ചാലക്കുടി: ചിട്ടിപ്പണം കാലാവധി കഴിഞ്ഞ് മാസങ്ങളായിട്ടും തിരിച്ച് നൽകാതെ സഹകരണ സ്ഥാപനം നിക്ഷേപകരെ കബളിപ്പിച്ചതായി പരാതി. അസിസ്റ്റന്റ് രജിസ്ട്രാർക്കും പൊലീസിനും പരാതി നൽകിയിട്ടും നടപടിയില്ലെന്നും നിക്ഷേപകരുടെ പ്രതിനിധികൾ പറഞ്ഞു. ചാലക്കുടിയിൽ പ്രവർത്തിക്കുന്ന ‘തൃശൂർ വിഡോ ഡെവലപ്പേഴ്സ് സഹകരണ സംഘ’ത്തിനെതിരെയാണ് പരാതി. മറ്റത്തൂർകുന്ന് അണലിപ്പറമ്പിൽ എ.എൻ. രമാദേവൻ എന്ന വ്യക്തിയാണ് പരാതി നൽകിയത്. ഈ വകയിൽ നിരവധി പേർ വേറെയും പരാതിക്കാരായുണ്ട്. വിധവകളുടെ പേരിലുള്ള സ്ഥാപനമായതിനാൽ സ്വാധീനം ഉപയോഗിച്ച് വ്യാപകമായി ചിട്ടിയിൽ വരിക്കാരെ ചേർത്തിരുന്നു. പണം കിട്ടാത്തവർ നിരാശയിലാണ്. നാണക്കേട് ഓർത്ത് പലരും പരാതി പറയാൻ മടിക്കുന്നു.
ചാലക്കുടി സൗത്ത് ജങ്ഷനിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മുകൾ നിലയിലാണ് ഈ സഹകരണ സംഘത്തിന്റെ ഓഫിസ് പ്രവർത്തിക്കുന്നത്. കുറച്ചു നാളുകളായി ഓഫിസ് വല്ലപ്പോഴുമേ പ്രവർത്തിക്കുന്നുള്ളൂ. പണം കിട്ടാനുള്ളവർ പ്രസിഡന്റിനെയും മറ്റു ഭാരവാഹികളെയും ഫോണിൽ വിളിച്ച് സംസാരിക്കുമ്പോൾ കഴിഞ്ഞ ഭരണ സമിതി ഭാരവാഹികൾ ചിട്ടി കണക്കുകൾ തരാത്തതിനാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് മറുപടി. ഇപ്പോൾ ഫോൺ വിളിച്ചാൽ ബന്ധപ്പെട്ടവർ എടുക്കുന്നില്ലെന്നും നിക്ഷേപകർ പറയുന്നു. വിഡോ സഹകരണ സംഘത്തിന് പണം നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് പരാതി നൽകിയപ്പോൾ അസി.രജിസ്ട്രാറിന്റെ മറുപടി.
എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും കുറി നിക്ഷേപകർക്ക് പണം തിരികെ ലഭിക്കാത്തതിനാൽ നിരാശയിലാണ്. വഞ്ചിതരായ ചിട്ടി വരിക്കാർക്ക് എത്രയും വേഗം ചിട്ടിപ്പണം തിരികെ ലഭിക്കാൻ നിയമപരമായി ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്ന് വാർത്തസമ്മേളനത്തിൽ എ.എൻ. രാമദേവൻ, ഡേവിഡ് നമ്പാടൻ, എൻ.പി. പ്രദീപ് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.