1. കൊല്ലപ്പെട്ട റിക്സൺ, 2. പ്രതി റോയ് എന്ന വാവച്ചൻ

അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ച് 18കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

തിരുവനന്തപുരം: അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ച് 18കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും. കടക്കാവൂര്‍ അഞ്ചുതെങ്ങ് തെറ്റിമൂല റോയ് നിവാസില്‍ റോയ് എന്ന വാവച്ചനെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം അധികതടവ് അനുഭവിക്കണം. ആറാം അഡീഷനല്‍ ജില്ല ജഡ്ജി കെ. വിഷ്ണുവാണ് പ്രതിയെ ശിക്ഷിച്ചത്.

അഞ്ചുതെങ്ങ് തെറ്റിമൂല സുനാമി കോളനിക്ക് സമീപം ഷാപ്പ് ഹൗസിൽ ഔസേപ്പിന്റെ മകൻ റിക്‌സണെയാണ് പ്രതി കുത്തിക്കൊലപ്പെടുത്തിയത്. 2014 ഏപ്രില്‍ 27നായിരുന്നു സംഭവം. അഞ്ചുതെങ്ങ് കടപ്പുറത്ത് തോണിക്കാവ് യുവശക്തി സ്‌പോര്‍ട്‌സ് ആൻഡ് ആര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ തമിഴ്നാട് ട്രൂപ്പിന്റെ ഗാനമേള നടത്തിയിരുന്നു. ഗാനമേള കഴിഞ്ഞ് മടങ്ങുമ്പോഴാണ് പ്രതി റിക്‌സണെ കുത്തിക്കൊലപ്പെടുത്തിയത്. പ്രതി സമീപത്തെ വീടുകളിലെ സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞ് നോക്കിയതും വനിത ഹോസ്റ്റലിന്റെ മതില്‍ ചാടിക്കടന്ന കാര്യവും റിക്‌സണ്‍ നാട്ടുകാരോട് പറഞ്ഞ് തന്നെ അപമാനിച്ചെന്ന് പറഞ്ഞായിരുന്നു കൊലപാതകം.

റിക്സനോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് തെറ്റിമൂല ഡയാന ഭവനിൽ ടോമിയാണ് കേസിലെ ഏക ദൃക്സാക്ഷി. ഇരുട്ടത്ത് ഒളിഞ്ഞിരുന്ന പ്രതി തെറ്റിമൂല അനാഥ മന്ദിരത്തിന് സമീപം എത്തിയപ്പോൾ റിക്സനെ കുത്തിവീഴ്ത്തുന്നത് കണ്ടെന്ന് ടോമിയും നിലവിളി കേട്ട് സ്ഥലത്തെത്തിയപ്പോൾ റിക്സൺ കുത്തേറ്റ് കിടക്കുന്നതും റോയ് കത്തിയുമായി ഓടുന്നതും കണ്ടെന്ന് അയൽവാസി ശാന്തിയും മൊഴി നൽകിയിരുന്നു.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, ദേവിക മധു, അഖില ലാൽ, എന്നിവർ കോടതിയിൽ ഹാജരായി. കടക്കാവൂർ സി.ഐ ആയിരുന്ന എസ്. ശരീഫ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Tags:    
News Summary - Accused in the case of stabbing young man to death, sentenced to life imprisonment and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.