കണ്ണൂർ: വിദേശ കറൻസി നൽകാമെന്ന് വിശ്വസിപ്പിച്ച മയ്യിൽ സ്വദേശിയിൽനിന്ന് ഏഴു ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരാൾ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ആഷിഖ് ഖാനെയാണ് (34) വളപട്ടണം പൊലീസ് പിടികൂടിയത്. ഇന്ത്യൻ രൂപക്ക് പകരം ദിർഹം നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടുകയാണ് ഇയാളുടെ രീതി. കാട്ടാമ്പള്ളിയിലെ വ്യാപാരി മയ്യിൽ സ്വദേശി പി.കെ. സിറാജുദ്ദീനാണ് പണം നഷ്ടമായത്. സിറാജുദ്ദീനെ സമീപിച്ച് 500 യു.എ.ഇ ദിർഹം ആയിരം രൂപക്ക് നൽകിയാണ് ഇയാളും മറ്റൊരാളും പരിചയപ്പെട്ടത്. ഇങ്ങനെ മൂന്നു തവണ യഥാർഥ ദിർഹം നൽകി വിശ്വാസമാർജിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയത്.
പിന്നീട് ആറു ലക്ഷം രൂപ മൂല്യം വരുന്ന ദിർഹം കൈയിലുണ്ടെന്നും ഒരു ലക്ഷം കമീഷനടക്കം ഏഴു ലക്ഷം രൂപ തന്നാൽ നൽകാമെന്നും വ്യാപാരിയെ അറിയിച്ചു. തുടർന്ന് പുതിയ തെരുവിൽ ദിർഹമെന്ന പേരിൽ കടലാസുകെട്ടുകളുമായെത്തി, ഏഴു ലക്ഷം രൂപ കൈപ്പറ്റിയ ശേഷം രക്ഷപ്പെടുകയായിരുന്നു. വ്യാപാരി പൊതി അഴിച്ചുനോക്കിയപ്പോഴാണ് പത്രക്കടലാസാണ് കെട്ടിലെന്ന് മനസ്സിലായത്. അപ്പോഴേക്കും രണ്ടുപേരും സ്ഥലംവിട്ടിരുന്നു. പരാതി ലഭിച്ചതിനെത്തുടർന്ന് വളപട്ടണം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഷൊർണൂരിൽ സമാന തട്ടിപ്പ് നടത്തുന്നതിനിടെയാണ് ആഷിഖ് ഖാൻ വലയിലായത്. പിടിയിലാവുമ്പോഴും പേപ്പർ പൊതി ഇയാളുടെ കൈയിലുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന നാലുപേർ ഓടിരക്ഷപ്പെട്ടു. കാസർകോട്ടും സമാന രീതിയിൽ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നു. എ.സി.പി ടി.കെ. രത്നകുമാറിന്റെ നിർദേശപ്രകാരം വളപട്ടണം സി.ഐ എം.ടി. ജേക്കബ്, എസ്.ഐമാരായ പി. ഉണ്ണികൃഷ്ണൻ, പ്രവീൺ, എ.എസ്.ഐ എ.പി. ഷാജി, സീനിയർ സി.പി.ഒ ഖമറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.