കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിന്റെ 1.88 കോടി രൂപയുടെ സ്വത്തുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. വീടും കെ.എസ്.എഫ്.ഇയിലെ 10 നിക്ഷേപങ്ങളും കണ്ടുകെട്ടിയതിൽ ഉൾപ്പെടുന്നു. പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലാണ് നടപടി. ഭാര്യയുടെയും മക്കളുടെയും പേരിലുള്ള സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.
കേരള പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് മോൻസനെതിരെ ഇ.ഡി അന്വേഷണം ആരംഭിച്ചത്. വ്യാജ പുരാവസ്തുക്കളുടെ പേരിൽ ഇയാൾ നിരവധിപേരെ കബളിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പുരാവസ്തുക്കൾ വിറ്റുകിട്ടിയ പണം തന്റെ ബാങ്ക് അക്കൗണ്ടിലുണ്ടെന്നും എന്നാൽ, ഫെമ വ്യവസ്ഥകൾ പ്രകാരം ക്ലിയറൻസ് ലഭ്യമായിട്ടില്ലെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതിനായി ഇയാൾ വ്യാജ ബാങ്ക് സ്റ്റേറ്റ്മെൻറ് ഉണ്ടാക്കിയിരുന്നു.
ഇത്തരം വ്യാജപ്രചാരണങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതിക്കാരിൽനിന്ന് പണം പിരിച്ചെടുത്തത്. കള്ളപ്പണ ഇടപാടടക്കമുള്ള വിഷയങ്ങളിൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇ.ഡി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.