കല്പറ്റ: വരദൂര്‍ കൊല്ലിവയല്‍ അക്ഷയകുമാറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭാര്യയും കുടുംബാംഗങ്ങളും വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. അക്ഷയ്കുമാറിനെ ചിലര്‍ ആസൂത്രിതമായി അപായപ്പടുത്തുകയായിരുന്നുവെന്നു സംശയിക്കുന്നതായി അവര്‍ പറഞ്ഞു. വരദൂര്‍ സ്കൂളിലെ പാചകത്തൊഴിലാളിയായ അക്ഷയകുമാര്‍ സെപ്റ്റംബര്‍ 10ന് ഉച്ചകഴിഞ്ഞാണ് മരിച്ചത്.
വരദൂര്‍ പുഴയില്‍ മുങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുളിക്കുന്നതിനിടെ ചുഴിയില്‍ അകപ്പെടുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവരുടെ മൊഴി. മുങ്ങി മരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, അക്ഷയകുമാര്‍ കുളിക്കുന്നതിനിടെ അപകടത്തില്പെട്ടുവെന്ന് കരുതാവുന്ന വിധത്തിലല്ല സാഹചര്യത്തെളിവുകള്‍. പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാല്‍വഴുതിവീണു എന്നു പറയുന്ന ഭാഗത്ത് മുങ്ങി മരിക്കാന്‍ മാത്രമുള്ള വെള്ളമില്ല. അക്ഷയകുമാറിന്റെ മൃതദേഹത്തിലുണ്ടായിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നു 20 ലോട്ടറി ടിക്കറ്റും 550 രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഷര്‍ട്ട് അഴിക്കാതെയും ലോട്ടറി ടിക്കറ്റും പണവും കരയില്‍ വക്കാതെയും കുളിക്കാനിറങ്ങിയെന്ന് കരുതാനാവില്ല. മൂന്നു പേരാണ് അക്ഷയകുമാറിന് ഒപ്പമുണ്ടായിരുന്നത്. നീന്തൽ അറിയാവുന്ന ഇവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതായി സൂചനയില്ല. അക്ഷയ് കുമാറിനും നീന്തൽ അറിയാമായിരുന്നു. അക്ഷയ്കുമാർ പുഴയിൽ പോയി കുളിക്കുന്ന പതിവില്ല. കൂടെയുണ്ടായിരുന്ന മൂന്നു പേരും അക്ഷയകുമാറിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്തില്ല. അക്ഷയകുമാര്‍ അമിതമായി മദ്യപിച്ചിരുന്നതായാണ് ഇവരില്‍ ഒരാള്‍ പൊലീസിനു മൊഴി നല്‍കിയത്. അമിതമായി മദ്യപിച്ച അവസ്ഥയിലുള്ള ഒരാളെ എന്തിന് പുഴയിലേക്കു കൊണ്ടുപോയി എന്നത് സംശയാസ്പദമാണെന്നും ഇവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഭാര്യ ശ്രീപദ്മ, ബന്ധുക്കളായ സനത്കുമാര്‍, അജിത്ത്കുമാര്‍, വിജിഷ, പൊതുപ്രവര്ത്തകന് ഡി. വെങ്കിടേഷ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.