പത്തനംതിട്ട: ഐശ്വര്യം കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് വൈദ്യൻ ഭഗവൽ സിങ്ങിനെയും ഭാര്യ ലൈലയെയും നരബലി നടത്താൻ മന്ത്രവാദി ഷാഫി പ്രേരിപ്പിച്ചത്. ജൂണിലായിരുന്നു ആദ്യ കൊലപാതകം. റോസ്ലിയാണ് ആദ്യം കൊല്ലപ്പെട്ടത്. ഇവരെ ഷാഫിക്ക് പരിചയമുണ്ടായിരുന്നു. അശ്ലീലചിത്രത്തിൽ അഭിനയിപ്പിക്കാമെന്നും പത്ത് ലക്ഷം രൂപ തരാമെന്നും പറഞ്ഞാണ് റോസ്ലിയെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയത്.
വീട്ടിൽ എത്തിച്ചതിന് പിന്നാലെ റോസ്ലിയെ പ്രത്യേകം സജ്ജമാക്കിയ പൂജാമുറിയിലെ കട്ടിലിൽ കെട്ടിയിട്ടു. അൽപം കഴിഞ്ഞ് ലൈലയും ഭഗവൽ സിങും ചേർന്ന് കഴുത്തറത്ത് കൊല്ലുകയായിരുന്നു. ഇതിനിടെ ഷാഫി ചുറ്റികകൊണ്ട് തലക്കടിച്ചു. തുടർന്ന് ശരീരത്തിൽ നിറയെ മുറിവുകളുണ്ടാക്കി.
അവയവങ്ങൾ മുറിച്ചെടുത്ത് മുപ്പത് കഷണങ്ങളാക്കി രാത്രി കുഴിയെടുത്ത് കുഴിച്ചിടുകയും ചെയ്തു. ഇത്തരത്തിലുള്ള പൂജ നടത്താൻ ദമ്പതികളിൽനിന്ന് ഷാഫി വൻതുക കൈക്കലാക്കിയതായി സൂചനയുണ്ട്. എന്നാൽ, നരബലി നടത്തിയിട്ടും ഐശ്വര്യം വരാതായതോടെ ദമ്പതികൾ ഷാഫിയോട് ഇതേപ്പറ്റി അന്വേഷിച്ചു. ആദ്യ നരബലി ഫലിച്ചില്ലെന്നും ഒരു ബലി കൂടി നടത്തിയാൽ ഐശ്വര്യം വരുമെന്നും ദമ്പതികളെ വിശ്വസിപ്പിച്ചാണ് രണ്ടാമത്തെ അറുകൊല നടത്തിയത്.
െഞട്ടൽ മറച്ചുവെക്കാതെ ഹൈകോടതി
കൊച്ചി: സംസ്ഥാനത്ത് നരബലി നടന്നുവെന്ന വാർത്ത ഞെട്ടിക്കുന്നതെന്ന് ഹൈകോടതി.
കേരളത്തിന്റെ ഗതി എങ്ങോട്ടെന്ന കാര്യത്തിൽ ആശങ്കയുണ്ട്. ആധുനികതയിലേക്കുള്ള യാത്രയിൽ എവിടെയൊക്കെയോ നമുക്ക് വഴിതെറ്റുന്നുണ്ട്. ഇപ്പോൾ നാട്ടിൽ നടക്കുന്ന പലതും പരിധിക്കപ്പുറമുള്ള കാര്യങ്ങളാണ്. അസാധാരണ പെരുമാറ്റമാണ് ജനങ്ങളിൽനിന്നുണ്ടാകുന്നത്. 54 വയസ്സിനിടെ ആദ്യമായാണ് ഇത്തരമൊരു സംഭവം നാട്ടിൽനിന്ന് കേൾക്കുന്നത്. പുതിയ തലമുറ കണ്ടുവളരുന്നത് ഇതൊക്കെയാണെന്ന് ഓർമ വേണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചക്കുശേഷം കേസുകൾ പരിഗണിക്കുന്നതിനിടെയാണ് സിംഗിൾബെഞ്ച് ഇക്കാര്യം വാക്കാൽ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.