ബംഗളൂരു: നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി വേഷംമാറിയെത്തിയ യുവതി രോഗിയുടെ സ്വർണം കവർന്നു. കഴിഞ്ഞയാഴ്ച വിവേക് നഗർ സെന്റ് ഫിലോമിനാസ് ആശുപത്രിയിലാണ് കേസിന്നാസ്പദമായ സംഭവം. ഉച്ചക്ക് 2.45ഓടെ ഡോക്ടറുടെ കോട്ടും മറ്റും ധരിച്ചെത്തിയ 35കാരി ഒന്നാം നിലയിലെ ബി വാർഡിലേക്ക് കടക്കുകയായിരുന്നു. ഏഴാംനമ്പർ റൂമിലെ മൂന്നാം നമ്പർ കിടക്കയിലെ രോഗിയായ 72കാരി സാറയെ സമീപിച്ചു.
ശ്വാസതടസ്സത്തിന് ചികിത്സ തേടിയതായിരുന്നു വയോധിക. ഡോക്ടറാണെന്ന് പറഞ്ഞ യുവതി, രോഗിയുടെ 34 കാരനായ മകൻ രമേശ് കുമാറിനോട് റൂമിന് പുറത്തുനിൽക്കാൻ ആവശ്യപ്പെട്ടു. രോഗിയുടെ സ്വകാര്യഭാഗങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് പറഞ്ഞായിരുന്നു മകനെ പുറത്തുനിർത്തിയത്. പത്തുമിനിറ്റിനുശേഷം പുറത്തുവന്ന യുവതി, രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അമ്മയെ ഇപ്പോൾ ശല്യം ചെയ്യരുതെന്നും മകനോട് പറഞ്ഞു.
അൽപം കഴിഞ്ഞ് ഒരു നഴ്സ് വന്നു. രോഗിയുടെ രക്തസാമ്പിൾ പരിശോധനക്ക് എടുക്കേണ്ടതുണ്ടെന്ന് അറിയിച്ചപ്പോൾ ഡോക്ടർ വന്നുപോയത് മകൻ അറിയിച്ചു. എന്നാൽ, ഡോക്ടർ വന്നതായി അറിയില്ലെന്ന് നഴ്സ് അറിയിച്ചു. ഇതോടെ നടത്തിയ പരിശോധനയിലാണ് രോഗിയുടെ അഞ്ചുഗ്രാം വരുന്ന സ്വർണ വളയും 41 ഗ്രാം വരുന്ന സ്വർണമാലയും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
ഇതേ ആശുപത്രിയിൽനിന്ന് 58കാരിയായ കോമൾ എന്ന രോഗിയുടെ സ്വർണമാലയും നഷ്ടപ്പെട്ടതായി കണ്ടെത്തി.
ഡോക്ടറുടെ വേഷത്തിൽ യുവതി ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതും തിരിച്ചിറങ്ങുന്നതും സി.സി ടി.വി ദൃശ്യങ്ങളിലുണ്ട്. യുവതിയുടെ തിരിച്ചറിയൽ കാർഡ് സെക്യൂരിറ്റി ജീവനക്കാരൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും കണ്ടെത്തി. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.