നജ്​റുൽ ഹഖിന്‍റെ പുറത്തെ​ മർദനമേറ്റ പാടുകൾ

അധിക ബിരിയാണി ചോദിച്ച്​ അസം സ്വദേശിയെ ക്രൂരമായി മർദിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ -Video

തൊടുപുഴ: ഭക്ഷണം കഴിക്കാനെത്തിയ മൂന്നംഗസംഘം ഹോട്ടൽ ജീവനക്കാരനായ അന്തർ സംസ്ഥാനത്തൊഴിലാളിയെ ക്രൂരമായി മർദിച്ചു. അസം സ്വദേശി നജ്​റുൽ ഹഖിനാണ്​ (35) മർദനമേറ്റത്​. സംഭവത്തിൽ മൂന്നുപേരെ തൊടുപുഴ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. തൊടുപുഴ മങ്ങാട്ടുകവലയിലെ മുബാറക്​ ഹോട്ടലിൽ ഞായറാഴ്​ച നടന്ന സംഭവം ബുധനാഴ്​ചയാണ്​ പുറത്തറിയുന്നത്​.

തൊടുപുഴ വെളിയത്ത്​ ബിനു (42), അറക്കുളം മുളക്കൽ വിഷ്​ണു (27), കുമാരമംഗലം ചേനക്കരകുന്നേൽ നിബുൻ (32) എന്നിവരാണ്​ അറസ്​റ്റിലായത്​. നരഹത്യ ശ്രമത്തിനാണ്​ കേസെടുത്തത്​. ഭക്ഷണം കഴിച്ചശേഷം വാങ്ങിയ പാർ​സലിൽ കൂടുതൽ അളവ്​ വേണമെന്ന്​ പ്രതികൾ ആവശ്യപ്പെടുകയും ഹോട്ടലുടമ സ്ഥലത്തില്ലാത്തതിനാൽ നൽകാനാവില്ലെന്ന്​ അറിയിച്ച ജീവനക്കാരനെ ക്രൂരമായി മർദിക്കുകയുമായിരുന്നു.

ഇരുമ്പു പോലുള്ള വസ്​തുകൊണ്ട്​ പുറത്തിടിക്കുകയും കടക്കുള്ളിലിട്ട്​ ചവിട്ടുകയും ചെയ്​തതായി ഹോട്ടലുടമ സക്കീർ പറഞ്ഞു. ദേഹമാസകലം മർദന​േമറ്റ പാടുകളുണ്ട്​. ഞായറാഴ്​ചതന്നെ പരാതി നൽകാൻ ഒരുങ്ങിയെങ്കിലും പരാതിപ്പെട്ടാൽ കൊല്ലുമെന്ന്​ പ്രതികൾ ഭീഷണിപ്പെടുത്തിയതായി​ പറഞ്ഞ്​ നജ്​റുൽ ഹഖ്​ പിന്തിരിപ്പിക്കുകയായിരുന്നു എന്നാണ്​ ഹോട്ടലുടമ പറയുന്നത്​. പരിക്ക്​ ഗുരുതരമാ​ണെന്ന്​ സ്ഥിരീകരിച്ച സാഹചര്യത്തിലാണ്​ ബുധനാഴ്​ച പരാതി നൽകുകയും പ്രതികൾക്കെതിരെ കേസെടുക്കുകയും ചെയ്​തത്​.

നജ്​റുൽ ഹഖ്​ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്​. സംഭവം സംബന്ധിച്ച്​ ആശുപത്രിയിൽനിന്നോ ഹോട്ടൽ അധികൃതരിൽനിന്നോ ബുധനാഴ്​ചവരെ വിവരം ലഭിച്ചിരുന്നില്ലെന്ന്​ തൊടുപുഴ പൊലീസ്​ പറഞ്ഞു. പ്രതികളെ സംഭവസ്ഥലത്ത്​ എത്തിച്ച്​ തെളിവെടുത്തു. വ്യാഴാഴ്​ച കോടതിയിൽ ഹാജരാക്കും.


Tags:    
News Summary - Accused arrested for brutally beating Assam native

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.