉടമ മുറി തരപ്പെടുത്തി നൽകിയിരുന്നു. ഇതിന് തൊട്ടടുത്തായിരുന്നു കോഴിക്കടയിലെ ജോലിക്കാരനായിരുന്ന കരീമുല്ല താമസിച്ചിരുന്നത്.
ഇതിനിടയിൽ മറ്റ് രണ്ട് പ്രതികൾ ഈ പെൺകുട്ടിയെ കാണുകയും ചെയ്തിരുന്നു. സംഭവ ദിവസം ബ്യൂട്ടിപാർലർ ഉടമ രാത്രി ഒമ്പതരയോടെ യുവതിയെ മുറിയിൽ വിട്ട് മടങ്ങിപ്പോയ ശേഷമാണ് ആക്രമണം നടന്നത്.
റഫീഖ് ഉൽ ഹുസൈനും അമീർ ഹുസൈനും ഇവർ താമസിക്കുന്ന മുറിക്ക് താഴെ എത്തി കരീമുല്ലയോട് കെട്ടിടത്തിന്റെ ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടു. അകത്തുകയറിയ ശേഷം ഇവർ പ്രത്യേക ശബ്ദം ഉണ്ടാക്കിയതോടെ പെൺകുട്ടി വാതിൽ തുറന്നു. കരീമുല്ല ഒഴിച്ചുള്ള രണ്ട് പേരും വാതിൽ തുറന്ന് അകത്ത് കയറി യുവതിയെ വലിച്ചിഴച്ച് ബാത്റൂമിലേക്ക് കൊണ്ടുപോയി കൈകാലുകൾ ബന്ധിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു.
ബഹളം വെക്കുന്നത് തടയാൻ വായ്പൊത്തിപ്പിടിക്കാൻ ശ്രമിച്ചയാളുടെ കൈയ് പെൺകുട്ടി കൈ കടിച്ചുമുറിച്ചു. തുടർന്ന് പ്രതികൾ സംഭവസ്ഥലത്ത്നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവം പറത്ത് പറയരുത് എന്ന് കരീമുല്ലയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടി ബ്യൂട്ടി പാർലർ ഉടമയെ വിളിച്ച് സംഭവം അറിയിച്ചതിനെ തുടർന്നാണ് കോന്നി പൊലീസിൽ പരാതി നൽകിയത്.
ഇതിനിടെ പ്രതികൾ കോന്നി വിട്ടിരുന്നു. പ്രതികളുടെ മൊബൈൽ ലോക്കേഷൻ പരിശോധിച്ചപ്പോൾ ഇവർ പെരുമ്പാവൂർ റയിൽവേ സ്റ്റേഷനിൽ എത്തിയതായി കണ്ടെത്തി. തുടർ പരിശോധനയിൽ ട്രെയിൻ യാത്രയുടെ ലോക്കേഷൻ ലഭിച്ചു.
ഇവരുടെ നാട്ടിലേക്കുള്ള അഹല്യ എക്സ്പ്രസിൽ യാത്ര ചെയ്യുന്നതായി കണ്ടെത്തി. തമിഴ്നാട് -റെയിൽവേ പോലീസ് സേനകളുടെ സഹായത്തോടെ ജോലാർപേട്ടയിൽനിന്ന് കോന്നി പൊലീസ് അറസ്റ്റ് ചെയ്യുകായിരുന്നു. കോന്നി സി.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.