കോവളം: ആറരലക്ഷം രൂപ തട്ടിയെടുത്ത വിഴിഞ്ഞം വില്ലേജ് ഓഫിസ് ജീവനക്കാരനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. ഫീൽഡ് അസിസ്റ്റൻറ് മാറനല്ലൂർ കോട്ടപ്പുറം പോപ്പുലർ ജങ്ഷൻ ശിവശക്തിയിൽ ബി.കെ. രതീഷിനെയാണ് (43) അറസ്റ്റുചെയ്തത്.
2018 നവംബർ മുതൽ 2022 ഫെബ്രുവരിവരെയുള്ള കാലയളവിൽ വിഴിഞ്ഞം വില്ലേജിലെ 57 പേർ വിവിധ ഘട്ടങ്ങളിലായി കെട്ടിടനികുതിയിനത്തിൽ അടച്ച ആറരലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. റവന്യൂ വിഭാഗത്തിന്റെ ഇൻസ്‌പെക്ഷൻ ടീം വിഴിഞ്ഞം വില്ലേജ് ഓഫിസിൽ നടത്തിയ പരിശോധനയിലാണ് പണം തട്ടിപ്പ് കണ്ടെത്തിയത്. റവന്യൂ സംഘം റിപ്പോർട്ട് നൽകിയതിന്‍റെ അടിസ്ഥാനത്തിൽ കലക്ടർ ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു.
തട്ടിപ്പ് സംബന്ധിച്ച് ഭൂരേഖ വിഭാഗം തഹസിൽദാർ ശ്രീകല വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയതോടെ ഒളിവിൽ പോയ പ്രതിയെ ഇന്നലെ ബന്ധുവീട്ടിൽനിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കെട്ടിട നികുതി ഓൺലൈൻ സംവിധാനത്തിലൂടെ അടയ്ക്കാനായി ഉപഭോക്താക്കൾ നൽകിയ പണം വാങ്ങി രസീത് നൽകിയശേഷം ഓൺലൈൺ ട്രാൻസാക്ഷൻ റദ്ദാക്കി പണം കൈവശപ്പെടുത്തുന്നതാണ് ഇയാളുടെ രീതിയെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി പറഞ്ഞു. എസ്.ഐമാരായ കെ.എൽ. സമ്പത്ത്, ജി. വിനോദ്, സി.പി.ഒമാരായ സെൽവരാജ്, ഷൈജു ജോൺ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.