നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ ചോർന്നുവെന്ന പരാതി, കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ അനു​മതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ അനു​മതി. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ചോർന്നുവെന്ന പരാതിയിലാണ് ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചത്. ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അനുമതി. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ശിരസ്തദാറിനേയും തൊണ്ടിമുതൽ സൂക്ഷിക്കുന്ന ജീവനക്കാരനെയും ചോദ്യം ചെയ്യാം.

2018 ഡിസംബറിലാണ് കോടതിയുടെ കൈവശമായിരുന്നപ്പോളാണ് ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കോടതി ജീവനക്കാരിലേക്ക് എത്തിയത്. വിചാരണ കോടതിയിലെ നിർണായക രേഖകൾ നേരത്തെ ദിലീപിന്റെ ഫോണിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ കോടതിയിലെ ജീവനക്കാരെയും ചോദ്യം ചെയ്യാൻ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ഇക്കാര്യത്തിൽ അന്വേഷണ സംഘത്തോട് കോടതി റിപ്പോർട്ട് തേടിയിരിക്കുകയാണ്. ഇതിനിടെ, ഏത് ദിവസവും ഹാജരാകാമെന്ന് കാണിച്ച് ദിലീപിന്റെ സഹോദരന്‍ അനൂപും ഭാര്യ സഹോദരന്‍ സുരാജും. ക്രൈം ബ്രാഞ്ചിന് മറുപടി നല്‍കി.

അനൂപിന്റെയും സുരാജിന്റെയും ചോദ്യം ചെയ്യല്‍ ഉടന്‍തന്നെ ഉണ്ടാകുമെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്. നേരത്തെ നിരവധി തവണ ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. തുടര്‍ന്ന് നോട്ടീസ് കൊണ്ടുപോയി വീട്ടില്‍ പതിച്ചു. എന്നിട്ടും ഇവര്‍ ഹാജരായിരുന്നില്ല. ക്രൈംബ്രാഞ്ച് തുടര്‍ നടപടികളിലേക്ക് കടക്കാനിരിക്കെയാണ് എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്ന് കാണിച്ച് മറുപടി കത്ത് നല്‍കിയത്.

അതേസമയം കാവ്യയെ ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസങ്ങളിൽ ക്രൈം ബ്രാഞ്ച് ​ശ്രമിച്ചിരുന്നു. വീട്ടില്‍ വെച്ച് ചോദ്യം ചെയ്യണമെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചത്. വിശദമായ ചോദ്യം ചെയ്യലിനാണ് ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നതെന്നാണ് വിവരം. ബാലചന്ദ്രകുമാറിനെ ഉള്‍പ്പടെ വിളിച്ചുവരുത്തി ഇവരെ ഒരുമിച്ച് ചോദ്യം ചെയ്യാനും സാധ്യതതയുണ്ട്. ഇതിനാലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത് നീണ്ടുപോകുന്നത്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം കാവ്യയെ ചോദ്യം ചെയ്യാം എന്നാണ് ക്രൈം ബ്രാഞ്ച് തീരുമാനം. മൂന്നുമാസം കൂടെ തുടരന്വേഷണം വേണ്ടി വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. 

Tags:    
News Summary - Actress assault case: Allow to question court staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.