ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്ത തിമിംഗില ഛർദി

ബംഗളൂരുവിൽ 80 കോടിയുടെ തിമിംഗല ഛർദിയുമായി അഞ്ചു പേർ പിടിയിൽ

ബംഗളൂരു: ബംഗളൂരുവിൽ 80 കോടിയോളം രൂപ വിലമതിക്കുന്ന ആംബർഗ്രിസ് എന്ന തിമിംഗല ഛർദിയുമായി അഞ്ചുപേർ പിടിയിലായി. ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നഗരത്തിലെ ഗോഡൗണിൽ നടത്തിയ റെയ്​ഡിലാണ് 80 കിലോയുടെ തിമിംഗല ഛർദി പിടിച്ചെടുത്തത്. സംഭവത്തിൽ ബംഗളൂരു സ്വദേശികളായ മുജീബ് പാഷ (48), മുന്ന (മുഹമ്മദ് -45), ഗുദ്ദു (ഗുലാബ് ചന്ദ് -40), സന്തോഷ് (31), റായ്ച്ചൂര്‍ സ്വദേശി ജഗന്നാഥ ആചാര്‍ (52) എന്നിവരാണ് അറസ്​റ്റിലായത്.

രാജ്യാന്തര സുഗന്ധ ലേപന വിപണിയിൽ 80 കിലോഗ്രാം ആംബർഗ്രിസിന് 80 കോടിയോളം വിലയുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. ഗോഡൗണിൽ ഒളിപ്പിച്ചുവെച്ച തിമിംഗല ഛർദി വിദേശത്തേക്ക് കടത്താനുള്ള നീക്കത്തിനിടെയാണ് പൊലീസ് പിടിയിലാകുന്നത്. കര്‍ണാടകത്തില്‍ ഇത്രയും വലിയ തിമിംഗല ഛർദി വേട്ട ആദ്യമായിട്ടാണെന്ന് ബംഗളൂരു സിറ്റി പൊലീസ് (ക്രൈം) ജോയൻറ് കമീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. ഇവിടെ തിമിംഗല ഛർദി സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സി.സി.ബി ഉദ്യോഗസ്ഥര്‍ ബംഗളൂരുവിലെ ഗോഡൗണില്‍ റെയ്​ഡ് നടത്തിയത്.

കേന്ദ്ര വനം -പരിസ്ഥിതി വകുപ്പു നിയമപ്രകാരം തിമിംഗല ഛർദി കൈവശം വെക്കുന്നതും വ്യാപാരം നടത്തുന്നതും രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. ഔഷധങ്ങളും സുഗന്ധദ്രവ്യങ്ങളും നിര്‍മിക്കാനാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം കുടക് ജില്ലയിലെ കുശാല്‍നഗറില്‍ എട്ടുകോടി രൂപ വിലമതിക്കുന്ന തിമിംഗല ഛർദിയുമായി കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ നാലുപേർ അറസ്​റ്റിലായിരുന്നു.

കഴിഞ്ഞ ജൂണില്‍ ബംഗളൂരുവില്‍ എട്ടു കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛർദി പിടിച്ചെടുത്തിരുന്നു. എണ്ണ തിമിംഗലങ്ങളുടെ കുടലിൽ ദഹനപ്രക്രിയയുമായി ബന്ധപ്പെട്ട് നടക്കുന്ന ചില പ്രവർത്തനങ്ങളുടെ ഫലമായി രൂപംകൊള്ളുന്ന  ഉൽപന്നമാണിത്.


Tags:    
News Summary - ambergis ceased in bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.