കൊച്ചി: കഴക്കൂട്ടം സുൾഫിക്കർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട നാല് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈകോടതി റദ്ദാക്കി. തിരുവനന്തപുരം സെഷൻസ് കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ ഹരജി പരിഗണിച്ചാണ് ഒന്നാംപ്രതി മുഹമ്മദ് ഷഹിൻ, നാല് മുതൽ ആറു വരെ പ്രതികളായ ഷഫീഖ്, സാദത്ത്, ഷെമീർ എന്നിവരെ ജസ്റ്റിസ് പി. ബി.സുരേഷ് കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെ വിട്ടത്.
2009 മാർച്ച് എട്ടിനാണ് തെറ്റിയാർതോട്ട് കരയിലുള്ള സ്പ്രേ പെയിന്റ് വർക് ഷോപ്പിൽ സുൾഫിക്കറിന്റെ മൃതദേഹം കണ്ടത്. ഒന്നാം പ്രതിയുടെ അമ്മയെ സുൾഫിക്കർ കൈയേറ്റം ചെയ്തതിന്റെ വിരോധത്തിലാണ് കൊലപാതകമെന്നാണ് പ്രോസിക്യൂഷൻ കേസ്. ഏഴു പ്രതികളുള്ള കേസിൽ മൂന്നു പേർ ഒളിവിൽ പോയതിനാൽ ഹരജിക്കാരായ നാലുപേർ മാത്രമാണ് വിചാരണ നേരിട്ടത്.
എന്നാൽ, സാഹചര്യത്തെളിവുകൾ മാത്രമുള്ള കേസിൽ പ്രതികൾ കുറ്റം ചെയ്തുവെന്ന് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി. സംശയത്തിന്റെ എല്ലാ പഴുതുകളും അടക്കുന്ന വിധം തെളിവുകളുടെ ശൃംഖല തീർക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല.
പ്രതികൾ കൃത്യം ചെയ്തുവെന്ന് ശക്തമായി സംശയിക്കാവുന്ന ഘടകങ്ങളുണ്ടെങ്കിലും തെളിവുകൾ മതിയായതല്ല. സംശയം തെളിവിന് പകരമാവില്ല. അതിനാൽ, സംശയത്തിന്റെ ആനുകൂല്യം ലഭിക്കാൻ പ്രതികൾ അർഹരാണെന്ന് വ്യക്തമാക്കിയ കോടതി തുടർന്ന് ശിക്ഷ റദ്ദാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.