കൊലപാതക ശേഷം ആൾമാറാട്ടം നടത്തി ജീവിച്ചത് കാൽനൂറ്റാണ്ട്; 'ഡൽഹി കുറുപ്പ്' ഒടുവിൽ പിടിയിൽ

1997 ഫെബ്രുവരിയിലാണ് ഡൽഹിയിലെ ഒാക്‍ല വ്യവസായ മേഖലയിൽ കൂലിപ്പണിക്കാരനായിരുന്ന കിഷൻ ലാലി​നെ രാമു എന്നയാൾ കുത്തിക്കൊന്നത്. ദൃസാക്ഷികൾ ഇല്ലാത്ത ഈ കൊലപാതക കേസി​ലെ പ്രതിയുടെ ഒരു ഫോ​ട്ടോ​ പോലും പൊലീസിന് കിട്ടിയതുമില്ല. ഒടുവിൽ, കാൽ നൂറ്റാണ്ടിന് ശേഷം ഈ കൊലപാതക കേസിലെ പ്രതിയെ വലയിലാക്കിയിരിക്കുകയാണ് ഡൽഹി പൊലീസ്. ​

മരിച്ച കിഷൻ ലാലിന്റെ നാട്ടുകാരൻ തന്നെയായിരുന്ന രാമു സംഭവത്തിന് ശേഷം നാട് വിട്ടതായിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം, ലൈഫ് ഇൻഷ്വറൻസ് ഏജന്റുമാരായി വേഷം മാറി രാമുവിന്റെ ബന്ധുവിനെ സമീപിച്ചാണ് ഡൽഹി പൊലീസ് ആദ്യം കരുക്കൾ നീക്കിയത്. ഇതിന്റെ അടിസ്‍ഥാനത്തിൽ ഉത്തർപ്രദേശിലേക്ക് അന്വേഷണം വ്യാപിപ്പിച്ച പൊലീസ് പ്രതി രാമുവിന്റെ മകൻ ആകാശി​ന്റെ ഫേസ്ബുക്ക് അക്കൗണ്ടും പരിശോധിച്ചു.

അശോക് യാദവ് എന്ന പേരിലാണ് അമ്പതുകാരനായ രാമു ഒളിച്ചുകഴിയുന്നതെന്ന് പൊലീസ് മനസിലാക്കി. ഏറെ നാളായി പിതാവുമായി ബന്ധമി​ല്ലെന്നും യു.പി ലഖ്നോയിലെ ജാനകിപുരത്ത് ഇ റിക്ഷ ഓടിക്കുകയാണ് പിതാവെന്ന് അറിയാമെന്നും ആകാശ് ചോദ്യം ചെയ്യലിൽ പറഞ്ഞു. ഇ റിക്ഷ കമ്പനിയുടെ ഏജന്റായാണ് പൊലീസ് അശോക് യാദവ് എന്ന രാമുവിനെ സമീപിച്ചത്.

അശോക് യാദവ് തന്നെയാണ് രാമു എന്ന് ഉറപ്പുവരുത്തിയ ശേഷം ഈ മാസം 14നാണ് ഇയാളെ പിടികൂടിയത്. പണത്തിന് വേണ്ടിയായിരുന്നു ​കൊലയെന്ന് രാമു മൊഴി നൽകി. അശോക് യാദവ് എന്ന പേരിൽ ആധാർ കാർഡുൾ​പ്പെടെ തിരിച്ചറിയൽ രേഖകൾ രാമു സ്വന്തമാക്കിയിരുന്നു.

കൊല്ലപ്പെട്ട കിഷൻ ലാലിന്റെ ഭാര്യ സു​നിതയാണ് രാമുവിന്റെ കുടുംബത്തെ പിന്തുടരാനും അയാളെ പിടികൂടാനും പൊലീസിനെ സഹായിച്ചത്.  ഒടുവിൽ, പൊലിസ് പിടികൂടിയ രാമുവിനെ ലഖ്നോവിലെത്തി സുനിത തിരിച്ചറിഞ്ഞു. കിഷൻലാൽ മരിക്കുമ്പോൾ ഗർഭിണിയായിരുന്ന സുനിതക്ക് ഒന്നര വയസുള്ള ഒരു കുഞ്ഞുമുണ്ടായിരുന്നു.  

Tags:    
News Summary - After 25 years Delhi Police caught the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.