പാലക്കാട്: യുവതിയിൽനിന്ന് ഓൺലൈൻ വഴി 45 ലക്ഷം കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. തമിഴ്നാട് നെയ് വേലി സ്വദേശി കാർത്തി രാജഗോപാലിനെയാണ് കോയമ്പത്തൂർ ശരവണംപട്ടിയിൽനിന്ന് ജില്ല സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. പുത്തൂർ സ്വദേശിയായ യുവതിയുടെ പേരിൽ മയക്കുമരുന്ന് വിദേശത്തേക്ക് അയച്ചത് മുംബൈ പൊലീസിന്റെ നാർകോട്ടിക് വിഭാഗം പിടികൂടിയെന്നും മുംബൈ പൊലീസ് മേധാവി എന്ന വ്യാജേന സംസാരിച്ച് യുവതിയുടെ പേരിൽ നിയമ നടപടി തുടങ്ങി എന്നും കേസിൽനിന്ന് രക്ഷിക്കാമെന്നും പറഞ്ഞാണ് 45 ലക്ഷം രൂപ തട്ടിയെടുത്തത്.
ഈ കേസിൽ ദിണ്ഡിക്കൽ സ്വദേശികളായ ബാലാജി രാഘവൻ, ഇന്ദ്രകുമാർ, ചെന്നൈ സ്വദേശി മോഹൻകുമാർ എന്നിവരെ നേരത്തെ പാലക്കാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ കാർത്തി രാജഗോപാലിന്റെ വിവിധ ബാങ്ക് അക്കൗണ്ടിലേക്കും അയാൾ പറയുന്ന വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കുമാണ് പണം നിക്ഷേപിക്കുന്നത്. ദുബൈയിൽനിന്ന് തമിഴ്നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം സൈബർ സ്റ്റേഷൻ ഇൻസ്പെക്ടർ ജെ.എസ്. സജീവ് കുമാർ, സബ് ഇൻസ്പെക്ടർ സി.എസ്. രമേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഹിറോഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ഷിഹാബുദ്ദീൻ, ഉല്ലാസ് കുമാർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ കോയമ്പത്തൂർ ശരവണം പട്ടിയിലെ വാടകവീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.