ഒറ്റപ്പാലം: സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി കുഴിച്ചുമൂടിയ ലക്കിടി മംഗലം കേലത്ത് വീട്ടിൽ ആഷിഖിന്റെ (24) മൃതദേഹത്തിൽ ആഴത്തിലുള്ള അഞ്ച് മുറിവുകളുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അഴിക്കലപ്പറമ്പ് പ്രദേശത്ത് മുളഞ്ഞൂർ തോടിനോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ വിജനമായ പറമ്പിൽനിന്ന് ചൊവ്വാഴ്ചയാണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്. ബുധനാഴ്ച നടന്ന പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം കത്തികൊണ്ട് കുത്തേറ്റതാണെന്ന് കണ്ടെത്തിയത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവിൽനിന്ന് രക്തം വാർന്നാണ് മരണം സംഭവിച്ചത്. കഴുത്തിനും കുത്തേറ്റിട്ടുണ്ട്. വിവിധ ഭാഗങ്ങളിൽ ചതവുകളുണ്ട്.
മോഷണക്കേസിൽ പിടിയിലായ പാലപ്പുറം അഴിക്കലപ്പറമ്പ് പാറക്കൽ മുഹമ്മദ് ഫിറോസിനെ (25) ചോദ്യം ചെയ്യവെയാണ് സുഹൃത്തായ ആഷിഖിനെ രണ്ട് മാസം മുമ്പ് കൊന്ന് കുഴിച്ചുമൂടിയ വിവരം ലഭിച്ചത്. 2015ൽ പട്ടാമ്പി ഓങ്ങല്ലൂരിലെ വ്യാപാര സ്ഥാപനത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് പട്ടാമ്പി പൊലീസ് മുഹമ്മദ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ ആഷിഖിനെക്കുറിച്ചുള്ള അന്വേഷണമാണ് തേഞ്ഞുമാഞ്ഞു പോകുമായിരുന്ന കൊലപാതകത്തിന്റെ മറനീക്കിയത്. നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളായിരുന്നു ഇരുവരും. ഫിറോസ് വിദേശത്തേക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലെത്തിച്ചത്. കേസുകൾ ഒറ്റക്ക് നടത്തേണ്ടി വരുമെന്ന ആഷിഖിൻെറ ആശങ്കയാണ് തർക്കത്തിന് ഇടയാക്കിയത്. ആഷിഖ് തന്നെ ആക്രമിക്കാൻ എടുത്ത കത്തി പിടിച്ചുവാങ്ങി ആഷിഖിനെ കുത്തുകയായിരുന്നെന്നാണ് ഫിറോസ് പൊലീസിന് നൽകിയ മൊഴി.
കത്തി കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. മൃതദേഹം ആഷിഖിന്റേതുതന്നെയെന്ന് ഉറപ്പുവരുത്താൻ ഡി.എൻ.എ പരിശോധന നടത്താൻ നടപടി ആരംഭിച്ചു. മുഹമ്മദ് ഫിറോസിനെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.