ഇടുക്കി ജില്ലയിൽ 390 ഗുണ്ടകൾ; കാപ്പ നാലുപേർക്കെതിരെ മാത്രം, 'ഓപറേഷൻ കാവൽ' നടപ്പായില്ല

ചെറുതോണി: ജില്ലയിൽ 390 ഗുണ്ടകളുണ്ടെന്ന് പൊലീസ് കണക്ക്. എന്നാൽ, കാപ്പചുമത്തി കഴിഞ്ഞ ഒരുവർഷത്തിനിടെ നടപടി എടുത്തിട്ടുള്ളത് നാലുപേർക്കെതിരെ മാത്രം. കൊലപാതകം. ക്വട്ടേഷൻ, അക്രമപ്രവർത്തനങ്ങൾ എന്നിവ നടത്തുന്നതിന് ഒരു മടിയുമില്ലാത്തവരാണ് ഗുണ്ടകളിൽ ഭൂരിഭാഗവും. കാപ്പ ചുമത്തേണ്ട ആറുപേരുടെ ലിസ്റ്റാണ് കഴിഞ്ഞവർഷം പൊലീസ് നൽകിയതെങ്കിലും ഇതുവരെ നാലുപേർക്കെതിരെ മാത്രമാണ് നടപടി എടുത്തത്.

ഓപറേഷൻ കാവൽ എന്ന പേരിൽ ഡി.ജി.പി പ്രഖ്യാപിച്ച പ്രത്യേക ദൗത്യവും ജില്ലയിൽ നടപ്പായില്ല. ഗുണ്ടകളെ അമർച്ച ചെയ്യാൻ സ്റ്റേഷൻ തലത്തിൽ ഗുണ്ടാവിരുദ്ധ സ്ക്വാഡുണ്ടാക്കിയെങ്കിലും ഉദ്യോഗസ്ഥരുടെ നിസ്സഹകരണം മൂലം നടന്നില്ല. ജില്ലയിൽ ഗുണ്ടാപ്രവർത്തനം നടത്തുന്നവരെ കണ്ടെത്തി നടപടിയെടുക്കാൻ രണ്ടു സ്ക്വാഡുകൾ നിലവിലുണ്ട്.

സ്ഥിരം കുറ്റവാളികളുടെയും ഗുണ്ടകളുടെയും മുമ്പ് കേസുകളിൽപെട്ടവരുടെയും പട്ടിക ജില്ല അടിസ്ഥാനത്തിൽ തയാറാക്കി വാറന്‍റുള്ള പ്രതികളെയും ഒളിവിൽ കഴിയുന്നവരെയും കണ്ടെത്തി ഉടൻ അറസ്റ്റചെയ്യണമെന്ന നിർദേശവും നടപ്പായില്ല. പൊതുസമൂഹത്തിന്‍റെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാകുന്ന കൊടും കുറ്റവാളികളെ ഒരുവർഷംവരെ വിചാരണയില്ലാതെ ജയിലിൽ അടക്കാനോ നാടുകടത്താനോ വ്യവസ്ഥ ചെയ്യുന്നതാണ് കാപ്പ. തൊട്ടുമുമ്പുള്ള ഏഴുവർഷങ്ങളിലെ കേസുകളാണ് കാപ്പക്ക് പരിഗണിക്കുന്നത്. അതിൽതന്നെ അഞ്ചുവർഷമോ അതിനുമുകളിലോ ശിക്ഷ ലഭിക്കാവുന്ന ഒരു കേസെങ്കിലും ഉണ്ടായിരിക്കണം.

അല്ലങ്കിൽ ഒരുവർഷം മുതൽ അഞ്ചുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന രണ്ടുകേസ്. അതുമല്ലങ്കിൽ മൂന്നുകേസുകളുടെ വിചാരണ നടക്കുന്നുണ്ടാകണം. ഇങ്ങനെ ഗുണ്ടാലിസ്റ്റിലുള്ളവരെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്യുന്നത്. വിചാരണയില്ലാത്തതിനാൽ കാപ്പ ചുമത്തുന്നതിന് പൊലീസ് അമിതാധികാരം കാട്ടുമെന്ന് ഭയന്ന് ജില്ല മജിസ്ട്രേറ്റുമാർക്കാണ് കരുതൽ തടങ്കലിന് ഉത്തരവിടാൻ അധികാരം നൽകിയിരിക്കുന്നത്. ഈ അധികാരം തങ്ങൾക്ക് കൈമാറണമെന്നാണ് പൊലീസിന്‍റെ ആവശ്യം.

Tags:    
News Summary - 390 goons in Idukki district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.