കായംകുളം: ഉത്സവ കെട്ടുകാഴ്ച കാണാനെത്തിയ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന പത്താം ക്ലാസ് വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. വള്ളികുന്നം തറയിൽ കുറ്റിയിൽ അരുൺ വരിക്കോലിയെയാണ് (24) തെളിവെടുപ്പിന് എത്തിച്ചത്. കോവിഡാനന്തര ചികിത്സയിലിരുന്ന ഇയാളെ പി.പി. ഇ കിറ്റ് ധരിപ്പിച്ചാണ് സംഭവസ്ഥലത്ത് എത്തിച്ചത്.
വള്ളികുന്നം അമൃത സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന പുത്തൻചന്ത കുറ്റിതെക്കതിൽ അമ്പിളികുമാറിന്റെ മകൻ അഭിമന്യുവിനെയാണ് (15) അരുണിന്റെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തിയത്. പുത്തൻചന്ത മങ്ങാട്ട് കാശിനാഥ് (15), നഗരൂർകുറ്റിയിൽ ആദർശ് (17) എന്നിവർക്കും കുത്തേറ്റിരുന്നു. വള്ളികുന്നം പടയണിവട്ടം ക്ഷേത്രത്തിൽ കഴിഞ്ഞ ഏപ്രിൽ 14ന് രാത്രിയിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് പ്രവർത്തകരായ വള്ളികുന്നം കൊണ്ടോടിമുകൾ പുത്തൻപുരക്കൽ സജയ്ജിത്ത് (21), വള്ളികുന്നം ജ്യോതിഷ് ഭവനിൽ ജിഷ്ണു തമ്പി (26), കണ്ണമ്പള്ളി പടീറ്റതിൽ അരുൺ അച്യുതൻ (21), ഇലിപ്പക്കുളം ഐശ്വര്യയിൽ ആകാശ് പോപ്പി (20), വള്ളികുന്നം പള്ളിവിള ജങ്ഷൻ പ്രസാദം വീട്ടിൽ പ്രണവ് (23), താമരക്കുളം കണ്ണനാകുഴി ഷീജാഭവനത്തിൽ ഉണ്ണികൃഷ്ണൻ (ഉണ്ണിക്കുട്ടൻ-24) എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഇവർക്കെതിരെ കുറ്റപത്രവും കോടതിയിൽ സമർപ്പിച്ചിരുന്നു.
നാലാം പ്രതിയായിരുന്ന അരുൺ വരിക്കോലി (24) ഒളിവിലായതിനാൽ കുറ്റപത്രത്തിൽ ഉൾപ്പെട്ടിരുന്നില്ല. ഡി.വൈ.എഫ്.ഐക്കാരോട് ആർ.എസ്.എസ് അനുഭാവികൾക്കുണ്ടായ ശത്രുതയാണ് കൊലപാതകത്തിന് കാരണമായതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. അഭിമന്യുവിന്റെ സഹോദരനും ഡി.വൈ.എഫ്.ഐ മേഖല ഭാരവാഹിയുമായ അനന്തുവിനോടുള്ള ശത്രുതയും കൊലപാതകത്തിന് വഴിതെളിച്ചതായി പൊലീസ് പറയുന്നു. കൊലപാതകം, കൊലപാതകശ്രമം, അന്യായമായ സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത 262 പേജുള്ള നേരത്തേ നൽകിയ കുറ്റപത്രത്തിൽ 114 സാക്ഷികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് കോടതിയിൽ കീഴടങ്ങിയ അരുണിനെ ഉൾപ്പെടുത്തി പുതിയ കുറ്റപത്രം തയാറാക്കുന്നതിന്റെ ഭാഗമായാണ് തെളിവെടുത്തത്. സ്റ്റേഷൻ ഹൗസ് ഓഫിസർ എം.എം. ഇഗ്നേഷ്യസ്, എസ്.ഐ അൻവർ സാദത്ത്, എ.എസ്.ഐ നിസാം, സിവിൽ പൊലീസ് ഓഫിസർ ജയന്തി എന്നിവരാണ് തെളിവെടുപ്പിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.