പന്തളം: നാലംഗസംഘം യുവാവിനെ മർദിച്ച് അവശനാക്കി റോഡരികിൽനിന്ന് 20 അടി താഴ്ചയിലേക്ക് തള്ളിയിട്ടു. കുളനട, കൈപ്പുഴ, കടലിക്കുന്ന്, വട്ടയത്ത് മേലേമുറിയിൽ വി.ടി. ജോർജ് കുട്ടിക്കാണ് (44) മർദനമേറ്റത്. ഞയാറാഴ്ച വൈകീട്ട് ആറിന് കടലിക്കുന്ന്, കൈതക്കാട്-മംഗലം ചുവട്ടാന ഭാഗത്തുവെച്ചാണ് ആക്രമിച്ചത്.
പശുവിനെ വളർത്തി ഉപജീവനം കഴിയുന്നയാളാണ് ജോർജുകുട്ടി. വീടുകളിൽ പാൽ നൽകിയശേഷം മടങ്ങുകയായിരുന്ന ഇദ്ദേഹത്തെ റോഡരികിൽനിന്ന് മദ്യപിച്ചിരുന്ന നാലംഗസംഘം മർദിക്കുകയായിരുന്നു. ഇയാൾ സഞ്ചരിച്ച ആക്ടീവ സ്കൂട്ടർ കേടുവരുത്തി അതും താഴ്ചയിലേക്ക് തള്ളിയിട്ടു.
ഇതുവഴി വന്ന ആശാ വർക്കറാണ് ജോർജുകുട്ടി അവശനിലയിൽ കിടക്കുന്നത് കണ്ടത്. ഗുരുതര പരിക്കേറ്റ ജോർജുകുട്ടിയെ കോഴഞ്ചേരി ജില്ല ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സാമൂഹികവിരുദ്ധരുടെ താവളമായ കുളനട, കടലിക്കുന്ന് ഭാഗത്ത് മുമ്പും നിരവധി അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.