കൊച്ചി: ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് 34 ലക്ഷം രൂപ തട്ടിയെടുത്തയാൾ പിടിയിൽ. ഓച്ചിറ സൗത്ത് കൊച്ചുമുറി സരോജ് ഭവനിൽ വരുൺകുമാർ നായരാണ് (36) സെൻട്രൽ പൊലീസിന്‍റെ പിടിയിലായത്. ഇയാൾ നിവ ബുപ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയിൽനിന്ന് 25 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പോളിസി എടുത്തിരുന്നു. തുടർന്ന് ആരോഗ്യപ്രശ്നങ്ങൾക്കായി 3,41,995 രൂപയുടെ കാഷ്‌ലെസ് ചികിത്സ നടത്തിയശേഷമായിരുന്നു തട്ടിപ്പ്. നോ ക്ലെയിം ബോണസ് പ്രകാരം കൂടുതൽ തുക ലഭിക്കുമെന്നത് തിരിച്ചറിഞ്ഞായിരുന്നു തട്ടിപ്പ് ആസൂത്രണം ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മുമ്പും ശേഷവും ചികിത്സക്കായി 70 ലക്ഷം രൂപ ചെലവായെന്ന് രേഖകളുണ്ടാക്കി. വിവിധ മരുന്ന് കമ്പനികളുടെ ടാക്‌സ് ഇൻവോയ്‌സ് രസീതുകൾ ഇയാൾ മരുന്ന് വാങ്ങാതെ നേടിയെടുത്തു. മരുന്ന് വ്യാപാര ആപ്പിൽനിന്ന് ഓൺലൈനായാണ് ഇയാൾ മരുന്ന് വാങ്ങിയത്. ഡെലിവറി സമയത്ത് കാഷ് കൊടുക്കുന്ന ഓപ്ഷനാണ് തെരഞ്ഞെടുത്തിരുന്നത്. ഡെലിവറി ചെയ്യുന്ന സമയത്ത് ഓർഡർ കാൻസൽ ചെയ്യും. തുടർന്ന് ഇതിന്‍റെ ഓൺലൈൻ രസീത് കാണിച്ച് ഇൻഷുറൻസ് കമ്പനിയിൽ ക്ലെയിം ചെയ്‌താണ് പണം തട്ടിയെടുത്തത്.
നിവ ബുപ ഹെൽത്ത് ഇൻഷുറൻസ് മാനേജർ അബ്ദുല്ല, ബിസിനസ് അസോസിയേറ്റ് ഒപ്‌റ്റിമസ് മെഡിക്കൽ സർവിസ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസ്സിലായത്. ഹൈകോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. എറണാകുളം സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ സി. അനൂപ്, ശെൽവരാജ്, എസ്.സി.പി.ഒ സുമേഷ്, സി.പി.ഒമാരായ ഉണ്ണികൃഷ്ണൻ, ഷിഹാബ്, ഹരീഷ് ബാബു എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.