വാരാണസി: ബൈക്കിലെത്തിയ മൂന്നംഗസംഘം വാരാണസി ഐ.ഐ.ടി വിദ്യാർഥിക്കുനേരെ ലൈംഗികാതിക്രമം നടത്തി. സംഭവത്തിൽ അക്രമികൾക്കെതിരെ നടപടിയാവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധം നടത്തി. കാമ്പസിലേക്ക് പുറത്തുനിന്നുള്ളവരുടെ വരവ് തടയണമെന്നും ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി വിദ്യാർഥികൾ ആവശ്യപ്പെട്ടു.
ബുധനാഴ്ച രാത്രി സുഹൃത്തിനൊപ്പം കാമ്പസിലുടെ നടക്കാനിറങ്ങിയ പെൺകുട്ടിക്കു നേരെയാണ് അതിക്രമമുണ്ടായത്. കർമൺ ബാബ ക്ഷേത്രത്തിനു സമീപമെത്തിയപ്പോൾ ഇവർക്കു നേരെ മൂന്നംഗ സംഘം വന്നത്. ഇവരെ തടഞ്ഞു നിർത്തിയ അക്രമി സംഘം പെൺകുട്ടിയെ അരികിലേക്ക് വലിച്ചുകൊണ്ടു പോയ സംഘം വസ്ത്രങ്ങൾ വലിച്ചു കീറി ചുംബിക്കാൻ ശ്രമിച്ചു. ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. 15 മിനിറ്റോളം അക്രമികൾ പെൺകുട്ടിയെ ഉപദ്രവിച്ചു. പെൺകുട്ടിയുടെ മൊബൈൽ ഫോണും പിടിച്ചു വാങ്ങി. പെൺകുട്ടിയുടെ പരാതിയിൽ വാരാണസി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അക്രമികളെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്.
വ്യാഴാഴ്ചയാണ് കാമ്പസിൽ വിദ്യാർഥികൾ പ്രതിഷേധിച്ചത്. കാമ്പസിൽ സുരക്ഷ വർധിപ്പിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. തുടർന്ന് രാത്രി 10 മുതൽ പുലർച്ചെ വരെ കാമ്പസിലേക്കുള്ള വഴികൾ അടച്ചിടാനും ഐ.ഐ.ടി അധികൃതർ ഉത്തരവിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.