തിരുവല്ല: പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ നിന്നും കാണാതായത് 4.6 ലക്ഷം ലിറ്റർ സ്പിരിറ്റ്. കമ്പിനിയുടെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. മദ്യ നിർമാണത്തിനായി മധ്യപ്രദേശിൽ നിന്നും ടാങ്കറിൽ എത്തിച്ച സ്പിരിറ്റിൽ നിന്നും 20836 ലിറ്റർ സ്പിരിറ്റ് മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടയാണ് കമ്പനിയിലേക്കുള്ള സ്പിരിറ്റ് വരവിൽ നടന്ന വൻ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.
4.60659 ലിറ്ററിന്‍റെ കുറവുള്ളതായാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. ഇതിൻ പ്രകാരം രണ്ട് കോടി 60 ലക്ഷം രൂപയുടെ നഷ്ടമാണ് ട്രാവൻകൂർ ഷുഗേഴ്സിന് ഉണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള കണക്കാണിത്. കുറവ് വന്ന സ്പിരിറ്റ് മോഷണം പോയതാണോ മറിച്ചു വിറ്റതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
അതേസമയം, കാണാതായ സ്പിരിറ്റിന് 1.54, 41,293 രൂപ എക്സൈസ് തീരുവ അടയ്ക്കണം എന്നാവശ്യപ്പെട്ട് എക്സൈസ് ഇൻസ്പെക്ടർ സെപ്തംബർ ഏഴിന് കമ്പനിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കാണാതായ സ്പിരിറ്റിന്‍റെ വിലയായ രണ്ട് കോടി 60 ലക്ഷവും എക്സൈസ് തീരുവയായ ഒന്നരകോടിയും ചേർത്ത് 4.1 കോടി രൂപയുടെ ബാധ്യതയാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്.
4.6 ലക്ഷം സ്പിരിറ്റ് കാണാതായതായും എക്സൈസ് തീരുവ ചുമത്തിയതായും കമ്പനിയുടെ വാർഷിക സാമ്പത്തിക ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. ഇത് എങ്ങനെ നഷ്ടപ്പെട്ടു എന്നോ ആരാണ് ഉത്തരവാദി എന്നോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഈ മാസം 30ന് നടക്കുന്ന കമ്പനിയുടെ വാർഷിക ജനറൽ ബോഡിയിൽ ഈ റിപ്പോർട്ട് അവതരിപ്പിക്കും.
ജൂൺ 30ന് ട്രാവൻകൂർ ഷുഗേഴ്സിലേക്ക് എത്തിയ ടാങ്കറിൽ നിന്നും 20386 ലിറ്റർ സ്പിരറ്റ് മധ്യപ്രദേശിലെ സേന്തുവയിൽ മറിച്ചുവിറ്റ സംഭവത്തിൽ എക്സൈസിന്‍റെ പരാതിയിൽ പുളിക്കീഴ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ല. അതിന് പിന്നാലെയാണ് കമ്പനിയിൽ നടന്ന വൻ കുംഭകോണത്തിന്‍റെ വാർത്ത കൂടി പുറത്ത് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.