കണ്ണൂർ: പുന്നോലിൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ ഹരിദാസിന്‍റെ വീടിന് സമീപത്ത് നിന്ന് മാരകായുധങ്ങൾ കണ്ടെത്തി. ഫോറൻസിക് സംഘം നടത്തിയ പരിശോധനയിലാണ് ഒരു വാളും ഇരുമ്പുദണ്ഡും കണ്ടെത്തിയത്.
ഇതേതുടർന്ന് ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും വീടിന്‍റെ പരിസരത്തും സമീപ പ്രദേശങ്ങളിലും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. മാരകായുധങ്ങൾ കൊലപാതകത്തിന് ഉപയോഗിച്ചതാണോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ മേൽനോട്ടത്തിൽ ആറു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് കേസിന്‍റെ അന്വേഷണം നടത്തുന്നത്. സംഭവത്തിൽ ഏഴു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ പട്ടിക അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്.
ഹരിദാസിന്റെ ശരീരത്തിൽ ഇരുപതിലധികം വെട്ടുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഇടതുകാൽ മുറിച്ചുമാറ്റിയ നിലയിലാണ്. കൂടുതൽ മുറിവുകളും അരയ്ക്കുതാഴേയ്ക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ന് പുലർച്ചെ വീടിന് സമീപത്ത് വെച്ചാണ് ഹരിദാസ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് രാത്രി സുഹൃത്തിന്റെ കൂടെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയതായിരുന്നു ഹരിദാസ്. ബൈക്ക് ഇറങ്ങി വീട്ടിലേക്ക് നടക്കവെയാണ് രണ്ടു ബൈക്കുകളിലായെത്തിയ സംഘം ഹരിദാസനെ ആക്രമിച്ചത്. വെട്ടേറ്റ് ബഹളം വെച്ചതോടെ വീട്ടുകാർ ഓടിയെത്തിയിരുന്നു. തുടർന്ന് വീട്ടുകാരുടെ കൺമുന്നിൽവെച്ചാണ് വെട്ടിനുറുക്കിയത്.
പുന്നോലിൽ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടാണ് പ്രദേശത്ത് സി.പി.എം -ബി.ജെ.പി, ആർ.എസ്.എസ് സംഘർഷം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.