വയനാട് അമ്പലവയൽ കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട മുഹമ്മദിന്‍റെ ഭാര്യ സക്കീന. 68കാരനായ മുഹമ്മദിനെ കൊന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളല്ലെന്നും തന്‍റെ സഹോദരനാണെന്നും അവർ പറഞ്ഞതായി മീഡിയ വൺ റിപ്പോർട്ട് ചെയ്തു.
യഥാർഥ കൊലയാളികളെ രക്ഷപ്പെടുത്താൻ പെൺകുട്ടികളെയും അവരുടെ മാതാവിനെയും കരുവാക്കുകയാണെന്നും സക്കീന പറഞ്ഞു. ഇപ്പോൾ പ്രതികളാക്കിയ പെൺകുട്ടികൾക്ക് മുഹമ്മദിനെ കൊല്ലാനാകില്ലെന്നും ആ പെൺകുട്ടിളെ സംരക്ഷിച്ചത് അദ്ദേഹമായിരുന്നെന്നും അവർ പറഞ്ഞു.
വയനാട് അമ്പലവയൽ ആയിരംകൊല്ലിയിൽ മാതാവിനെ അക്രമിക്കാന്‍ ശ്രമിച്ചയാളെ പെണ്‍മക്കള്‍ കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരം. മുഹമ്മദ് (68) എന്നയാളാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ പൊലിസില്‍ കീഴടങ്ങിയിരുന്നു. ഇവരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും അവരുടെ മാതാവിനെ പൊലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
അമ്മയെ മുഹമ്മദ് ഉപദ്രവിച്ചപ്പോഴുണ്ടായ പിടിവലിക്കിടെ സമീപത്തുണ്ടായിരുന്ന കോടാലി കൊണ്ട് പെണ്‍കുട്ടികള്‍ തലക്കടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. വലതുകാലിന്‍റെ കാല്‍മുട്ടിന് താഴെ മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുറിച്ചുമാറ്റപ്പെട്ട കാലിന്‍റെ ഭാഗം അമ്പലവയലിലെ ആശുപത്രിക്കുന്ന് പരിസരത്തുനിന്നാണ് കണ്ടെത്തിയത്. മൃതദേഹവും സംഭവം സ്ഥലത്തു നിന്ന് അകലെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു.
കാൽ മുറിച്ചു മാറ്റാനും മൃതദേഹം ദൂരെ ഉപേക്ഷിക്കാനുമൊന്നും പെൺകുട്ടികൾക്കാകില്ലെന്നാണ് സക്കീന ചൂണ്ടികാണിക്കുന്നത്. തന്‍റെ സഹോദരനിൽ നിന്നും ഭർത്താവ് മുഹമ്മദിന് ഭീഷണി ഉണ്ടായിരുന്നെന്നും അവർ പറഞ്ഞു. സഹോദരന്‍റെ ആദ്യ ഭാര്യയും പെൺമക്കളുമാണ് കൊലപാതകത്തിൽ പ്രതികളായി പൊലീസിൽ കീഴടങ്ങിയത്. ഇവരെ സഹോദരൻ ഉപേക്ഷിച്ചപ്പോൾ സംരക്ഷിച്ചത് മുഹമ്മദായിരുന്നെന്നും സക്കീന പറഞ്ഞു.
സഹോദരന്‍റെ ആദ്യ ഭാര്യയെയും മക്കളെയും മുഹമ്മദ് സംരക്ഷിക്കുന്നതിനെ ചൊല്ലി സഹോദരനും മുഹമ്മദും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും സക്കീന പറഞ്ഞു. കാഴ്ചശേഷിയും ആരോഗ്യവും ക്ഷയിച്ച തന്‍റെ ഭർത്താവിന് ആരെയും ഉപദ്രവിക്കാനാകില്ലെന്നും സഹോദരൻ അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്നും സക്കീന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.