ബംഗളൂരു: ബംഗളൂരുവിൽ കാമുകിയുടെ സഹോദരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 40കാരനും സുഹൃത്തുക്കളും അറസ്റ്റിൽ. കാമുകി ഉപേക്ഷിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു തട്ടിക്കൊണ്ടുപോകൽ. 40കാരനായ ശ്രീനിവാസിനെ സഹായിച്ച സുഹൃത്തുക്കളായ അഞ്ചുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
യുവതിയുടെ സഹോദരനായ വെങ്കിടേഷിനെ ആന്ധ്രയിലെ പാലാമനേറിൽ നിന്നും പൊലീസ് രക്ഷപ്പെടുത്തി. ഓട്ടോ ഡ്രൈവറായ ശ്രീനിവാസും 25കാരിയായ യുവതിയും തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. യുവതി ആദ്യ ഭർത്താവുമായി വേർപിരിഞ്ഞതിന് ശേഷം 2021 മേയ് മുതൽ ഇരുവരും ഒരുമിച്ചായിരുന്നു താമസം.
നവംബറോടെ യുവതി ശ്രീനിവാസുമായുള്ള ബന്ധം അവസാനിപ്പിക്കുകയും സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. തിരികെ വരാൻ ശ്രീനിവാസ് ആവശ്യപ്പെട്ടെങ്കിലും യുവതി വിസമ്മതിക്കുകയും ഫോൺ നമ്പർ ഉൾപ്പെടെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതിന്‍റെ പ്രതികാരമായി പ്രതി യുവതിയുടെ സഹോദരനും ബസ് ഡ്രൈവറുമായ വെങ്കിടേഷിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിടുകയായിരുന്നു. കഴിഞ്ഞ ദിവസം കൂട്ടാളികളുമായെത്തിയ ശ്രീനിവാസ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വെങ്കിടേഷിനെ തട്ടിക്കൊണ്ടുപോകുകയും യുവതിയെ വിളിച്ച് തന്നോടൊപ്പം ഒരുമിച്ച് ജീവിക്കാൻ സമ്മതിച്ചാൽ മാത്രമേ സഹോദരനെ വിട്ടയക്കൂയെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.
യുവതി ബൈദരഹളളി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു. വെങ്കിടേഷിനെ ആന്ധ്രയിലെ പാലാമനേറിൽ നിന്നും പൊലീസ് കണ്ടെത്തുകയും ചെയ്തു. ശ്രീനിവാസ് വെങ്കിടേഷിനെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. ശ്രീനിവാസിന്റെ കൂട്ടാളികളായ അഞ്ച് പേരും ഓട്ടോ, ടാക്സി ഡ്രൈവർമാരാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.