കാഞ്ഞങ്ങാട്: ഓൺലൈൻവഴി ബാങ്കിൽനിന്നും അമ്പത് ലക്ഷം രൂപ വായ്പ ശരിയാക്കി ത്തരാമെന്ന് വിശ്വസിപ്പിച്ച് 4,50,000 രൂപ തട്ടിയെടുത്ത കേസിൽ ഐ.ടി.വിദഗ്ധനെ മുംബൈയിൽ ഹോസ്ദുർഗ് പൊലീസ് പിടികൂടി. മലപ്പുറം പാണ്ടിക്കാട് സ്വദേശി രാഹുലിനെ (28)യാണ് ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ കെ.പി. ഷൈനിന്റെ നേതൃത്വത്തിൽ എസ്.ഐ.മോഹനൻ, എ.എസ്, ഐ.ജോസഫ്, സിനീയർ സിവിൽ ഓഫിസർമാരായ ഷൈജു, രജീഷ് കൊടക്കാട് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
പുല്ലുർ സ്വദേശിയായ ഗിരീഷിനാണ് പണം നഷ്ടപ്പെട്ടത്. മുംബൈയിൽ പ്രവർത്തിക്കുന്ന യുവാവ് ഓറിയന്റൽ ബാങ്കിൽനിന്നും ലോൺ വാഗ്ദാനം നൽകി മൊബൈൽ ഫോണിൽ ഓൺലൈൻ ലിങ്ക് അയച്ചു കൊടുത്താണ് തട്ടിപ്പ് നടത്തിയത്. 2020ൽ കോവിഡ് കാലത്തായിരുന്നു തട്ടിപ്പ്. അമ്പതുലക്ഷം രൂപ വായ്പ ശരിയാക്കിത്തരാൻ പ്രോസസിങ് ചാർജായി നാല് ലക്ഷം രൂപ ആവശ്യപ്പെട്ട് വാങ്ങുകയും പിന്നീട് 50,000 രൂപയും കൂടി ബാങ്ക് അക്കൗണ്ടിൽനിന്നും തട്ടിയെടുക്കുകയുമായിരുന്നു. വായ്പയോ കൊടുത്ത പണമോ തിരിച്ച് ലഭിക്കാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്. ഇത്തരത്തിൽ നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റിലായ പ്രതിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.