കൊൽക്കത്ത: ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ച സംഭവത്തിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കൊൽക്കത്തയിലെ പ്രത്യേക പോക്സോ കോടതി. ഒന്നര വർഷം മുമ്പ് നടന്ന സംഭവം അപൂർവങ്ങളിൽ അപൂർവമെന്ന് നിരീക്ഷിച്ച കോടതി, ‘കുറ്റവാളിക്ക് നൽകുന്ന ദയ നിഷ്കളങ്കരോടുള്ള ക്രൂരതയാകു’മെന്ന ആദം സ്മിത്തിന്‍റെ വാക്കുകളും വിധിപ്രസ്താവത്തിൽ ഉദ്ധരിച്ചു.
2023 മാർച്ച് 23നാണ് കൊൽക്കത്തയിലെ തിൽജാലയിലെ വീട്ടിൽനിന്ന് പെൺകുട്ടിയെ കാണാതായെന്ന് കാണിച്ച് കുടുംബം പരാതി നൽകിയത്. പൊലീസ് നടത്തിയ ഊർജിതമായ തിരച്ചിലിൽ അതേ ദിവസം വൈകിട്ട്, അയൽവാസിയുടെ ഫ്ളാറ്റിന്‍റെ അടുക്കളക്ക് സമീപം ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് അലോക് കുമാർ ഷാ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുന്നതിനു മുമ്പ് ഇയാൾ ബലാത്സംഗം ചെയ്തതായും പൊലീസ് കണ്ടെത്തി.
സംഭവത്തെ തുടർന്ന് മേഖലയിൽ വൻതോതിൽ ജനരോഷമുയരുകയും ആളുകൾ പൊലീസ് സ്റ്റേഷൻ അടിച്ചുതകർക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. അതിവേഗം കേസന്വേഷണം പൂർത്തിയാക്കിയ പൊലീസ് മൂന്ന് മാസത്തിനകം കുറ്റപത്രം സമർപ്പിച്ചു. വിചാരണ പൂർത്തിയാക്കിയ പോക്സോ കോടതി, ബുധനാഴ്ചയാണ് അലോക് കുമാർ ഷാ കുറ്റക്കാരനാണെന്ന് വിധിച്ചത്. വ്യാഴാഴ്ച വിധി പ്രസ്താവത്തിനായി മാറ്റിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.